ദോഹ: 2021 ഫെബ്രുവരി ഒന്നുമുതൽ 11 വരെ ഖത്തറിൽ നടക്കുന്ന 2020 ഫിഫ ക്ലബ് ലോകകപ്പിെൻറ മത്സര തീയതിയും വേദികളും പ്രഖ്യാപിച്ചതോടെ ലോകം വീണ്ടും കാൽപന്ത് ആരവത്തിലേക്ക്. കോവിഡ്-19 കാരണമാണ് ഫിഫ ക്ലബ് ലോകകപ്പ് 2021ലേക്ക് മാറ്റിയത്. ആറ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ചാമ്പ്യൻ ടീമുകളും ആതിഥേയ ടീമുമാണ് പങ്കെടുക്കുന്നത്. ലോകകപ്പിനായി നിർമാണം പൂർത്തിയായ മൂന്ന് സ്റ്റേഡിയങ്ങളും വേദിയാകും. ദേശീയദിനത്തിൽ അമീർ ഉദ്ഘാടനം ചെയ്ത അൽ റയ്യാൻ (അഹ്മദ് ബിൻ അലി സ്റ്റേഡിയം), എജുക്കേഷൻ സിറ്റി, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയാണ് ക്ലബ് ലോകകപ്പിനായി വേദിയാകുന്ന സ് റ്റേഡിയങ്ങൾ. ഖത്തരി ചാമ്പ്യന്മാരായ അൽ ദുഹൈൽ ക്ലബും ന്യൂസിലൻഡിൽനിന്നുള്ള ഓക്ലൻഡ് സിറ്റിയും തമ്മിൽ മാറ്റുരക്കുന്ന ഉദ്ഘാടന മത്സരം 2021 ഫെബ്രുവരി ഒന്നിന് റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. പ്രാദേശിക സമയം വൈകീട്ട് 8.30നാണ് കിക്കോഫ്. ഫെബ്രുവരി 11ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. രാത്രി ഒമ്പതിനാണ് ഫൈനൽ മത്സരത്തിന് കിക്കോഫ് വിസിൽ. ടൂർണമെൻറിെൻറ പൂർണ മത്സരക്രമം അടുത്ത വർഷം ജനുവരിയിൽ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ മാത്രമേ അറിയാനാകു. ഫിഫ ക്ലബ് ലോകകപ്പിന് തുടർച്ചയായ രണ്ടാം തവണയും ആതിഥ്യം വഹിക്കുന്നതിലൂടെ ലോകകപ്പിനുള്ള കൂടുതൽ തയാറെടുപ്പുകൾ നടത്താനാകുമെന്നും അതോടൊപ്പം 2019ലെ ടൂർണമെൻറിൽ നിന്നും ലഭിച്ച പുതിയ അറിവുകൾ പ്രായോഗികമാക്കാനാകുമെന്നും ഫിഫ ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ രാജ്യം ആതിഥ്യമരുളാനിരിക്കുന്ന മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും പ്രഥമ ലോകകപ്പ് കൂടുതൽ മികവുറ്റതാക്കാൻ ക്ലബ് ലോക ടൂർണമെൻറ് സഹായമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ മാസങ്ങളിൽ പ്രാദേശിക, അന്തർദേശീയ ടൂർണമെൻറുകൾക്ക് രാജ്യം സാക്ഷ്യംവഹിച്ചു. കളിക്കാരുടെയും ജീവനക്കാരുടെയും കാണികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നമ്മൾ അഹോരാത്രം പണിയെടുത്തതായും പുതുവർഷത്തിൽ ലോകത്തിലെ മികച്ച ക്ലബുകളെയാണ് നാം കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പ് കലാശപ്പോരാട്ടത്തിെൻറ കൃത്യം രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട അൽറയ്യാൻ സ്റ്റേഡിയത്തിൽ 40000 പേരെ ഉൾക്കൊള്ളാനാകും. മരുഭൂമിയിലെ വജ്രം എന്നറിയപ്പെടുന്ന എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും ലോകകപ്പിനായി ആദ്യം ഉദ്ഘാടനം ചെയ്യപ്പെട്ട ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും 40000 പേർക്കാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്. 2019ലെ ഫിഫ ക്ലബ് ലോകകപ്പിെൻറ കലാശപ്പോരാട്ട വേദി കൂടിയായിരുന്നു ഖലീഫ സ്റ്റേഡിയം.
കഴിഞ്ഞ ലോക ക്ലബ് ഫുട്ബാൾ കുറ്റമറ്റ രീതിയിലാണ് ഖത്തർ നടത്തിയത്. കിരീടം നേടിയത് ലിവർപൂളായിരുന്നു. ബ്രസീലിയൻ ക്ലബ് െഫ്ലമിങ്ഗോയെയാണ് കലാശപ്പോരിൽ നേരിട്ടത്. ഹിൻഗിൻ സ്പോര്‍ട്സ് ക്ലബ് (ന്യൂ കാലിഡോണിയ ഓഷ്യാന), അല്‍ സദ്ദ് (ഖത്തര്‍ ആതിഥേയർ), ലിവര്‍പൂള്‍ (ഇംഗ്ലണ്ട് -യൂറോപ്), സി.എഫ് മൊണ്ടെറേ (മെക്സിക്കോ -വടക്കന്‍ മധ്യ അമേരിക്ക കരീബിയ), ഇ.എസ് തുനീസ് (ടുനീഷ്യ -ആഫ്രിക്ക), അല്‍ ഹിലാല്‍ എസ്.എഫ്.സി (സൗദി അറേബ്യ-ഏഷ്യ), സി.ആര് ഫ്ലമിംഗോ (ബ്രസീൽ-തെക്കേ അമേരിക്ക) എന്നീ ഏഴ് ക്ലബുകളാണ് കഴിഞ്ഞ തവണ ടൂർണമെൻറിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.