ഖത്തറിലെ ഇന്ത്യക്കാരെ സ്വാധീനിച്ച വനിതകൾ ആരാണ്?. ഉത്തരം കണ്ടെത്തൽ ഏറെ പ്രയാസമാവും. വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം പ്രകടിപ്പിച്ചാണ് പലരും മനസ്സുകളിൽ ഇടം പിടിച്ചത്. അവരിൽ ഒരു വിഭാഗമാണ് സാമൂഹിക മാധ്യമങ്ങൾ വഴിയും സ്റ്റേജുകൾ വഴിയും പ്രവാസി മനസ്സിൽ ഇടം നേടിയ വനിതകൾ.
'ഗൾഫ് മാധ്യമം-ഷി ക്യൂ' പുരസ്കാര പട്ടികയിൽ സോഷ്യൽ ഇൻഫ്ലുവൻസർ എന്ന നിലയിൽ ശ്രദ്ധേയമായ മൂന്നു പേരെ പരിചയപ്പെടാം
ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കുവേണ്ടി സ്മിത ദീപു നടത്തിയ ഇടപെടലുകൾ എളുപ്പത്തിലൊന്നും വിസ്മരിക്കാനാവില്ല. നഴ്സുമാരെയും പ്രവാസികളെയും ആക്ഷേപിക്കുംവിധം ഒരു കേന്ദ്രത്തിൽനിന്നും ഉയർന്ന വർഗീയ പരാമർശം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനാകെ അപമാനമായപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആർജവത്തോടെ ഇവർ പങ്കുവെച്ച കുറിപ്പ് ഈ മണ്ണിലെ ലക്ഷങ്ങൾ പറയാൻ കൊതിച്ച വാക്കുകളായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ സ്മിതയുടെ വാക്കുകൾ കേരളത്തിലും ഖത്തറിലെ മലയാളി സമൂഹങ്ങൾക്കിടയിലും പ്രചരിച്ചു. സംസ്ഥാന മുഖ്യമന്ത്രിയും പൊലീസ് മേധാവികളും ഖത്തറിലെ എംബസി ഉദ്യോഗസ്ഥരും വരെ വിഷയത്തിൽ ഇടപെട്ട്, വിദ്വേഷങ്ങൾ പടർത്തിയ വ്യക്തിക്കെതിരെ നടപടിയും സ്വീകരിച്ചു.
നഴ്സ് എന്ന നിലയിലെ ഔദ്യോഗിക കൃത്യനിർവഹണത്തിനൊപ്പം സ്മിത ദീപു നടത്തുന്ന ഇടപെടലുകളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ഈ സംഭവം. ഡൽഹിയിൽ നഴ്സിങ് പഠനം പൂർത്തിയാക്കി, രാജ്യ തലസ്ഥാനത്തെ പ്രശസ്തമായ സഫ്ദർജങ് ആശുപത്രി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായി 2009ലാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്. ഹമദിൽ വിവിധ കേന്ദ്രങ്ങളിൽ ജോലി ചെയ്ത് ഒടുവിലിപ്പോൾ പേഷ്യന്‍റ് ഫാമിലി എജുക്കേഷനിൽ പ്രവർത്തിക്കുന്നു.
എട്ടു മണിക്കൂർ നഴ്സിങ് ജോലിക്കുശേഷമാണ് പൊതു പ്രവർത്തനരംഗത്ത് സാന്നിധ്യമാവുന്നത്. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീഖ് വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ കൾചറൽ വിങ്ങിന്‍റെയും സോഷ്യൽ മീഡിയയുടെയും ചുമതലയാണ് സ്മിത വഹിക്കുന്നത്. ഈ രണ്ട് റോളിലും തന്‍റെ ജോലി ഭംഗിയായി പൂർത്തിയാക്കുന്നു എന്നതാണ് മിടുക്ക്. ജോലി സമ്മർദങ്ങൾക്കും തിരക്കിനുമിടയിൽ വിനോദ നിമിഷങ്ങൾ നഷ്ടമാവുന്ന അംഗങ്ങൾക്ക് കലാസാംസ്കാരിക വേദികൾ ഒരുക്കുകയായിരുന്നു കൾചറൽ വിങ് ലീഡർ എന്ന നിലയിലെ ഉത്തരവാദിത്തം. വിവിധ പരിപാടികൾ സംഘടിപ്പിച്ച് നഴ്സുമാർക്കും അവരുടെ മക്കൾക്കുമെല്ലാം വിനോദങ്ങളുടെ പുതുവഴികൾ തുറന്നിടാൻ അവസരമൊരുക്കി. സമൂഹ മാധ്യമങ്ങളിലെ ഇടപെടലിലൂടെ പ്രവാസി നഴ്സുമാരുടെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും അവർക്കായി സംസാരിക്കുകയും ചെയ്തു. പ്രശ്നങ്ങളും വിഷമങ്ങളും കേൾക്കാനും ഉപദേശങ്ങൾ നൽകാനുമെല്ലാം സമയംകണ്ടെത്തി മികച്ച കൗൺസലറുടെ റോളും വഹിച്ചു.
കോവിഡ് കാലത്ത് സ്മിതയും യൂനീഖിലെ സഹപ്രവർത്തകരും നഴ്സുമാരുടെ ക്ഷേമത്തിനായി നടത്തിയ പല ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ജോലിയിൽ പ്രതിസന്ധി നേരിടുന്നവർക്ക് കരുതലായും, തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലേക്ക് സേവനപ്രവർത്തനങ്ങളുമായി ഇറങ്ങിത്തിരിച്ചും ജോലിക്കൊപ്പം ഇവർ പൊതു സമൂഹത്തിൽ കർമനിരതരായി. ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായി യുനീഖ് നഴ്സസ് സംഘടന തന്നെയാണ് സ്മിതയെ 'ഷി ക്യൂ' പുരസ്കാരത്തിനായി നാമനിർദേശം ചെയ്യുന്നത്. ഇടുക്കി അടിമാലിയാണ് സ്വദേശം. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ദീപു ശിവൻ ഭർത്താവാണ്. വിദ്യാർഥികളായ കാശ്മീര ദീപു, സമീര ദീപു എന്നിവർ മക്കളും.
ഇംഗ്ലീഷിലും മലയാളത്തിലും വാക്കുകൾകൊണ്ട് അമ്മാനമാടി മഞ്ജു മനോജ് ഖത്തറിലെ വേദികൾ കീഴടക്കി കൈയടിനേടുന്നത് ഇന്നൊരു പതിവുകാഴ്ചയാണ്. സൂപ്പർ താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളും കായിക മത്സരങ്ങളും കമ്യൂണിറ്റി പരിപാടികളുംതൊട്ട് വേദി ഏതായായും മഞ്ജുവിന്‍റെ മുഴക്കമുള്ള ശബ്ദവും അവതാരക സാന്നിധ്യവുമുണ്ടാവും. ശ്രദ്ധേയ ആങ്കർ എന്ന നിലയിലെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ സഭാകമ്പം മൂലം സ്റ്റേജിൽ കയറി രണ്ടു വാക്കുപറയാൻ മടിച്ചുനിന്നൊരു പത്താം ക്ലാസുകാരിയും തന്നിലുണ്ടായിരുന്നുവെന്ന് മഞ്ജു ഓർക്കുന്നു. വേദികളിൽനിന്ന് വിട്ടൊഴിഞ്ഞും നാലാൾ കൂടുന്നിടത്ത് സംസാരിക്കാൻ മടിച്ചും മാറിനിന്ന ഇവരെ വേദികളിലെ ശക്തയായ അവതാരകയാക്കി മാറ്റിയത് ഖത്തറിലെ വിവിധ മലയാളി സംഘടനകളാണ്.
എന്നാൽ, ആങ്കർ എന്ന കരിയറിന്‍റെ തുടക്കം എവിടെയെന്ന് ചോദിച്ചാൽ അതിനുമുണ്ടൊരു കൗതുകം. 2012ലെ ഓണക്കാലത്ത് ഭർത്താവ് മനോജ് ജോലി ചെയ്യുന്ന ബെൽജിയം കമ്പനിയിൽ നടന്ന ആഘോഷ പരിപാടിയുടെ അവതാരക എന്ന നിലയിലായിരുന്നു അരങ്ങേറ്റം. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ നിറഞ്ഞ സദസ്സിൽ മലയാളിയുടെ ആഘോഷമായ ഓണത്തെ പരിചയപ്പെടുത്തുകയായിരുന്നു ആദ്യ ദൗത്യം. ആത്മവിശ്വാസം കൈമുതലാക്കി മൈക്കും കൈയിലെടുത്ത് ഹരിശ്രീ കുറിച്ചു. ഓണ വിശേഷങ്ങൾ പറഞ്ഞുള്ള തുടക്കം പിഴച്ചില്ല. വേദികളിൽനിന്ന് വേദികളിലേക്ക് സഞ്ചാരമായി. വിവിധ പ്രവാസി സംഘടനകൾ വൈവിധ്യമാർന്ന പരിപാടികളോടെ രംഗത്തെത്തിയപ്പോൾ, അവതാരകയുടെ റോളിൽ മഞ്ജുവിന്‍റെ സാന്നിധ്യം അനിവാര്യമായി. ചെറിയ ചടങ്ങുകളിലെ പ്രകടനം, ഖത്തറിലെത്തുന്ന പ്രമുഖരായ അതിഥികളുടെ വേദികളിലേക്കും വഴിയൊരുക്കി. ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണൻ, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മുതൽ നിരവധി നടീനടന്മാരുടെ വേദികളിലും വർണാഭമായ അവതാരകയായി മഞ്ജു തിളങ്ങി.
വേദിയിൽ തലയെടുപ്പോടെ തിളങ്ങുന്ന അവതാരകരെയാണ് എല്ലാവരും കാണുന്നത്. എന്നാൽ, സംഘാടകരുടെ അത്യധ്വാനവും മുഖ്യാതിഥിയുടെ വലുപ്പവും പരിപാടിയുടെ വർണഭംഗിയുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ സദസ്സിനെ ബോധ്യപ്പെടുത്തുകയെന്ന വലിയ തയാറെടുപ്പുമായാണ് ഓരോ സ്റ്റേജിലും കയറുന്നതെന്ന് മഞ്ജു പറയുന്നു. അതിഥിയെക്കുറിച്ച് പഠിച്ച്, മനോഹരമായ ഭാഷയിൽ അവരെ പരിചയപ്പെടുത്താനുള്ള തയാറെടുപ്പുകളുമായാണ് വേദികളിൽനിന്നും വേദികളിലേക്ക് ഇവരെത്തുന്നത്.
കോവിഡ് കാലത്ത് പൊതുപരിപാടികളെല്ലാം മുടങ്ങിയെങ്കിലും ഖത്തറിനുപുറമെ, ഇന്ത്യയിലും ദുബൈയിലും ഓൺലൈൻ പരിപാടികളുടെയും അവതാരകയായും ശ്രദ്ധ നേടി. ജോലിത്തിരക്കിനിടയിലാണ്, ഹോബിയെന്നോണം കൊണ്ടുനടക്കുന്ന ഈ ആങ്കറിങ് വേഷവും കൈകാര്യംചെയ്യുന്നത്. 2013 മുതൽ 2021 വരെ ഹമദിൽ ജോലിചെയ്ത ശേഷം, 2021 മുതൽ ഖത്തർ ലൈഫ് ആൻഡ് മെഡിക്കൽ ഇൻഷുറൻസ് കമ്പനിയിൽ ബി.ഡി.എം ആയി ജോലി ചെയ്യുന്നു. റേഡിയോ ജോക്കി, ടി.വി ആങ്കർ എന്നീ നിലകളിലും ഇടക്കാലത്ത് പ്രവർത്തിച്ചു. മക്കൾ ആദിത്രി മനോജും അൻവിത മനോജും സ്കൂൾ വിദ്യാർഥികളാണ്.
ഖത്തറിൽ വിവിധ ദേശക്കാരായ പ്രവാസികൾക്കിടയിൽ റേഡിയോ ജോക്കിയും അവതാരകയും എന്ന നിലയിൽ ഏറെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ഛത്തിസ്ഗഢിലെ റായ്പുർ സ്വദേശിനിയായ അൻഷു ജെയിൻ. ബിരുദം നേടിയ ശേഷമായിരുന്നു ഖത്തറിലേക്കുള്ള വരവും, റേഡിയോ ജോക്കിയും അവതാരകയുമെന്ന നിലയിൽ പുതിയൊരു കരിയർ മേഖല കെട്ടിപ്പടുക്കുന്നതും. 2012ലായിരുന്നു ഖത്തറിലെത്തുന്നത്. 10 വർഷം കൊണ്ട് പ്രവാസി ഇന്ത്യക്കാർക്കും സ്വദേശികൾക്കുമിടയിൽ വേദികളിലെ ശ്രദ്ധേയ സാന്നിധ്യമായി. നിലവിൽ റേഡിയോ മിർച്ചിയുടെ മുൻനിര ജോക്കിമാരിൽ ഒരാളാണ് അൻഷു ജെയിൻ.
ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മാർവാഡി ഭാഷകൾ ഒരേ മികവോടെ പ്രകടിപ്പിക്കാൻ കഴിയുന്നതാണ് ഈ ഇന്ത്യൻ വനിതയെ ഖത്തറിലെ വേദികളിൽ സുപരിചിതമാക്കുന്നത്. അതുവഴി കയറിയ പടവുകളാവട്ടെ സ്വപ്നസമാനവും.
പ്രമുഖർ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളുടെ അവതാരക, റോഡിയോ അഭിമുഖങ്ങൾ, ബ്രാൻഡ് ഷോകളുടെ കോഓഡിനേറ്റർ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് അൻഷു ജെയിനിന്‍റെ കരിയർ. എ.ആർ. റഹ്മാൻ, സോനു നിഗം, അർമാൻ മാലിക് തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ ഇന്ത്യൻ പ്രതിഭകളുടെ ഷോകൾക്ക് ആതിഥേയത്വം വഹിച്ച് പ്രശസ്തയായി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഖത്തറിൽ ചെറുതും വലുതുമായ 250ലേറെ ഷോകളുടെ അവതാരകയാവാൻ കഴിഞ്ഞതായി അൻഷു പറയുന്നു.
ഇതിനു പുറമെയായിരുന്നു കലാകായിക മേഖലകളിൽ നിന്നുള്ളവരുമായി നടത്തിയ അഭിമുഖങ്ങൾ. ഖത്തറിന്‍റെ ഒളിമ്പിക്സ് ചാമ്പ്യൻ മുഅതസ് ബർഷിം, രാജ്യാന്തര ഗോൾഫ് താരം യാസ്മിയൻ അൽ ഷർഷാനി, പാകിസ്താൻ ക്രിക്കറ്റ് താരം സഈദ് അജ്മൽ, ബ്രിട്ടന്‍റെ ദീർഘദൂര ഓട്ടക്കാരൻ മുഹമ്മദ് ഫറാ, പ്രമുഖ ഖത്തരി എഴുത്തുകാരൻ ഡോ. അബ്ദുൽ അഹ്മദ് മാലിക്, വിവിധ രാഷ്ട്രങ്ങളുടെ അംബാസഡർമാർ ഉൾപ്പെടെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ എന്നിങ്ങനെ നീണ്ടുകിടക്കുന്നു അൻഷു ജെയിന്‍റെ തിളക്കമേറിയ കരിയർ.
കോവിഡ് കാലത്ത് എല്ലാവരും പ്രതിസന്ധിയിലായപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായി ആരംഭിച്ച പ്രമുഖരുമായുള്ള സംഭാഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവാർന്ന കരിയർ കെട്ടിപ്പടുത്താണ് ഈ ഛത്തിസ്ഗഢുകാരി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ ഏറെ സ്വാധീനമുള്ള വനിതയായി മാറിയത്. അൻഷുവിന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, മൈക്കിനും കാമറക്കും മുന്നിലെത്തിയാൽ ആ നിമിഷം ഏറെ ആസ്വദിക്കും. വാചാലതക്കൊപ്പം, സദസ്സിനും ഉന്മേഷം പകരുന്ന വാക്കുകളിലൂടെ അൻഷു കളംനിറയും.
തയാറാക്കിയത്:
കെ. ഹുബൈബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.