ദോഹ: കോവിഡ് മഹാമാരിയെ വിജയകരമായി നിയന്ത്രിക്കുന്നതിൽ ഖത്തർ സർക്കാറിന്റെ ആസൂത്രണം നിർണായകമായെന്നും സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണവും കാര്യക്ഷമമായ നടപടികളും കോവിഡിനെ നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിച്ചുവെന്നും ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) വക്താവ് മുഹമ്മദ് നുവൈമി അൽ ഹാജിരി.
അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ നടപടി നീക്കം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്മേലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നടപ്പാക്കിയത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ മേയ് മാസത്തിൽ ചേർന്ന കാബിനറ്റ് യോഗങ്ങളിലെ പ്രധാന തീരുമാനങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് സംബന്ധിച്ച മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കരട് തീരുമാനം സുപ്രധാന ചുവടുവെപ്പാണെന്നും പരിസ്ഥിതി സംരക്ഷണ രംഗത്ത് മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അൽ ഹാജിരി വ്യക്തമാക്കി. ചരക്കുകൾക്കും സേവനങ്ങൾക്കും അനിയന്ത്രിതമായ വില വർധിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള മന്ത്രിസഭയുടെ കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതും മേയ് മാസത്തിലെ കാബിനറ്റ് യോഗങ്ങളിലെ പ്രധാനപ്പെട്ടതാണെന്നും ജി.സി.ഒ വക്താവ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.