ദോഹ: 2019ൽ സർവിസ് ആരംഭിച്ചതിനുശേഷം ദോഹ മെട്രോ യാത്രക്കാരുടെ എണ്ണം 100 ദശലക്ഷം (10 കോടി) കവിഞ്ഞതായി ഖത്തർ റെയിൽ. പൊതുഗതാഗത മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദോഹ മെട്രോ പുലർത്തുന്ന ഉയർന്ന നിലവാരവും വേഗതയും വിശ്വസനീയതയും എല്ലാവർക്കും താങ്ങാൻ കഴിയുന്ന നിരക്കും മെട്രോ തെരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. 2019ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചു. രാജ്യത്തെ പ്രധാന സ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹമദ് രാജ്യാന്തര വിമാനത്താവളം എന്നിവയിലേക്കുള്ള മെട്രോ നെറ്റ്വർക്കിന്റെ കണക്ടിവിറ്റി പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർക്ക് മെട്രോയിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് കാരണമായി.
മെട്രോ യാത്രയിൽ ആദ്യത്തെയും അവസാനത്തെയും മൈലിന്റെ പ്രാധാന്യം ഖത്തർ റെയിൽ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് മെട്രോയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ് എന്നീ സംരംഭങ്ങൾ അവതരിപ്പിച്ചത്. ഖത്തർ റെയിലും ഗതാഗത മന്ത്രാലയവും മുവാസലാത്ത് കമ്പനിയും സംയുക്തമായുള്ള സഹകരണം ഈ സംരംഭങ്ങളുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.
സർവിസ് ആരംഭിച്ചതിനുശേഷം നിരവധി റെക്കോഡുകളാണ് ദോഹ മെട്രോ അടയാളപ്പെടുത്തിയത്. 2019ലെ ദേശീയദിനത്തിൽ 3,33,000 യാത്രക്കാരെ കയറ്റി ഒരു ദിവസം ഏറ്റവും കൂടുതൽ പേർ യാത്രചെയ്തെന്ന നാഴികക്കല്ലാണ് അതിൽ ഒന്നാമത്തേത്. ലോകകപ്പിന്റെ അഞ്ചാം ദിനമായ 2022 നവംബർ 24ന് ദോഹ മെട്രോയിൽ 8,27,000 പേർ യാത്രചെയ്ത് ഈ റെക്കോഡ് ഭേദിക്കപ്പെട്ടു. ദോഹ മെട്രോയുടെ ഹൃദയമെന്നറിയപ്പെടുന്ന മുശൈരിബ് മെട്രോ സ്റ്റേഷൻ വഴി 2022 ഡിസംബർ രണ്ടിന് 4,05,000 യാത്രക്കാരാണ് യാത്ര ചെയ്തത്. 2022 ഡിസംബർ 18ന് ലുസൈലിൽ നടന്ന ഫൈനൽ ദിനത്തിൽ ലുസൈൽ ക്യു.എൻ.ബി സ്റ്റേഷൻ വഴി 2,90,000 പേരാണ് യാത്ര ചെയ്തത്. ലുസൈലിലേക്ക് സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനായി ലെഗ്തെയ്ഫിയ സ്റ്റേഷനെ ലുസൈൽ ട്രാം നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സർവിസ് ആരംഭിച്ചതുമുതൽ അമീർ കപ്പിനായുള്ള നാലു ഫൈനലുകളും ഒമ്പത് പ്രാദേശിക, അന്തർദേശീയ മത്സരങ്ങളുമുൾപ്പെടെ 13 ടൂർണമെൻറുകളുടെയും വിജയത്തിൽ ദോഹ മെട്രോ വലിയ പങ്കാണ് വഹിച്ചത്. 2019ലെ ദേശീയദിനാഘോഷങ്ങൾക്ക് പുറമെ, 24ാമത് അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും വിജയകരമാക്കുന്നതിൽ മെട്രോയുടെ പങ്ക് വലുതായിരുന്നു. 1.2 ദശലക്ഷം യാത്രക്കാരാണ് ഇക്കാലയളവിൽ മാത്രം മെട്രോ വഴി സഞ്ചരിച്ചത്. ഫിഫ ക്ലബ് ലോകകപ്പ്, ആഫ്രിക്കൻ സൂപ്പർ കപ്പ് ഫൈനൽ, ഏഷ്യൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ, അറബ് കപ്പ് യോഗ്യതാ മത്സരങ്ങൾ, ഫിഫ അറബ് കപ്പ് എന്നിവക്ക് 2021 സാക്ഷ്യം വഹിച്ചു.
2022 ലോകകപ്പ് വേളയിൽ സ്റ്റേഡിയത്തിലെത്താൻ 17.4 ദശലക്ഷം ആരാധകരാണ് മെട്രോ സർവിസിനെ ആശ്രയിച്ചത്. സുരക്ഷിതവും ആയാസരഹിതവുമായ യാത്രാനുഭവം പ്രദാനം ചെയ്യാൻ ദോഹ മെട്രോക്ക് കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് ടൂർണമെൻറിന് വിജയകരമായി ആതിഥേയത്വം വഹിക്കുന്നതിൽ മെട്രോ നിർണായക പങ്കാണ് വഹിച്ചത്. 51 ശതമാനത്തിലധികം ആരാധകരും സ്റ്റേഡിയങ്ങളിലേക്കെത്താൻ മെട്രോ സർവിസിനെയാണ് ആശ്രയിച്ചത്. പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം സാധാരണ ശരാശരിയുടെ അഞ്ചു മടങ്ങായിരുന്നു, 300 ശതമാനം വർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.