ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തുറ്റ കളിസംഘമായ മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബിനെ ഏറ്റെടുക്കാനായി രംഗത്തുണ്ടെന്നു സ്ഥിരീകരിച്ച് ഖത്തർ ഇസ്ലാമിക് ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഉടമസ്ഥത നൂറുശതമാനവും ഏറ്റെടുക്കുന്നതിനായി ബിഡ് സമർപ്പിച്ചിട്ടുണ്ടെന്ന് ശൈഖ് ജാസിം സ്ഥിരീകരിച്ചു.
ഉടമസ്ഥത ലേലം വിളിക്കുന്നതിനായി ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ ഫെബ്രുവരി 17നു മുമ്പ് ശൈഖ് ജാസിം നയിക്കുന്ന ‘നയൻ ടു ഫൗണ്ടേഷൻ’വഴി ബിഡ് നൽകിയതായുള്ള ഔദ്യോഗിക സ്ഥിരീകരണം മാധ്യമങ്ങൾ പുറത്തുവിട്ടു.
മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ക്ലബിന്റെ ഉടമസ്ഥത നൂറുശതമാനം ഏറ്റെടുക്കാൻ ബിഡ് സമർപ്പിച്ചതായി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കളത്തിലും പുറത്തും ക്ലബിനെ പ്രതാപത്തിൽ തിരിച്ചെത്തിക്കുകയാണ് ഏറ്റെടുക്കാനുള്ള സന്നദ്ധതയിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാറ്റിലുമുപരിയായി ആരാധകർക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ക്ലബിന്റെ ഹൃദയത്തിൽ ഇടം നേടിക്കൊടുക്കുകയാണ് ഉന്നം. പൂർണമായും ബാധ്യതകൾ വീട്ടി 100 ശതമാനം പങ്കാളിത്തത്തോടെയാകും ഏറ്റെടുക്കുക. യുനൈറ്റഡിനു കീഴിലെ ടീമുകൾ, ട്രെയിനിങ് സെന്റർ, സ്റ്റേഡിയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ആരാധകർ വരെ ഉൾപ്പെടുന്ന എല്ലാറ്റിലും നിക്ഷേപമിറക്കും.
ഫുട്ബാളിന്റെ പെരുമയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് അറിയപ്പെടുകയും ലോകത്തെ മികച്ച ഫുട്ബാൾ ക്ലബാവുക എന്ന കാഴ്ചപ്പാടോടെയുമാണ് ബിഡ് സമർപ്പിച്ചതെന്നും വിശദീകരിച്ചു. ഒന്നാംഘട്ട അപേക്ഷയിൽ ഏറ്റെടുക്കാൻ നൽകുന്ന തുക സംബന്ധിച്ച വിവരങ്ങളുണ്ടാകില്ല. അടുത്ത ഘട്ടത്തിലാകും തുക വെളിപ്പെടുത്തുക.
2005 മുതൽ യുനൈറ്റഡ് നിയന്ത്രണം അമേരിക്കയിലെ ഗ്ലേസർ കുടുംബത്തിനാണ്. അവസാന തീയതിയായ വെള്ളിയാഴ്ചയാണ് ‘നയൻ ടു ഫൗണ്ടേഷൻ’അപേക്ഷ നൽകിയത്. സർ ജിം റാഡ്ക്ലിഫിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസും താൽപര്യം അറിയിച്ച് കത്തു നൽകിയതായാണ് റിപ്പോർട്ട്.
മുമ്പ് ഫ്രഞ്ച് ലീഗ് വൺ ക്ലബായ നൈസ്, സ്വിസ് ക്ലബ് ലോസേൻ എന്നിവയുടെ ഉടമകളാണ് ഇനിയോസ്. ഫുട്ബാളിനു പുറമെ കാറോട്ടമടക്കം മേഖലകളിലും നിക്ഷേപകരാണ്. യു.എസിൽനിന്ന് രണ്ടു നിക്ഷേപകരും രംഗത്തുള്ളതായി സൂചനയുണ്ട്. സൗദി കമ്പനിക്കും താൽപര്യമുണ്ടെന്ന് വാർത്തയുണ്ടായിരുന്നു.
ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 70കാരനായ ബ്രിട്ടീഷ് ശതകോടീശ്വരന്റെ കമ്പനി രംഗത്തുള്ളതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ നവംബറിലാണ് യുനൈറ്റഡ് വിൽക്കുന്നതായി അറിയിച്ച് ഗ്ലേസർ കുടുംബം എത്തിയത്. സമീപകാല പ്രകടനം തീരെ പിറകോട്ടുപോയതിനു പിന്നാലെ ആരാധക രോഷം കടുത്തതാണ് വിൽപനക്കരികെയെത്തിച്ചത്.
500 കോടി പൗണ്ടാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് കൈമാറാൻ ഗ്ലേസർ കുടുംബം ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വർഷങ്ങളായി മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകൻ കൂടിയാണ് ശൈഖ് ജാസിം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.