ദോഹ: കൃത്യം ഒരുമാസം മുമ്പായിരുന്ന ചൈന- പാക് അതിർത്തിയിലെ കാരകോറം മലനിരകളിലെ ബ്രാഡ് പീക് കൊടുമുടി കീഴടക്കി ഖത്തറിൻെറ പർവതാരോഹകൻ ഫഹദ് അബ്ദുൽറഹ്മാൻ ബദർ വാർത്തകളിൽ നിറഞ്ഞത്. 8047 മീറ്റർ ഉയരത്തിൽ മഞ്ഞുവിരിച്ച്, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ ഒന്നെന്ന തലയെടുപ്പോടെ നിൽക്കുന്ന ബ്രോഡ് പീക്കിന് മുകളിൽ ഖത്തറിൻെറ ദേശീയപതാക സ്ഥാപിച്ച് ഫഹദ് ഹീറോ ആയി. ദുർഘടപാതകൾ താണ്ടി, അത്യുന്നതങ്ങളിൽ രാജ്യത്തിൻെറ പതാക നാട്ടിയ ഫഹദിനെ സൂപ്പർതാര പരിവേഷത്തോടെയായിരുന്നു ഖത്തർ വരവേറ്റത്.
എന്നാൽ, ഒരുമാസത്തിനിപ്പുറം വിധിയുടെ പരീക്ഷണത്തിലൂടെ കടന്നുപോവുകയാണ് ഇദ്ദേഹം. കൊടുമുടി കീഴടക്കിയ രാത്രിയിലെ അപകടമായിരുന്നു ഫഹദിൻെറ ജീവിതം അടിമുടി മാറ്റിമറിച്ചത്. സർവസജ്ജീകരണങ്ങളോടെ എത്തുന്ന മുനഷ്യനും സഹിക്കാവുന്നതിലും താഴെ മൈനസ് 14 ഡിഗ്രി തണുപ്പിൽ അഞ്ചു മണിക്കൂറിലേറെ ഒരു രാത്രി കഴിച്ചുകൂട്ടിയാണ് ബദർ അന്ന് ദൗത്യം പൂർത്തിയാക്കിയത്. മരണത്തെ മുഖാമുഖം കണ്ട ആ മണിക്കൂറുകൾ അദ്ദേഹത്തിന് സമ്മാനിച്ചത് ജീവിതത്തിലെ അതിഭീകര നിമിഷങ്ങളായിരുന്നു.
ഇടതുകൈയിലെ അഞ്ചും വലതുകൈയിലെ ഒരു വിരലും മരവിച്ച് ജീവച്ഛവമായി. ഒരു മാസങ്ങൾക്കിപ്പുറം, ഖത്തറിലെ അൽവക്റ ആശുപത്രിയിൽ ഇടതുകെയിലെ വിരലുകൾ മുറിച്ചുമാറ്റികഴിഞ്ഞു. ഇനി കൃത്രിമ വിരലുകൾ വെച്ചുപിടിപ്പിച്ച് പുതിയ ജീവിതം പഠിക്കാൻ ഒരുങ്ങുകയാണ് ഫഹദ്. ആ കൈകൾ കൊണ്ട് തൻെറ ജീവിതത്തിലെ നിർണായക നിമിഷങ്ങളെയും കഴിഞ്ഞ ഒരുമാസത്തിനിടെ തരണംചെയ്ത പരീക്ഷണങ്ങളെയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. അപ്പോഴും, ഫഹദ് ദൈവത്തിന് നന്ദിപറയുകയാണ്. ഓക്സിജനില്ലാതെ നിശ്ചലമായ ആ രാത്രിയിൽ, ഓർമകൾ മറഞ്ഞ്, സ്ഥലകാലഭ്രമം ബാധിച്ച അവസ്ഥയിലായിരുന്ന തന്നെ, ജീവിതത്തിലേക്ക് തിരികെയെത്തിച്ച ദൈവത്തിന് തീർത്താൽ തീരാത്ത നന്ദി ചൊല്ലുന്നു.
ട്വിറ്ററിൽ വിഡിയോയും ട്വീറ്റുകളും പങ്കുവെച്ച് ഫഹദ് തന്നെ കഴിഞ്ഞുപോയ നാളുകൾ വിവരിക്കുന്നു. 'രണ്ടു മാസമായിരുന്നു ഞങ്ങളുടെ യാത്ര. അവസാനം പർവതശിഖിരത്തിലെത്താൻ മൂന്നുനാല് ദിവസമെടുത്തു. അതിനിടയിൽ ചില അപകടങ്ങളുമുണ്ടായി. 8000 മീറ്ററിലെത്തിയപ്പോൾ, സഹയാത്രികരിൽ ഒരാളായ റഷ്യൻ വനിത താഴെ വീഴുകയും സമയമെടുത്ത് അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇത് കാരണം കൊടുമുടിയിലെത്താൻ ഞാൻ പിന്നെയും അഞ്ചു മണിക്കൂർ വൈകി. അപ്പോഴേക്കും സമയം ഇരുട്ടായിരുന്നു. ഓക്സിജൻെറ അളവു കുറഞ്ഞ, ആ അതിശൈത്യത്തിൽ 8000 മീറ്ററിന് മുകളിൽ ഒരു രാത്രി മുഴുവൻ കഴിയേണ്ടിവന്നു.
അടുത്ത പകലാണ് ഞാൻ രക്ഷപ്പെടുന്നത്. പക്ഷേ, അപ്പോഴേക്കും ഓക്സിജൻ കുറവും തണുപ്പും കാരണം 'ഫ്രോസ്റ്റ്ബൈറ്റ്' ബാധിച്ച് കൈ വിരലുകൾ നിശ്ചലമായി മാറിയിരുന്നു. ബോധക്ഷയമുണ്ടായി മരണത്തിൻെറ വക്കിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നിമിഷം. പർവതമിറങ്ങി, നേരെ ഖത്തറിലെത്തി ചികിത്സതേടി. അേപ്പാഴാണ് ആ സത്യം അറിഞ്ഞത്. കൂറ്റൻ കൊടുമുടികൾ കീഴടക്കാനും ഉച്ചിയിൽ ദേശീയ പതാക നാട്ടാനും ഉപയോഗിച്ച കൈവിരലുകൾ എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു. വീങ്ങിത്തടിച്ച വിരലുകൾ, കറുത്ത് കരിക്കട്ടപോലെയായി മാറി. വിരലുകൾ മുറിച്ചുമാറ്റുക മാത്രമാണ് രക്ഷയെന്ന്, അമേരിക്കയിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയുമെല്ലാം ഡോക്ടർമാർ വിധിയെഴുതി. ഒടുവിൽ, ശരീരത്തിൻെറ മറ്റ് ഭാഗങ്ങൾക്കൊന്നും പ്രശ്നമില്ലാതെ രക്ഷയേകിയ ദൈവത്തിന് നന്ദി പറഞ്ഞ്, ആ യാഥാർഥ്യം ഞാൻ ഉൾക്കൊണ്ടു. ഏതാനും ദിവസം മുമ്പ് ഇടതുകൈയിൽ വിരലുകൾ അറുത്തുമാറ്റി' -ഫഹദ് ബദർ വിവരിക്കുന്നു.
എങ്കിലും തോൽക്കാൻ അദ്ദേഹം തയാറല്ല. ഏറെ മനസ്സാന്നിധ്യവും ക്ഷമയും കരുത്തും വേണ്ട പർവതാരോഹകൻെറ നെഞ്ചുറപ്പോടെ ഫഹദ് പറയുന്നു 'എൻെറ സാധാരണ ജീവിതത്തെയും പ്രിയപ്പെട്ട കായിക വിനോദത്തെയും ഈ അപകടം തടയില്ല. ഇത് ദൈവഹിതമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നിശ്ചയദാർഢ്യവും ധൈര്യവുമുണ്ടെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ കഴിയുമെന്നാണ് ഞാൻ പഠിച്ചത്. ഖത്തറിലും അറബ് രാജ്യങ്ങളിലും കൃത്രിമ അവയവം ആവശ്യമായവർക്ക് ധൈര്യമായി ഇനി ഞാനുണ്ടാവും. എൻെറ ജീവിതംകൊണ്ട് അവർക്ക് ആതമവിശ്വാസം പകരാനാണ് എൻെറ ശ്രമം' -ആശുപത്രിയിൽനിന്നുള്ള വിഡിയോയിൽ ഫഹദ് ബദർ പറഞ്ഞ് അവസാനിപ്പിക്കുന്നു.
ലോകത്തിൽ ഉയരത്തിൽ 12ാം സ്ഥാനത്താണെങ്കിലും, പർവതാരോഹകർക്കിടയിലെ മരണക്കെണിയാണ് ബ്രോഡ് പീക്. അപകടങ്ങൾ ഏറെ പതിയിരിക്കുന്ന ലോകത്തെ പ്രധാന കൊടുമുടികളിൽ ഒന്ന്.
ഹിമാലയൻ പർവതനിരയുടെ ഭാഗമായ നേപ്പാളിലെ 'അമ ദബ്ലം' കൊടുമുടിയിൽ കീഴടക്കിക്കൊണ്ടായിരുന്നു ഈ വർഷം ജനുവരിയിൽ ഫഹദിൻെറ പർവതാരോഹണത്തിൻെറ തുടക്കം. ആ ആത്മവിശ്വാസവുമായാണ് പാക്-ചൈന അതിർത്തിയിലെ കാരകോറം മലകൾക്ക് മുകളിലെത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എവറസ്റ്റ്, ഉയരത്തിൽ നാലാമതുള്ള ലോത്സെ എന്നിവ ഇതിനകം കീഴടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.