ദോഹ: വ്യോമാക്രമണത്തിനു പിറകെ, ഗസ്സയിലേക്ക് ഇസ്രായേൽ കരയാക്രമണവും ശക്തമാക്കിയതിനു പിന്നാലെ ജനങ്ങളുടെയും ബന്ദികളുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. സംഘർഷം തുടരുന്നത് മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും, കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കപ്പെടുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇറാൻ വിദേശകാര്യമന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായുള്ള തിങ്കളാഴ്ച ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച നേരിട്ടുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യങ്ങൾ വ്യക്തമാക്കി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയുമായ മൈക്കൽ മാർട്ടിനുമായും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനി ഫോണിലൂടെ ചർച്ച നടത്തി. സംഘർഷങ്ങൾ വ്യാപിക്കുന്നത് കുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വിദേശകാര്യമന്ത്രിമാരും ചർച്ച ചെയ്തു.
നിരപരാധികളായ സാധാരണക്കാരെ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല നടത്തുന്നതും, കൂട്ടുശിക്ഷ എന്ന നയം പ്രയോഗിക്കുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും അദ്ദേഹം സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ ക്രൂരമായ ബോംബാക്രമണത്തെയും അവിടെയുള്ള ജനങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനുള്ള ശ്രമങ്ങളെയും ഖത്തർ തള്ളിക്കളയുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുദ്ധം രൂക്ഷമാകുന്നതിൽ ഗസ്സയിലെ സാധാരണക്കാരുടെയും ബന്ദികളുടെയും സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബോംബാക്രമണത്തിൽ കുരുങ്ങിക്കിടക്കുന്ന ഫലസ്തീൻ സഹോദരങ്ങളുടെ ദുരിതമകറ്റാൻ ദുരിതാശ്വാസ വാഹനവ്യൂഹങ്ങളെ കടത്തിവിടണമെന്നും മാനുഷിക സഹായ വിതരണം തുടരണമെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിൽ മാനുഷിക ഉടമ്പടിയിലെത്താനുള്ള ഐക്യരാഷ്ട്രസഭ പൊതുസഭയുടെ പ്രമേയത്തോട് പ്രതികരിക്കാൻ അന്താരാഷ്ട്ര സമൂഹം നടപടികൾ വേഗത്തിലാക്കണം. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം തടയുന്നതിനും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ പ്രയത്നിക്കുന്നതിനുള്ള അന്താരാഷ്ട്ര-പ്രാദേശിക ശ്രമങ്ങളെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എന്റിക് മനാലോയും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ ഫോൺ സംഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.