ദോഹ: വർഷാവസാനത്തിൽ കളിയുടെ വലിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിനും ഫുട്ബാൾ ആരാധകർക്കും ചെറു വിരുന്നൊരുക്കിയാണ് ഇതിഹാസതാരങ്ങളുടെ വരവ്.
ആരാധകർക്ക് കൺനിറയെ കാണാൻ കളിയും പരിശീലന സെഷനുകളുമൊന്നുമില്ലെങ്കിലും ഫുട്ബാളിലെ പൊൻകാലുകളുടെ സ്പർശംതന്നെ അവർക്ക് അനുഗൃഹീതമാണ്. വരാനിരിക്കുന്ന ലോകകപ്പിൽ, വിവിധ രാജ്യങ്ങളുടെ കിരീട പ്രതീക്ഷകളെ ചുമലിലേൽക്കുന്ന ഒരു പിടി താരങ്ങളാണ് ഫ്രഞ്ച് ചാമ്പ്യൻ ക്ലബായ പി.എസ്.ജിക്കൊപ്പം ഖത്തറിലുള്ളത്. ശനിയാഴ്ച രാത്രിയിൽ ഫ്രഞ്ച് ലീഗ് ഒന്നിലെ തങ്ങളുടെ 37ാം മത്സരത്തിൽ നാല് ഗോളിന്റെ തകർപ്പൻ ജയവും സ്വന്തമാക്കിയാണ് ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയുമെല്ലാം ദോഹയിൽ പറന്നിറങ്ങിയത്.
പാരിസിൽനിന്നും ഖത്തർ എയർവേസിന്റെ പ്രത്യേക വിമാനത്തിൽ പുറപ്പെട്ടപ്പോൾതന്നെ എംബാപ്പെയും കിംപെംബെയും ഹെരീറയുമെല്ലാം തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ദോഹയാത്ര പങ്കുവെച്ചു. ദോഹയിൽ വിമാനമിറങ്ങിയ സംഘത്തിന് ഏറെ സുരക്ഷയോടെയാണ് വരവേൽപ് നൽകിയത്. ടീം അംഗങ്ങൾ നേരെയെത്തിയത് ക്യാമ്പ് ഒരുക്കിയ ബനിയൻ ട്രീ ഹോട്ടലിലേക്കായിരുന്നു. രണ്ടു ദിവസത്തെ പര്യടനത്തിനായാണ് ഞായറാഴ്ച ഉച്ചയോടെ ടീം അംഗങ്ങൾ ഖത്തറിലെത്തിയത്. ലോകകപ്പ് സ്റ്റേഡിയം സന്ദർശനം ഉൾപ്പെടെ വിവിധ പരിപാടികളിൽ ടീം അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. വർഷാവസാനം നടക്കുന്ന ലോകകപ്പിനായി എല്ലാ അർഥത്തിലും ഒരുങ്ങിയ ഖത്തറിലേക്ക് ലോകതാരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധയെത്തിക്കുന്നതിൽ നിർണായകംകൂടിയാണ് സന്ദർശനം.
കഴിഞ്ഞ ജനുവരിയിൽ സീസൺ മധ്യേ ഖത്തറിലെത്താൻ പദ്ധതിയിട്ട പി.എസ്.ജി ഒമിക്രോൺ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ക്ലബ് പങ്കാളികളായ ആസ്പെറ്റാർ, ഉരീദു, ഖത്തർ എയർവേസ്, ഖത്തർ ടൂറിസം, ക്യൂ.എൻ.ബി എ.എൽ.എൽ എന്നിവയുടെ പരിപാടികളിൽ പങ്കാളികളാവും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ടീം അംഗങ്ങൾ ദോഹ പി.എസ്.ജി അക്കാദമിയിലെത്തി കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു.
ഗോളി കെയ്ലർ നവാസും മൗറോ ഇകാർഡിയും ഉൾപ്പെടെയുള്ളവർ കൗമാര താരങ്ങൾക്കൊപ്പം കളിച്ചും ഫുട്ബാൾ പരിശീലിച്ചും ഫോട്ടോക്ക് പോസ് ചെയ്തും പങ്കാളികളായി. യുവാൻ ഡ്രാക്സലറും എയ്ഞ്ചൽ ഡിമരിയയും കുട്ടികൾക്കൊപ്പം സംസാരിച്ചും സെൽഫി എടുത്തും ഓട്ടോഗ്രാഫ് നൽകിയും സന്ദർശനത്തിന്റെ ആദ്യദിനം ഗംഭീരമാക്കി.
തുടർന്ന് ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനവും സന്ദർശിച്ചു. മെസ്സിയും നെയ്മറും എംബാപ്പെയുമെല്ലാം പകൽ വിശ്രമത്തിലായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ അർജന്റീനയുടെ പ്രതീക്ഷയാവുന്ന ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, ലിയാൻട്രോ പാരഡസ്, ബ്രസീലിന്റെ കപ്പ് സ്വപ്നങ്ങൾക്ക് ചുക്കാൻപിടിക്കുന്ന നെയ്മർ, മാർക്വിനോസ്, ലോകകിരീടം നിലനിർത്താനൊരുങ്ങുന്ന ഫ്രാൻസിന്റെ പ്രതീക്ഷകൾ പേറുന്ന കിലിയൻ എംബാപ്പെ, പ്രസ്നൽ കിംപെംബെ, ജർമനിയുടെ ജൂലിയൻ ഡ്രാക്സ്ലർ, നെതർലൻഡ്സിന്റെ ജോർജിന്യോ വിനാൽഡം, സ്പെയിനിന്റെ ആൻഡർ ഹെരേര എന്നിവരടങ്ങിയ താരപ്പടയാണ് പി.എസ്.ജിയുടെ കരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.