ദോഹ: ദോഹയിൽ ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ ഓഫിസ് പ്രവർത്തനം തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനം ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ത് ആൽ മഹ്മൂദ്, യു.എൻ ഓഫിസ് ഓഫ് കൗണ്ടർ ടെററിസം അണ്ടർ സെക്രട്ടറി ജനറൽ വ്ലാദിമിർ വൊറോൻകോവിെൻറ സാന്നിധ്യത്തിൽ നിർവഹിച്ചു.
ഓൺലൈനിലായിരുന്നു ചടങ്ങ്. ഖത്തർ ശൂറാ കൗൺസിലും ഐക്യരാഷ്ട്രസഭക്ക് കീഴിലെ തീവ്രവാദ വിരുദ്ധ കാര്യാലയവും തമ്മിൽ 2019 ഫെബ്രുവരിയിൽ ഒപ്പുവെച്ച ധാരണാപത്രത്തിെൻറയും 2020 നവംബറിൽ ഒപ്പുവെച്ച കരാറിെൻറയും അടിസ്ഥാനത്തിലാണ് ദോഹയിൽ ആഗോള തലത്തിൽ തന്നെ ആദ്യ ഭീകരവിരുദ്ധ ഓഫിസ് തുറന്നിരിക്കുന്നത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മഹനീയ നേതൃത്വത്തിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ ഖത്തർ വഹിക്കുന്ന വലിയ പങ്കിനുള്ള അംഗീകാരമാണ് ഈ ഓഫിസെന്നും അന്താരാഷ്ട്ര സമൂഹത്തെയും ഐക്യരാഷ്ട്രസഭയെയും ഈ സന്ദർഭത്തിൽ അഭിനന്ദിക്കുന്നതായും ഉദ്ഘാടന ചടങ്ങിൽ ശൂറാ കൗൺസിൽ സ്പീക്കർ പറഞ്ഞു.
ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്നതിലെ അന്താരാഷ്ട്ര സമൂഹത്തിെൻറ ശ്രമങ്ങളിൽ സുപ്രധാന ചുവടുവെപ്പായിരിക്കും ദോഹയിലെ ഭീകരവിരുദ്ധ കാര്യാലയം.
ലോകത്തെ എല്ലാ പാർലമെൻറുകൾക്കും ഈ കാര്യാലയത്തിെൻറ പരിപാടികളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും നിരവധി പ്രയോജനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവിരുദ്ധ തന്ത്രപ്രധാന നയത്തിൽ ഐക്യരാഷ്ട്രസഭയുടെ നാല് അടിസ്ഥാന സ്തംഭങ്ങളെ സന്തുലിതരൂപത്തിൽ ദോഹയിലെ കാര്യാലയം നടപ്പാക്കും. ഭീകരവാദത്തെയും ഭീകരവാദത്തിലേക്ക് നയിക്കുന്ന ഹിംസാത്മക തീവ്രവാദത്തെയും നേരിടുക, ഗവേഷണവും വിശകലനവും നടത്തുക തുടങ്ങി മേഖലകളിലെ പ്രധാനപ്പെട്ട സുരക്ഷാ സമിതി പ്രമേയങ്ങൾ നടപ്പാക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ പ്രസ്തുത കാര്യാലയം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലെ യു.എൻ ഭീകരവിരുദ്ധ ഓഫിസ് സ്ഥാപിക്കുന്നതിൽ നിർണായക പിന്തുണ നൽകിയ ഇൻറർ പാർലമെൻററി യൂനിയൻ പ്രസിഡൻറ് ഡുവാർട്ടെ പാചെകോക്ക് പ്രത്യേക നന്ദിയും പ്രശംസയും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെ നേരിടുന്നതിൽ ഖത്തറിെൻറ നേതൃത്വത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായി വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത വ്ലാദിമിർ വൊറോൻകോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.