ദോഹ: 14 ലക്ഷം ആരാധകർ സംഗമിച്ച ലോകകപ്പ് വേദി ആരോഗ്യ കാര്യത്തിലും പെർഫെക്ടായിരുന്നുവെന്ന് പഠന റിപ്പോർട്ട്. കോവിഡ് ഭീതിയിൽനിന്ന് ലോകം മാറിയതിനു പിന്നാലെ, ലോകകപ്പ് ഫുട്ബാളിനായി ഖത്തർ വേദിയൊരുക്കുമ്പോൾ ലോകത്തിന് മറ്റു ആരോഗ്യ ആശങ്കകളും ശക്തമായിരുന്നു. അതിലൊന്നായിരുന്നു മെർസ് വൈറസ് അഥവാ ഒട്ടകപ്പനി. കഴിഞ്ഞ മാർച്ചിൽ ഖത്തറിൽ തന്നെ രോഗം സ്ഥിരീകരിച്ചതിനാൽ ലോകകപ്പ് കാലത്ത് ഈ രോഗം പടരാനുള്ള സാധ്യതകളും ചില അന്താരാഷ്ട്ര സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, നവംബർ-ഡിസംബർ മാസത്തിൽ നടന്ന ലോകകപ്പ് ടൂർണമെന്റിനിടെ ഒരാളിൽ പോലും മെർസ്-കോവ് (ഒട്ടകപ്പനി) പോസിറ്റിവ് കണ്ടെത്തിയിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി), പൊതുജനാരോഗ്യ മന്ത്രാലയം, വെയ്ല് കോര്‍ണല്‍ മെഡിസിന് ഖത്തര്‍, സിദ്ര മെഡിസിന് എന്നിവിടങ്ങളിലെ ഗവേഷണ സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു.
പഠനത്തിലെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 14,703 പേരിലായി ആകെ 17,281 മെർസ് പരിശോധനകളാണ് നടത്തിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 2,305 വ്യക്തികളിലായി 2,457 പരിശോധനകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള കണക്കാണിത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരിശോധന നടത്തിയത്. എന്നാൽ ഒരാളിൽ പോലും പോസിറ്റിവ് സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, ലോകകപ്പ് കഴിഞ്ഞ് ആരാധകർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയതിനു പിന്നാലെ ലോകത്തിന്റെ ഒരു കോണിലും ഈ വൈറസ് സ്ഥിരീകരിച്ചിട്ടുമില്ല.
2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി രണ്ടു പേരില്‍ മാത്രമാണ് ഒട്ടകപ്പനി സ്ഥിരീകരിച്ചത്. ലോകകപ്പ് വേളയിൽ തന്നെ നടന്ന ഒട്ടക മത്സരങ്ങൾ മെർസ് പകരാൻ സാധ്യത സൃഷ്ടിക്കുമെന്ന് ഒരു ശാസ്ത്രീയ തെളിവുമില്ലാതെയാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നതെന്ന് എച്ച്.എം.സി പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം സീനിയര്‍ കണ്‍സൽട്ടന്റ് പ്രഫ. അദീല്‍ ഭട്ട് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ സമഗ്ര നടപടികളാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ഒട്ടകങ്ങളെ പരിപാലിക്കുന്ന 200 തൊഴിലാളികളില്‍നിന്നും 100 ഒട്ടകങ്ങളില്‍ നിന്നുമെടുത്ത സാമ്പിളുകള്‍ പരിശോധിക്കുകയും നെഗറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഖത്തറിന്റെ സമഗ്രമായ പൊതുജനാരോഗ്യവും വാക്സിനേഷന് നടപടികളും രാജ്യത്തെ പൗരന്മാര്ക്കും പ്രവാസി താമസക്കാര്‍ക്കും മാത്രമല്ല സന്ദര്‍ശകര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയുള്ളതാണ്. ഇതാണ് ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിനും കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.