ത്യാഗമാണ് ജീവിതത്തിന് ചാരുത നൽകുന്നത്. നമുക്ക് പ്രിയങ്കരമായത് പലതും ത്യജിക്കുമ്പോൾ ആ പദം അർഥമുള്ളതാകുന്നു. റമദാനിൽ വ്രതം അനുഷ്ഠിക്കുന്ന കുമരനല്ലൂർ സ്വദേശി കൃഷ്ണൻകുട്ടിയും കുടുംബവും ഈ സന്ദേശമാണ് നൽകുന്നത്.2010 മുതൽ റമദാനിലെ മുഴുവൻ നോമ്പും അനുഷ്ഠിച്ചുവരുകയാണ് ഖത്തർ പ്രവാസികളായ ഈ കുടുംബം.
കൃഷ്ണൻകുട്ടിയാണ് ആദ്യം നോമ്പ് എടുക്കാൻ തുടങ്ങിയത്. ശരീരത്തിന് ഊർജവും ഉന്മേഷവും ഉണ്ടാകുന്നുവെന്ന് സ്വാനുഭവത്തിൽ നിന്ന് അറിഞ്ഞതോടെ പിന്നീട് ഭാര്യയും വ്രതം എടുക്കുവാൻ തുടങ്ങി. തുടക്കത്തിലെ ചില വർഷങ്ങളിൽ ഇടക്ക് നോെമ്പടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് പത്ത് വർഷത്തോളമായി ഒന്നും ഒഴിവാക്കുന്നില്ല. പുണ്യമാസത്തിൽ മനസ്സിന് ലഭിക്കുന്ന അനുഭൂതി വേറെത്തന്നെയാണെന്ന് ഇവർ പറയുന്നു.
ഇതിന് ശാസ്ത്രീയ വശവുമുണ്ട്. ജീവിതത്തിലെ സകല ഒഴുക്കിനെയും തടഞ്ഞുനിര്‍ത്തി ശരീരത്തിനും മനസ്സിനും വളരെയധികം ശാന്തിയും സമാധാനവും ക്ഷമയും കുളിർമയും നോമ്പിലൂടെ കിട്ടുന്നു.പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സിൽ ഭയഭക്തിയോടെ നീങ്ങുന്ന മനുഷ്യന് എല്ലാ പ്രയാസങ്ങളും നീങ്ങും. പിന്നീടും സൽപ്രവൃത്തികൾ തുടരാൻ അത് ഊർജം നൽകുമെന്നും അദ്ദേഹം പറയുന്നു.
പാലക്കാട് ജില്ലയിലെ കുമരനല്ലൂർ അമേരിക്കര സ്വദേശിയാണ് കൃഷ്ണൻകുട്ടി. നാട്ടിലെ ബിസിനസിൽ വന്ന കടങ്ങളും ബാധ്യതകളും പേറിയാണ് സുഹൃത്തിൻെറ സഹായത്താൽ 2000ത്തിൽ ഖത്തറിൽ എത്തുന്നത്.
തുടക്കത്തിൽ ഓഫിസ് ബോയ്, ക്ലീനിങ്, പിന്നീട് ഓഫിസ് സെക്രട്ടറി, എക്സിക്യൂട്ടിവ്, സെയിൽസ് മാനേജർ, പർച്ചേസ് മാനേജർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യവേ 2010ലാണ് സ്വന്തം കമ്പനി തുടങ്ങിയത്. അന്നു മുതലാണ് നോമ്പനുഷ്ഠിക്കാൻ തുടങ്ങിയത്. നോമ്പ് കാലം കുട്ടികൾക്കും ഉത്സാഹം നൽകുന്നു. വിവിധ തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കിയും വിവിധ സംഘടനകളുടെ നോമ്പ് തുറകളിൽ പങ്കെടുക്കുന്നതും ഈദ് കുടുംബ സംഗമങ്ങളും പ്രവാസലോകത്തും മനുഷ്യർ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നു.
നിലവിൽ കോവിഡ് പ്രതിസന്ധി ആയതിനാൽ ഇവ സാധ്യമാകാത്ത പ്രയാസം മനസ്സിലുണ്ട്. സമൂഹ നോമ്പുതുറയും ഈദ് മീറ്റും കുടുംബ സംഗമങ്ങളുമടക്കം ഈ വർഷവും കഴിഞ്ഞ വർഷവും ഇല്ല. കൂറ്റനാട് കൂട്ടായ്മയുടെ പ്രസിഡൻറായ കൃഷ്ണൻകുട്ടി, കുമരനെല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റിയുടെ വിവിധ പരിപാടികളുമായും സഹകരിക്കുന്നുണ്ട്. ഭാര്യ: ചിത്ര. മക്കൾ: ശ്രീനാഥ് കൃഷ്ണൻ (എം.ബി.ബി.എസ് വിദ്യാർഥി), ശ്രീ ഹരികൃഷ്ണ, ശിവശ്രീ കൃഷ്ണ.
എഴുത്ത്: ടി.പി.എം അലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.