ദോഹ: ഖത്തറിലെ സന്ദർശകർക്കും താമസക്കാർക്കുമിടയിൽ ശ്രദ്ധേയമായ പ്രദർശനങ്ങൾക്ക് ആഗസ്റ്റിൽ കൊടിയിറക്കം. ഖത്തർ മ്യൂസിയംസ് മുതൽ വിവിധ സ്ഥാപനങ്ങൾക്കു കീഴിൽ മാസങ്ങളായി തുടരുന്ന പ്രദർശനങ്ങൾ ആഗസ്റ്റോടെ സമാപിക്കും. പ്രദർശനങ്ങൾക്ക് തിരശ്ശീല വീഴാനിരിക്കെ അപൂർവമായ പ്രദർശനങ്ങൾ അനുഭവിക്കാൻ കൂടിയുള്ള അവസരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
ഒലാഫുർ എലിയാസൻ: ദ ക്യൂരിയസ് ഡെസേർട്ട്, ഐ ആം ദ ട്രാവലർ ആൻഡ് ആൾസോ ദ റോഡ്, ബെയ്റൂത്ത് ആൻഡ് ഗോൾഡൻ സിക്സ്റ്റീസ്, ഖത്തറിലെ പള്ളികൾ അന്നും ഇന്നും എന്നീ പ്രദർശനങ്ങളാണ് ആഗസ്റ്റിൽ അവസാനിക്കുന്നവയിൽ ശ്രദ്ധേയം. മിക്ക പ്രദർശനങ്ങളും താമസക്കാർക്കും സന്ദർശകർക്കും സൗജന്യമായി സന്ദർശിക്കാൻ കഴിയുമെങ്കിലും പ്രവേശിക്കുന്നതിന് മുമ്പായി ഖത്തർ മ്യൂസിയം വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യണം.
ഖത്തർ നാഷനൽ മ്യൂസിയത്തിലെ ഒലാഫുർ എലിയാസന്റെ ദ ക്യൂരിയസ് ഡെസേർട്ട് ആഗസറ്റ് 15 വരെ പ്രവർത്തിക്കും. എന്നാൽ, ഒലാഫൂറിന്റെ അൽ ദഖീറ കണ്ടൽക്കാടുകൾക്കിടയിലെ ഔട്ട്ഡോർ ഇൻസ്റ്റലേഷൻ ഒക്ടോബർ വരെ തുടരുമെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. ഗൾഫ് മേഖലയിലെ ഒലാഫൂറിന്റെ ആദ്യ സോളോ എക്സിബിഷനാണ് രണ്ട് ഭാഗങ്ങളായുള്ള പ്രദർശനം. ഇതിലേക്കുള്ള പ്രവേശനം എല്ലാവർക്കും തികച്ചും സൗജന്യമാണ്.
ബെയ്റൂത്ത് ആൻഡ് ഗോൾഡൻ സിക്സ്റ്റീസ്: എ മാനിഫെസ്റ്റോ ഓഫ് ഫ്രാഗിലിറ്റി ആഗസ്റ്റ് അഞ്ചോടെ അവസാനിക്കും. മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നടക്കുന്ന പ്രദർശനത്തിൽ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, മൾട്ടിമീഡിയ വർക്കുകൾ, ആർക്കൈവൽ മെറ്റീരിയലുകൾ എന്നിവ ഉൾപ്പെടുന്നു.
ഐ ആം ദ ട്രാവലർ ആൻഡ് ദ ആൾസോ ദ റോഡ് എന്ന പ്രദർശനം സന്ദർശകർക്ക് ഒരു ഫോട്ടോഗ്രാഫിക് പര്യടനമാണ് വാഗ്ദാനം ചെയ്യുന്നത്. പശ്ചിമേഷ്യയും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മേഖലയിലെ 11 ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികളാണ് ഇതിലുൾപ്പെടുന്നത്. പ്രവേശനം എല്ലാവർക്കും സൗജന്യമാണ്.
ഖത്തറിലെ പള്ളികളുടെ ചരിത്രം പറയുന്ന ഖത്തറിലെ മസ്ജിദുകൾ; അന്നും ഇന്നും പ്രദർശനം രാജ്യത്തെ പള്ളികൾ സമൂഹത്തിന്റെ ഒരു പ്രധാന ഭാഗമായി നിലനിൽക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ്. ആഗസ്റ്റ് 12 വരെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലാണ് പ്രദർശനം. രാജ്യത്തെ താമസക്കാർക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുതിർന്ന സന്ദർശകർക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.