ദോഹ: കഴിഞ്ഞ മേയ് മാസത്തിൽ പ്രഖ്യാപിച്ച ഗതാഗത നിയമലംഘന കേസുകളിലെ പിഴ ഇളവ് ഉപയോഗിക്കാൻ ഇത് ലാസ്റ്റ് ചാൻസ്. 50 ശതമാനം ഇളവോടെ പിഴ അടച്ച്, നിയമ നടപടികളിൽനിന്നും ഒഴിവാകാനുള്ള അവസരമായി ഖത്തർ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച സമയപരിധി ആഗസ്റ്റ് 31ഓടെ അവസാനിക്കും.
ജൂൺ ഒന്ന് മുതൽ മൂന്നു മാസമായിരുന്നു കാലാവധി നിശ്ചയിച്ചത്. മേയ് മാസത്തിൽ നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ നൽകിയത്. അതിൽ ഏറ്റവും സുപ്രധാനമായിരുന്നു വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിച്ചവർക്ക് പ്രഖ്യാപിച്ച ഇളവ്.
ചുമത്തിയ പിഴ 50 ശതമാനം ഇളവോടെ മൂന്ന് മാസത്തിനുള്ളിൽ അടച്ചു തീർത്ത് നിയമനടപടികൾ ഒഴിവാക്കാനുള്ള അവസരമായാണ് ഇത് മുന്നോട്ടു വെച്ചത്. ഇതിനകം തന്നെ വാഹന ഉടമകളിൽ വലിയൊരു വിഭാഗവും ഈ ഇളവ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്.
സ്വദേശികൾ, താമസക്കാർ, ജി.സി.സി പൗരന്മാർ, സന്ദർശകർ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകൾക്കും ഈ ഇളവ് ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇക്കാര്യം സംബന്ധിച്ച് അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ ഓർമപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.