ദോഹ: കോവിഡ് കാലത്ത് എടുത്ത ടിക്കറ്റുകളുടെ കാര്യത്തിൽ പ്രവാസികളെ പിഴിയുന്ന എയർഇന്ത്യക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രവാസി സംഘടന. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കോടതികളെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ടിക്കറ്റ് റീ ഫണ്ട് വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരികയും ചെയ്തവർക്ക് ടിക്കറ്റിെൻറ മുഴുവൻ തുകയും തിരികെ നൽകണമെന്ന സുപ്രീംകോടതി വിധി വന്നത് പി.എൽ.സിയുടെ പൊതു താൽപര്യഹരജിയിലാണ്. എന്നിട്ടും ഇതിന് തയാറാകാതെ എയർ ഇന്ത്യ പ്രവാസികളെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
റീഫണ്ടുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങൾക്ക് പരിഹാരം കാണാനായി പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്ററിെൻറ നേതൃത്വത്തിലാണ് ആഗോളതല ഓൺലൈൻ മീറ്റിങ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28ന് ദോഹസമയം വൈകുന്നേരം ഏഴിനാണ് സൂമിൽ യോഗം നടക്കുക. (Meeting ID: 812 6105 7773,
Passcode: 2021) ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട കാര്യത്തിൽ പി.എൽ.സി നൽകിയ പൊതു താൽപര്യ ഹരജിയിലാണ് യാത്രക്കാർക്ക് അനുകൂലമായ വിധി നേരത്തേ നേടിയെടുത്തത്. യാത്രക്കാർക്ക് ടിക്കറ്റ് മുഴുവൻ തുകയും റീഫണ്ട് നൽകില്ലെന്ന ഇപ്പോഴത്തെ നിലപാടിനെതിരെ സാധ്യമായ നിയമനടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. വിഷയവുമായി ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുത്ത് നിർദേശങ്ങൾ സമർപ്പിക്കണമെന്ന് കൺട്രി ഹെഡ് അബ്ദുൽ റഊഫ് കൊണ്ടോട്ടി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 55443465 (അബ്ദുല്ല പൊയിൽ), 55379527 (ശമീർ പി.എച്ച്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് പി.എൽ.സി. ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ പതിനഞ്ച് ദിവസത്തിനകം റീഫണ്ട് നൽകണമെന്നാണ് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടത്.
സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു ക്രഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങനെ മാറ്റിവെക്കുന്ന ക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറിവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന് നൽകണം.
ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകണം. നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കിനൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
2021 മാർച്ച് 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽനിന്ന് വിദേശ കമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.
വിമാന ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നാണ് കോവിഡിെൻറ ആദ്യഘട്ടത്തിൽ വിമാന കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് നിലപാട് മാറ്റി. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാമെന്നാണ് പിന്നീട് അറിയിച്ചത്. എന്നാൽ പല പ്രതിസന്ധികൾ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത് പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്ത പ്രവാസികൾക്ക് നേരത്തേയെടുത്ത വിമാനടിക്കറ്റിെൻറ തുക തിരിച്ചുകിട്ടാത്ത അവസ്ഥയുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുന്നതും യാത്രക്കാർക്ക് അനുകൂലമായ വിധിയുണ്ടാകുന്നതും.
എന്നാൽ ഇതിന് വിരുദ്ധമായാണ് ഇപ്പോൾ എയർ ഇന്ത്യ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവേരാട് തുക മടക്കി നൽകാനാവിെല്ലന്നാണ് അധികൃതർ പറയുന്നത്. സർവിസ് ചാർജ് ഈടാക്കാതെ യാത്രാതീയതി മാറ്റി നൽകാൻ മാത്രമേ കഴിയൂ എന്നാണ് നിലപാട്. ഇത്തരത്തിൽ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കിൽ ആ തുക യാത്രക്കാർ വഹിക്കണം. എന്നാൽ കുറവാണെങ്കിൽ ആ തുക യാത്രക്കാർക്ക് തിരിച്ചുനൽകില്ലെന്നുമുള്ള വിചിത്ര വാദവും ഉന്നയിക്കുന്നു. കമ്പനിയുടെ ഇന്ത്യയിലെയും ദോഹയിലെയും ഓഫിസുകളിൽ ബന്ധപ്പെടുന്നവരോട് ഇതേ നിലപാട് തന്നെയാണ് അധികൃതർ സ്വീകരിക്കുന്നത്. തങ്ങളുെട റീ ഫണ്ട് പോളിസി ഇങ്ങനെയാണെന്നാണ് കമ്പനിയുടെ ദോഹയിലെ ഓഫിസും കസ്റ്റമർ കെയർ വിഭാഗവും പറയുന്നത്. ഈ നിലപാടിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്. ഇത് സംബന്ധിച്ച് 'ഗൾഫ്മാധ്യമം' വാർത്തകൾ നൽകിയതോടെ വിവിധ സംഘടനകളും പ്രശ്നത്തിൽ ഇടെപടുകയും സമാന അനുഭവമുണ്ടായ പ്രവാസികൾ അധികൃതർക്ക് പരാതികൾ നൽകുകയും ചെയ്തു. ഇൻഡിഗോ അടക്കമുള്ളവർ ടിക്കറ്റ് തുക തിരിച്ചുനൽകിയിരുന്നു. ഖത്തർ എയർവേയ്സും തുക തിരിച്ചുനൽകുകയോ ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ നൽകി ഇഷ്ടമുള്ള യാത്ര തെരഞ്ഞെടുക്കാനുള്ള അവസരം യാത്രക്കാർക്ക് നൽകുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ബുക്ക് ചെയ്തവർക്ക് റീഫണ്ടു നൽകുകയും ഗൾഫിൽ ഉള്ളവരോട് വിവേചനം കാണിക്കുകയും ചെയ്യുകയാണ് എയർ ഇന്ത്യയെന്നും യാത്രക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.