ആ ടിക്കറ്റുണ്ടോ? സൂക്ഷിച്ച് വെച്ചോളൂ... ‘വിലയേറിയ’ സ്വത്തായേക്കാം

ദോഹ: നിങ്ങൾ ഖത്തർ ലോകകപ്പിലെ ആവേശകരമായ അർജന്റീന-ഫ്രാൻസ് മത്സരം നേരിട്ട് കണ്ടിരുന്നോ? എന്നാൽ, ആ ടിക്കറ്റ് കളയരുത്. കുറച്ചുവർഷം കഴിഞ്ഞാൽ അതിന്റെ മൂല്യം ഒരുപക്ഷേ, നിങ്ങൾ സങ്കൽപിക്കുന്നതിന്റെ അനേക മടങ്ങ് അധികമായിരിക്കും.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കലാശക്കളി എന്ന വിശേഷണം ഡിസംബർ 18ന് ലുസൈൽ വേദിയൊരുക്കിയ ചരിത്രപ്പോരാട്ടം നേടിക്കഴിഞ്ഞു. ഒരുപടികൂടി മുമ്പോട്ടുകടന്ന്, ലോകകപ്പുകളുടെ സംഭവബഹുല ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരം എന്നുകൂടി പലരും ഖത്തറിലെ ഫൈനലിനെ വിലയിരുത്തുന്നുണ്ട്.

ഖത്തർ ലോകകപ്പിന്റെ ഓർമക്ക് സുവനീർ എന്ന നിലയിൽ കളികളുടെ ഫിസിക്കൽ ടിക്കറ്റുകൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 15-30 വർഷം കഴിഞ്ഞാൽ ടിക്കറ്റിനുണ്ടാകുന്ന ‘മൂല്യവർധന’ മുൻനിർത്തിയാണ് ഫിസിക്കൽ ടിക്കറ്റിനായി ആവശ്യമുന്നയിക്കുന്നതെന്ന് ഇവരിൽ പലരും വാർത്താലേഖകരോട് വിശദീകരിക്കുന്നു.

ഉദാഹരണത്തിന്, 1986ൽ ഡീഗോ മറഡോണ നിറഞ്ഞാടിയ അർജന്റീന-ഇംഗ്ലണ്ട് മത്സരത്തിന്റെ ടിക്കറ്റ് ഇ-കോമേഴ്സ് കമ്പനിയായ ഇ-ബേ ഈയിടെ വിറ്റത് 15,000 യു.എസ് ഡോളറിന് (ഏകദേശം 12.28 ലക്ഷം രൂപ) ആയിരുന്നു. അതുപോലെ, നാലുവർഷം മുമ്പ് മാത്രം നടന്ന റഷ്യൻ ലോകകപ്പിലെ ഫ്രാൻസ്-ക്രൊയേഷ്യ ഫൈനലിന്റെ ടിക്കറ്റ് ആയിരം ഡോളറിനാണ് വിറ്റുപോയത്. ഖത്തറിലെ ഈ വർഷത്തെ അർജന്റീന-ഫ്രാൻസ് ഫൈനലിന്റെ ടിക്കറ്റിന് ദിവസങ്ങൾക്കകം ഇ-ബേയിൽ 500-642 ഡോളറിന് ഇടയിലാണ് ഇപ്പോൾ വില. ഓരോ വർഷം കൂടുന്തോറും ടിക്കറ്റിന് ഇനിയും വിലയേറെ വർധിക്കുമെന്നുറപ്പ്.

‘എല്ലാം ഡിജിറ്റലാവുകയും സ്ക്രീനിലൂടെ കാണുകയും ചെയ്യുന്ന കാലത്ത് ഫോണിലോ കമ്പ്യൂട്ടറിലോ അല്ലാതെ, യഥാർഥമായത് കാണുകയെന്നത് മികച്ച അനുഭവമാണ്. മാച്ച് ടിക്കറ്റ് കൈയിൽ സൂക്ഷിക്കുന്നതും ആ കടലാസിൽ തൊട്ടുനോക്കുന്നതും വിലപ്പെട്ട ഒരു ഫോട്ടോഗ്രാഫ് പോലെ തോന്നിക്കുന്നു. ഇത് സ്റ്റേഡിയത്തിൽ പ്രവേശിച്ചതിന്റെയും അർജന്റീനക്കുവേണ്ടി ആർത്തുവിളിച്ചതിന്റെയുമൊക്കെ ഓർമകൾ എന്നിൽ നിറയ്ക്കുന്നു’ -ഫൈനലിന്റെ ടിക്കറ്റ് കൈവശമുള്ള, സ്‍പെയിൻ സ്വദേശിയായ റാദ്‍വാ ഗാർസിയ പറയുന്നു. 2002 ഫിഫ ലോകകപ്പിൽനിന്ന് ലഭിച്ച ഏറ്റവും മികച്ച സുവനീറാണ് ഇതെന്നും ഫ്രെയിം ചെയ്ത് നേപ്പാളിലെ വീട്ടിൽ സൂക്ഷിക്കുമെന്നും ഫൈനലിന് സാക്ഷിയായ നേപ്പാൾകാരൻ ശ്രീശാഫി ടിക്കറ്റ് ചൂണ്ടിക്കാട്ടി പറഞ്ഞു.

സ്പോർട്സ് സുവനീറുകൾ സൂക്ഷിക്കുന്നത് സമീപകാലത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു വ്യവസായം എന്നനിലയിൽതന്നെ അത് വളർച്ചപ്രാപിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിവർഷ സംയുക്തവളർച്ച നിരക്കിൽ 9.7 ശതമാനമാണ് ‘സ്പോർട്സ് കലക്ടബിൾ ഇൻഡസ്ട്രി’യുടെ വർധന പ്രവചിക്കപ്പെടുന്നത്.

‘ഒരുനൂറ്റാണ്ടു മുമ്പ് ബേസ്ബാൾ കാർഡുകളുടെ ശേഖരത്തിന് ആളുകൾ താൽപര്യം കാട്ടിയ നാളുകളുമായി താരതമ്യം ചെയ്യുമ്പോൾ അതേറെ മാറിക്കഴിഞ്ഞു. വിപണനസൂത്രം എന്ന നിലയിൽ തുടങ്ങി ഹോബിയെന്ന നിലയിലേക്ക് മാറിയ കായിക സുവനീർ ശേഖരം ഇപ്പോൾ ഒരു നിക്ഷേപ തന്ത്രമെന്ന നിലയിലേക്ക് രൂപാന്തരപ്പെട്ടിട്ടുണ്ട്’ -‘സ്പോർട്സ് മെമറബിളിയ’ ശേഖരത്തെക്കുറിച്ച് 2003ലെ ഒരു പഠനത്തിൽ പറയുന്നതിങ്ങനെ.

ഖത്തർ ലോകകപ്പിൽ 30 ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ജനുവരി മധ്യത്തോടെ കാണികളിൽ ആവശ്യക്കാർക്ക് സുവനീർ ടിക്കറ്റുകൾ നൽകുമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറിജിനൽ ടിക്കറ്റുകൾ വാങ്ങിയവർക്കാണ് സുവനീർ ടിക്കറ്റുകൾ നൽകുന്നത്. 10 ഖത്തർ റിയാലായിരിക്കും ഒരു സുവനീർ ടിക്കറ്റിന്റെ നിരക്ക്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി സുവനീർ ടിക്കറ്റുകൾ അപേക്ഷകരുടെ വിലാസത്തിൽ അയച്ചുനൽകും.

Tags:    
News Summary - Tickets of Argentina-France Final get expensive on Ebay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.