ദോഹ: ഫിഫ അറബ് കപ്പിൽ ഇനി ഫാൻ ഐഡിയായ ഹയ്യാ കാർഡില്ലാതെയും കാണികൾക്ക് പ്രവേശനം നൽകാൻ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഫാൻ ഐഡിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയതായും തിങ്കളാഴ്ചത്തെ മൂന്നാം റൗണ്ട് മത്സരം മുതൽ ടിക്കറ്റ് കൈവശമുള്ള കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റി ടെക്നോളജി ആൻഡ് ഇന്നൊവേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സാമി അൽ ഷമ്മാരി അറിയിച്ചു. ടിക്കറ്റും ഇഹ്തിറാസ് വാക്സിനേഷൻ സ്റ്റാറ്റസും ഉള്ളവർക്ക് ഗാലറിയിലേക്ക് പ്രവേശനം നേടാൻ കഴിയും. അതേസമയം, നിലവിൽ ഫാൻ ഐഡിയുള്ള കാണികൾക്ക് ദോഹ മെട്രോ, കർവ ബസുകൾ ഉൾപ്പെടെയുള്ള പൊതുയാത്രാ സംവിധാനങ്ങളിൽ സൗജന്യയാത്രകൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്.
'ഫാൻ ഐ.ഡിയുടെ ആദ്യഘട്ടം പൂർത്തിയായി കഴിഞ്ഞു. പതിനായിരക്കണക്കിന് കാണികൾ ഫാൻ ഐ.ഡി കാർഡ് സംവിധാനം ഉപയോഗപ്പെടുത്തി കഴിഞ്ഞു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും പൊതുഗതാഗത സംവിധാനങ്ങൾക്കും സൗകര്യപ്രദമായി തന്നെ ഉപയോഗിച്ചു. ആദ്യഘട്ടത്തിലെ 16 മത്സരങ്ങൾ ഫാൻ ഐ.ഡി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ടൂർണമെൻറിലെ ആകെ മത്സരങ്ങളുടെ പകുതിയോളം വരുമിത്. ലഭ്യമായ വിവര ശേഖരണവും മറ്റും ലോകകപ്പിനുള്ള തയാറെടുപ്പിന് ഉപയോഗപ്പെടുത്താൻകഴിയും' -അൽ ഷമ്മാരി പറഞ്ഞു. കാണികളുടെ പ്രവേശനത്തിന് ഇനി ഫാൻ ഐ.ഡി പ്രിൻറ് ചെയ്യില്ല. എന്നാൽ, വിദേശ കാണികൾക്ക് ഫാൻ ഐ.ഡി തന്നെയായിരിക്കും രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി രേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.