ദോഹ: ഇന്ന് ലോക കാഴ്ചദിനം. ഒക്ടോബറിലെ രണ്ടാമത് വ്യാഴാഴ്ചയാണ് ലോകകാഴ്ചദിനമായി ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2019 -2020 അധ്യയന വർഷത്തിൽ രാജ്യത്തെ സർക്കാർ -സ്വകാര്യ സ്കൂളുകളിൽ നടത്തിയ കാഴ്ച പരിശോധന സർവേ റിപ്പോർട്ട് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
സർവേ പ്രകാരം സർക്കാർ സ്കൂളുകളിലെ 12.24 ശതമാനം വിദ്യാർഥികൾക്കും സ്വകാര്യ സ്കൂളുകളിലെ 21.34 ശതമാനം വിദ്യാർഥികൾക്കും കാഴ്ചയിൽ തകരാറുകളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാഴ്ചശക്തിയുടെ മാനദണ്ഡമായ 6/6 എന്ന തോതിൽ കുറഞ്ഞ വിദ്യാർഥികളിലാണ് കാഴ്ച തകരാർ നിർണയിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുമായി സഹകരിച്ച് നടത്തിയ സർവേയിൽ രാജ്യത്തെ 166 സർക്കാർ സ്കൂളുകളിൽ നിന്നും 140 സ്വകാര്യ സ്കൂളുകളിൽനിന്നുമായി ഒരു ലക്ഷത്തോളം വിദ്യാർഥികളിൽ കാഴ്ച പരിശോധന നടത്തിയെന്ന് മന്ത്രാലയത്തിലെ നോൺ കമ്യൂണിക്കബ്ൾ ഡിസീസ് മേധാവി ഡോ. ഖുലൂദ് അൽ മുതവ്വ പറഞ്ഞു.
പ്രതിവർഷം രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ ആരോഗ്യമന്ത്രാലയം പരിശോധന നടത്താറുണ്ട്. കുട്ടികളുടെ കാഴ്ച സംബന്ധിച്ച് സ്കൂൾ നഴ്സുമാർ നിർബന്ധമായും പരിശോധന നടത്തിയിരിക്കണം. തകരാറ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഹെൽത്ത് സെൻററുകളിലെത്തിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താൽമോളജിസ്റ്റായ ഡോ. ഷാദി അൽ അഷ്വാൽ പറഞ്ഞു.
വിദ്യാർഥികളിലെ 49 ശതമാനം കാഴ്ച തകരാറുകളും മയോപിയ, ഹൈപ്പറോപിയ, അസ്റ്റിഗ്മാറ്റിസം തുടങ്ങിയവ മൂലമാണ് സംഭവിക്കുന്നത്.വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട 80 ശതമാനം പ്രവൃത്തികളുടെയും ഉത്തരവാദിത്തം കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ഇതിനാൽ മറ്റു രോഗങ്ങളെക്കാൾ കാഴ്ചയാണ് പഠനത്തെ ഏറെ ബാധിക്കുന്നത്. പഠനത്തിൽ മുന്നേറ്റം നടത്തുന്നതിൽ മികച്ച കാഴ്ച പ്രധാന പങ്കുവഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.