അൽ റയ്യാനിലെ അൽഫഹം കട ഇന്നും എന്റെ ഓർമയിലുണ്ട്. ഇന്ന് നാട്ടിൽ സമൃദ്ധമായി അറേബ്യൻ ഫുഡ് വിൽക്കുന്ന കടകൾ കാണുമ്പോൾ റയ്യാനിലെ ആ കട ഞാൻ ഓർമിക്കും. 20 വർഷത്തോളം മുമ്പാണത്. ദോഹയിൽ അൽ അറബി ക്ലബിന്റെ താരമായിരുന്നു അന്ന് ഞാൻ. മൂന്നു സീസണുകളിൽ ഞാൻ അൽ അറബിക്കുവേണ്ടി കളിക്കാനിറങ്ങിയിരുന്നു. ഖത്തറിൽ അന്നും ഒരുപാട് മലയാളികളുണ്ട്. മത്സരം കഴിഞ്ഞാലോ ഒഴിവുവേളകളിലോ പപ്പേട്ടനെയും വിജയേട്ടനെയും പോലുള്ള ഇഷ്ടക്കാർ എന്നെ കൂട്ടാൻ വരും. ഭക്ഷണം കഴിക്കാൻ ക്ഷണിച്ചുകൊണ്ടുപോകുമ്പോൾ റയ്യാനിലെ ‘ചുട്ടകോഴിക്കും കുബ്ബൂസിനു’മായിരുന്നു ആദ്യപരിഗണന.
ഖത്തറിൽ ഒരുപാട് ഓർമകളുണ്ടെനിക്ക്. ശാന്തിനികേതൻ സ്കൂളിനടുത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. അന്ന് ഖത്തറിൽ വോളിബാൾ കളിക്കുന്ന ആളുകൾ ഒരുപാടുണ്ടായിരുന്നു. ചാക്കിൽ പൂഴി നിറച്ച് ഗ്രൗണ്ടുകളൊരുക്കിയിരുന്നതൊക്കെ ഓർമയുണ്ട്. സ്പോർട്സിനെ സ്നേഹിക്കുന്ന കൾച്ചർ അന്നേ ഖത്തറിനുണ്ട്. ചുരുങ്ങിയ കിലോമീറ്ററിനുള്ളിൽതന്നെ അൽ അറബി, അഹ്ലി, വക്റ തുടങ്ങി ഒട്ടേറെ ക്ലബുകളും സ്റ്റേഡിയങ്ങളുമൊക്കെ ഉള്ളത് എന്നെ അതിശയിപ്പിച്ചിരുന്നു. അന്ന് മലയാളിസംഘടനകൾ പലതും വോളി ടൂർണമെന്റുകളും നടത്തിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ ഫ്ലാറ്റിൽനിന്ന് കുട്ടികളെ കൂട്ടിവന്ന് അവരെ മൈതാനത്ത് കളിക്കാൻ വിടുന്ന കുടുംബങ്ങളൊക്കെ ഖത്തറിന്റെ കായിക സംസ്കാരത്തിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ലോകകപ്പ് ഖത്തറിന് അതിഗംഭീരമായി സംഘടിപ്പിക്കാൻ കരുത്തുപകർന്നതും ആ സംസ്കാരത്തിന്റെ പിൻബലമാണെന്നതിൽ തർക്കമില്ല.
ആ സംസ്കാരത്തിന്റെ ചുവടുപിടിച്ചാണ് ഗൾഫ് മാധ്യമത്തിന്റെ പ്രശസ്തമായ ‘ഖത്തർ റൺ’എന്ന് ഞാൻ മനസ്സിലാക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ കൈപിടിക്കുകയെന്ന ഖത്തറിന്റെ സ്പോർട്സ് നയം തന്നെയാണ് ‘ഖത്തർ റണ്ണിന്റെ’ലക്ഷ്യവും. തൊഴിലും ജീവിതസുരക്ഷയും മുൻനിർത്തി ഗൾഫ് നാടുകളിൽ ചേക്കേറുന്ന പ്രവാസികൾ ആരോഗ്യപരിപാലനത്തിനും മുൻഗണന നൽകണം. ‘ആരോഗ്യമാണ് സമ്പത്ത്’എന്ന തത്ത്വം എല്ലായ്പോഴും മുറുകെ പിടിക്കണം. കഴിയുന്നത്ര കായികവേദികളിൽ പങ്കെടുക്കണം. മത്സരങ്ങൾക്കുവേണ്ടിയല്ല, ആരോഗ്യത്തിനും ഉല്ലാസത്തിനും വേണ്ടി നമ്മൾ കളിക്കുകയും ഓടുകയും നടക്കുകയും ഒക്കെ വേണം. അതിലേക്ക് ഖത്തറിലെ എല്ലാവർക്കും അവസരമൊരുക്കുന്ന ഖത്തർ റൺ പോലുള്ള വേദികളെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഈ മാസം 24ന് നടക്കുന്ന ഖത്തർ റണ്ണിന്റെ നാലാമത് പതിപ്പിന് എന്റെ എല്ലാവിധ ആശംസകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.