ദോഹ: ഫലസ്തീന്റെ സ്വാതന്ത്ര്യപോരാട്ടങ്ങൾക്ക് രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളിലൂടെ ചുക്കാൻ പിടിച്ച മണ്ണിൽ ഇന്ന് ഇസ്മാഈൽ ഹനിയ്യക്ക് അന്ത്യനിദ്ര. ബുധനാഴ്ച ഇറാനിലെ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ ഖത്തറിലെത്തിച്ചു. തെഹ്റാനിലെ തെരുവുകൾ കണ്ണീരും പ്രാർഥനയുമായി വിട നൽകിയ രക്തസാക്ഷിക്ക്, ഇനി ഖത്തറിന്റെ മണ്ണിൽ അന്ത്യവിശ്രമം.
തെഹ്റാനിൽ പതിനായിരങ്ങൾ പങ്കെടുത്ത വിലാപയാത്രക്കും മയ്യിത്ത് നമസ്കാരത്തിനും ശേഷമായിരുന്നു മൃതദേഹം വഹിച്ചുള്ള വിമാനം ദോഹയിലേക്ക് പറന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേതൃത്വം നൽകിയ മയ്യിത്ത് നമസ്കാരത്തിൽ ഇറാൻ പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്രനേതാക്കൾ പങ്കെടുത്തു.
ഇസ്മായിൽ ഹനിയ്യയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളും, ഫലസ്തീൻ പതാകയും വഹിച്ചായിരുന്നു തെഹ്റാനിലെ ആസാദി സ്ക്വയറിൽ ആയിരങ്ങളെത്തിയത്. ഫലസ്തീനെ വാഴ്ത്തിയും പോരാടുന്ന ജനതക്ക് ഐക്യദാർഢ്യമർപ്പിച്ചും, ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തെ പ്രകീർത്തിച്ചും അവർ മുദ്രാവാക്യം വിളിച്ചു.
വെള്ളിയാഴ്ച ദോഹയിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിലും ആയിരങ്ങൾ അണിനിരക്കും. ഫലസ്തീനികൾ ഉൾപ്പെടെ നിരവധി അറബ് വംശജർ പ്രവാസികളായി കഴിയുന്ന മണ്ണ് കൂടിയാണ് ഖത്തർ.
ഫലസ്തീൻ വിമോചന പോരാട്ടത്തിന് പതിറ്റാണ്ടുകളായി നേതൃത്വം നൽകിയ നേതാവിനെ ധീരമായി യാത്രയാക്കാൻ സ്വദേശികളും താമസക്കാരുമെത്തുമ്പോൾ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളി ജനനിബിഡമായി മാറും.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞു നടക്കുന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം ലുസൈലിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുന്നത്. 2017ൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിറകെ ഗസ്സ വിട്ട ഇസ്മാഈൽ ഹനിയ്യയുടെ തുടർന്നുള്ള പ്രവർത്തനകേന്ദ്രം ഖത്തറായിരുന്നു. ദോഹയിലിരുന്നു നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങൾക്ക് ചരടുവലിച്ച അദ്ദേഹം, ഇസ്രായേലിന്റെ വധഭീഷണികൾക്കിടയിലും വിദേശയാത്രകളും കൂടിക്കാഴ്ചകളുമായി സജീവമായി.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിലേക്ക് ആക്രമണം ആരംഭിച്ചതിനു പിന്നാലെ, ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ ഹമാസിന്റെ ശബ്ദമായിരുന്നു ഇസ്മാഈൽ ഹനിയ്യ. വിവിധ ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയും, ചർച്ചകളുമായി മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ദൗത്യത്തിലും മുന്നിൽനിന്നു. ഇതിനിടെയാണ് തെഹ്റാനിൽവെച്ച് ബുധനാഴ്ച കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.