ദോഹ: സീറ്റ് ബെൽറ്റും മൊബൈൽ ഫോൺ ഉപയോഗവും സംബന്ധിച്ച സുപ്രധാന നടപടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ കൂടുതൽ വിശദീകരണങ്ങളുമായി അധികൃതർ. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും തടയാനുള്ള ഓട്ടോമേറ്റഡ് റഡാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ ട്രാഫിക് വിഭാഗം റഡാർ ഓപറേഷൻസ് മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി വിശദീകരണം നൽകി.ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്ബോഡിൽ സ്ഥാപിച്ച ഫോണിൽ തൊട്ടാലും പണിയാവും.
ഫോണോ ഡാഷ്ബോഡ് മോണിറ്ററുകളോ ഉൾപ്പെടെ ഡ്രൈവിങ്ങിനിടെ ഏതുതരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതും നിയമലംഘനമായി മാറും. റഡാർ സെൻസറുകൾ തിരിച്ചറിയുകയും പിഴക്ക് ഇടയാവുകയും ചെയ്യുമെന്ന് അദ്ദേഹം അൽ റയാൻ ടി.വിക്കു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.മുന്നിലോ മറ്റോ ആയി സ്ഥാപിച്ച ഫോണിൽ സ്പർശിക്കുന്നത് പുതിയ റഡാർ സംവിധാനം വഴി ട്രാഫിക് ലംഘനമാകും. വാഹനമോടിക്കുമ്പോൾ സമാനമായ രീതിയിൽ ഡാഷ്ബോർഡ് മോണിറ്ററുമായി ഇടപഴകുന്നതും ട്രാഫിക് ലംഘനമായി കണക്കാക്കുന്നു. മാത്രമല്ല ഇത് റഡാർ വഴി കണ്ടെത്തുകയും ചെയ്യും
.
വാഹനത്തിന്റെ ഡിസ്പ്ലേ സ്ക്രീനിൽ എന്തെങ്കിലും ദൃശ്യങ്ങൾ കണ്ടുകൊണ്ട് വാഹനമോടിക്കുന്നതും നിയമലംഘനമായി പരിഗണിക്കും. അതേസമയം, കാറിന്റെ ഡാഷ് ബോഡിലോ മറ്റോ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഹെഡ് ഫോൺ, ലൗഡ് സ്പീക്കർ എന്നിവ വഴി ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല.എന്നാൽ, മൊബൈൽ സ്ക്രീനിൽ സ്പർശിച്ചുകൊണ്ടിരിക്കുന്നതും വാട്സ്ആപ് ചാറ്റുകൾ ചെയ്യുന്നതും വായിക്കുന്നതും ദൃശ്യങ്ങൾ കാണുന്നതും സെർച്ച് ചെയ്യുന്നതുമെല്ലാം നടപടികൾക്ക് വഴിവെക്കും.
രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച റഡാർ സംവിധാനങ്ങൾ, ആഗസ്റ്റ് 27 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തി ഡ്രൈവ് ചെയ്യുന്നവരെ തിരിച്ചറിയുകയും എസ്.എം.എസ് വഴി അവർക്ക് മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്. നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴിയും ലഭ്യമാകും. സെപ്റ്റംബർ മൂന്ന് ഞായറാഴ്ച മുതൽ നിയമലംഘകർക്ക് പിഴ ഈടാക്കിത്തുടങ്ങും. 500 റിയാലാണ് പിഴ.
വഴി അറിയാനുള്ള നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഡാഷ്ബോഡിൽ സ്ഥാപിച്ച മൊബൈൽ ഫോണിലേക്കോ സ്ക്രീനിലേക്കോ നോക്കി നാവിഗേഷൻ പിന്തുടർന്ന് യാത്രചെയ്യാവുന്നതാണ്. എന്നാൽ, ഡ്രൈവിങ്ങിനിടെ ഫോണോ മറ്റ് സ്ക്രീനുകളോ തൊടാനോ നാവിഗേഷൻ സെർച്ച് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പാടില്ല. യാത്ര ആരംഭിക്കും മുമ്പേ നാവിഗേഷൻ സെറ്റ് ചെയ്ത്, എല്ലാം തയാറാക്കി വെക്കുകയാണ് വേണ്ടതെന്ന് മേജർ ഹമദ് അലി അൽ മുഹന്നദി വിശദീകരിക്കുന്നു. യാത്രക്കിടയിൽ ഫോണിൽ മാപ് പരതി, റൂട്ട് ചെയ്യാനിരുന്നാൽ പണികിട്ടുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.