ദോഹ: ഭക്ഷ്യവിഭവങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുന്നവർക്കായുള്ള സർട്ടിഫിക്കേഷനും അംഗീകാരവും സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ജൂൺ ഏഴിന് ലോക ഭക്ഷ്യസുരക്ഷ ദിനാചരണത്തോടനുബന്ധിച്ച് ഖത്തർ ചേംബർ, ഖത്തർ ടൂറിസം എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലന, ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പ്ലേസ്മെന്റ് പരീക്ഷകൾ വിജയിച്ചതിന് ശേഷം ഭക്ഷ്യസ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള സാക്ഷ്യപത്രവും അംഗീകാരവും ലഭിക്കാൻ ഭക്ഷണം കൈകാര്യം ചെയ്യുന്നവരെയും അവരുടെ മേലധികാരികളെയും പ്രേരിപ്പിക്കുക എന്നതാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരെയും സൂപ്പർവൈസർമാരെയും ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഖത്തർ ചേംബറുമായും ഖത്തർ ടൂറിസവുമായും സഹകരിച്ച് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പൊതുജനാരോഗ്യ നിലവാരമുയർത്തുന്നതിൽ ഇത് വലിയ സംഭാവന നൽകുന്നുണ്ടെന്നും മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ 1046 പേരാണ് പങ്കെടുത്തത്.
ലോക ഭക്ഷ്യസുരക്ഷ ദിനാചരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതി അടുത്തവർഷം ജൂൺ വരെ നീളും. വിനോദസഞ്ചാര മേഖലയിലെ എല്ലാ ഹോട്ടലുകളും റസ്റ്റാറന്റുകളുമാണ് പദ്ധതിയുടെ പരിധിക്കുള്ളിൽ പെടുന്നത്. പരിശീലന പരിപാടിക്കിടെ ആദ്യഘട്ടത്തിൽ വിജയികളായവരെ മന്ത്രാലയം ആദരിച്ചു. രണ്ടാംഘട്ടം 2024 ജൂലൈയിൽ ആരംഭിക്കും. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള പരിശീലനം നൽകാൻ അതത് സ്ഥാപനങ്ങൾ ഉത്തരവാദികളായിരിക്കും. അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ അഞ്ച് ഭാഷകളിൽകൂടി പരിശീലന പരിപാടികൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മന്ത്രാലയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.