ഖത്തർ, സൗദി, യു.എ.ഇ എന്നിവിടങ്ങളിൽ ഇന്നുമുതൽ ട്രോഫി പ്രദർശിപ്പിക്കും
ദോഹ: കളിയാവേശം തൊട്ടരികിലെത്തിയിരിക്കെ മേഖലയിലെ ഫുട്ബാൾ പ്രേമികളെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഏഷ്യൻ കപ്പ് ട്രോഫി ടൂറിന് വ്യാഴാഴ്ച തുടക്കം.
‘കിക്ക് ഓഫ് സെലിബ്രേഷൻ’ എന്ന പേരിൽ പത്തുദിനം നീളുന്ന പ്രചാരണ പരിപാടിയിൽ ആതിഥേയരായ ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ ട്രോഫി പ്രദർശനം നടക്കും. ഡിസംബർ 21 മുതൽ 31 വരെ നീളുന്ന പ്രദർശനത്തിൽ വിവിധ ഇടങ്ങളിലെത്തി ചാമ്പ്യന്മാർക്കുള്ള ട്രോഫിക്കൊപ്പം ചിത്രം പകർത്താനും ഭാഗ്യചിഹ്നങ്ങളായ സബൂഖ് കുടുംബത്തെ കാണാനും ആരാധകർക്ക് അവസരമുണ്ട്.
ഖത്തറിൽ മാൾ ഓഫ് ഖത്തർ, ദോഹ സിറ്റി സെന്റർ മാൾ എന്നിവിടങ്ങളിലാണ് ട്രോഫി പ്രദർശനം. സൗദി അറേബ്യയിൽ റിയാദ് സിറ്റി ബൊളെവാഡ്, മാൾ ഓഫ് ദഹ്റാൻ എന്നിവിടങ്ങളിലും യു.എ.ഇയിൽ ദുബൈ ഗ്ലോബൽ വില്ലേജ്, അബൂദബി റീം മാൾ എന്നിവിടങ്ങളിലും ട്രോഫിയും ഭാഗ്യചിഹ്നവുമെത്തും.
സബൂഖ്, തിംബ്കി, ഫ്രിഹ, സിക്രിത്, ത്രിനേഹ് എന്നീ ഭാഗ്യചിഹ്ന കുടുംബത്തിന്റെ സജീവ സാന്നിധ്യമാണ് ട്രോഫി പ്രദർശനത്തിൽ ശ്രദ്ധേയമാവുന്നത്. പ്രദർശനവേദികളിൽ കാണികൾക്ക് നിരവധി ഫുട്ബാൾ അനുബന്ധ മത്സരങ്ങളും ഒപ്പം ടൂർണമെന്റ് സ്മരണികകളുമായി നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.