ദോഹ: ഫുട്ബാളിനും ടെന്നിസിനും ക്രിക്കറ്റിനുമെല്ലാം കളിമുറ്റമുള്ള ഖത്തറിൽ മലയാളികളുടെ പ്രിയപ്പെട്ട കായിക ഇനമായ വടംവലിക്കും സ്വന്തമായൊരു വേദി സജ്ജമാവുന്നു. ഖത്തർ ഫൗണ്ടേഷനിലെ എജുക്കേഷൻ സിറ്റി ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൗണ്ടിലാണ് വടംവലി മത്സരങ്ങൾക്കായി സ്ഥിരമായൊരു വേദി തയാറാക്കിയത്.
ഖത്തറിലെ പ്രമുഖ സ്ഥാപനമായ അബ്സല്യൂട്ട് സ്പോർട്സ് തയാറാക്കിയ വടംവലി കോർട്ടിന് ഖത്തർ ഇന്ത്യൻ ടഗ് ഓഫ് വാർ അസോസിയേഷൻ (കിറ്റ്വ) ആണ് മേൽനോട്ടം വഹിക്കുന്നത്.
പതിറ്റാണ്ടിലേറെ കാലമായി ഖത്തറിലെ വടംവലി പ്രേമികളും മത്സരാർഥികളും നടത്തിയ പരിശ്രമമാണ് സ്ഥിരം കോർട്ടിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. 30 മീറ്റർ നീളമുള്ള കോൺക്രീറ്റ് കോർട്ടാണ് സജ്ജമാക്കിയത്. ഗൾഫ് രാജ്യത്തുതന്നെ ആദ്യമായാണ് വടംവലി മത്സരങ്ങൾക്കു വേണ്ടി മാത്രമായൊരു കോർട്ട് ഒരുങ്ങിയതെന്ന് സംഘാടകർ പറഞ്ഞു.
ഖത്തറിലെത്തന്നെ ഏറ്റവും വലിയ വടംവലി മത്സരത്തിലൂടെ കോർട്ടിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നിർവഹിക്കാൻ ഒരുങ്ങുകയാണ് ‘കിറ്റ്വ’. ഖത്തർ മഞ്ഞപ്പടയും കിറ്റ്വയും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂർണമെന്റോടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കാണ് ഉദ്ഘാടനം. ജേതാക്കൾക്ക് സമ്മാനമായി നൽകുന്ന കൂറ്റൻ ട്രോഫിയും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
പുരുഷ-വനിത വിഭാഗങ്ങളിലായി 30 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. മുഴുവൻ ടീമിനെയും ഉൾപ്പെടുത്തിക്കൊണ്ട് മാർച്ച് പാസ്റ്റും ഖത്തർ മഞ്ഞപ്പടയുടെ ബാൻഡ് -ശിങ്കാരി മേളവും അരങ്ങേറും. ടൂർണമെന്റ് പ്രചാരണത്തിന്റെ ഭാഗമായി ട്രോഫി ടൂറും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.