ദോഹ: എക്സ്ട്രാടൈമിലേക്കുറപ്പിച്ച കളിയുടെ അവസാന മിനിറ്റിൽ ഒരു സെൽഫ് ഗോൾ. ഓരോ കളിയിലും ഉജ്ജ്വലപോരാട്ടം കാഴ്ചവെച്ച് കുതിച്ചുപാഞ്ഞ ഈജിപ്തിന് ഗാലറിയിൽ മേധാവിത്വം നേടിയ ആരാധകർക്കുമുന്നിൽ നെഞ്ചുപിടക്കുന്ന തോൽവി.
ഫിഫ അറബ് കപ്പിെൻറ കാലശേപ്പാരാട്ടത്തിലേക്ക് തുനീഷ്യയുടെ മാർച്ച് പാസ്റ്റ്. റാസ് അബൂഅബൂദിെൻറ സ്റ്റേഡിയം 974ൽ നടന്ന വീറുറ്റ ആദ്യ സെമി ഫൈനലിലായിരുന്നു തുനീഷ്യ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയത്.
കളിയുടെ 95ാം മിനിറ്റിലായിരുന്നു വിധി നിർണയം. തുനീഷ്യയുടെ യുസുഫ് മസ്കനിയെ പോസ്റ്റിന് വെളിയിൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഷോട്ട് എടുത്തത് പത്തു മിനിറ്റ് മുമ്പ് പകരക്കാരനായെത്തിയ നയിം സ്ളിതി. പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ക്രോസ്ബാറിനും മുകളിലേക്ക് ഹെഡ് ചെയ്ത് കളയാൻ ശ്രമിച്ച അമിർ അൽ സുലായക്ക് പിഴച്ചു. പന്ത് പതിച്ചത്, കരുത്തനായ ഗോൾ കീപ്പർ മുഹമ്മദ് അൽ ഷനാവിയുടെ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വലയിൽ.
അതുവരെ തുനീഷ്യൻ ദ്വിമുഖ ആക്രമണത്തെ പ്രതിരോധിച്ചുനിന്ന മിസ്റിലെ പടയാളികൾ പതറി. ഇനിയൊരു തിരിച്ചുവരവിന് പോലും സമയമില്ലാത്ത സായാഹ്നത്തിൽ കളത്തിൽ മുട്ടുകുത്തി തോൽവി സമ്മതിക്കാൻ മാത്രമേ അവർക്കായുള്ളൂ.
അതേസമയം, തുനീഷ്യക്കിത് അർഹിച്ച ജയം കൂടിയായിരുന്നു. ആദ്യപകുതി മുതൽ ഇരു വിങ്ങുകളെയും ചടുലമാക്കി ആക്രമണം ശക്തമാക്കിയവർക്ക് പലപ്പോഴും നേരിയവ്യത്യാസത്തിലാണ് ലക്ഷ്യം അകന്നുപോയത്. ടൂർണമെൻറിൽ നാലു ഗോളടിച്ച സൈഫുദ്ദീൻ ജാസിരിയും, മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ യുവ താരം ഹനിബാൽ മജ്ബിരിയും യൂസുഫ് മസ്കനിയുമെല്ലാമായിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയത്.
തുടർച്ചയായി കോർണർ കിക്കുകൾ നേടിയും, ബോക്സിനുള്ളിൽ പന്ത് ഹോൾഡ് ചെയ്തുമെല്ലാം അവർ കളി ആവേശകരമാക്കി.
മറുപകുതിയിൽ മർവാൻ ഹംദിയും ഹുസൈൻ ഫൈസലും സിസോയും നടത്തിയ തിരിച്ചടികൾക്കൊന്നും തുനീഷ്യൻ ബോക്സിനെയും ഇളക്കാനായില്ല. ഡിസംബർ 18ന് അൽബെയ്ത് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.