ദോഹ: 2022-23 ക്രൂസ് സീസണിൽ അമ്പതിലേറെ കപ്പലുകളിലായി രണ്ടുലക്ഷം ടൂറിസ്റ്റുകൾ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ടൂറിസം, മവാനി ഖത്തർ അധികൃതർ. 2023 ഏപ്രിലിലാണ് സീസൺ അവസാനിക്കുന്നത്. നവീകരിച്ച ദോഹ തുറമുഖം ഈ സഞ്ചാരികളെ മുഴുവൻ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കുകയാണ്. ലോകകപ്പ് കാലത്ത് എ.എസ്.സി യൂറോപ, എ.എസ്.സി ഒപേറ, എ.എസ്.സി പൊയേഷ്യ അടക്കമുള്ള വമ്പൻ ക്രൂസ് കപ്പലുകൾ പോർട്ടിൽ നങ്കൂരമിട്ട് ആയിരക്കണക്കിന് ആരാധകർക്ക് ‘ഫ്ലോട്ടിങ് അക്കമഡേഷൻ’ ഒരുക്കിയിരുന്നു.
മിന ജില്ലയിൽ സ്ഥിതിചെയ്യുന്ന പോർട്ട്, ഖത്തറിന്റെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഖത്തറിലെ താമസക്കാരും സന്ദർശകരുമടക്കം നിരവധി പേരാണ് റസ്റ്റാറന്റുകളും റീട്ടെയിൽ ഷോപ്പുകളുമൊക്കെയുള്ള തുറമുഖത്തെ കാഴ്ചകളും സൗകര്യങ്ങളും ആസ്വദിക്കാനെത്തുന്നത്. ഖത്തർ നാഷനൽ മ്യൂസിയം, സൂഖ് വാഖിഫ്, മഷീരിബ് ഡൗൺടൗൺ, ദോഹ കോർണിഷ് എന്നിവിടങ്ങളിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂവെന്നതിനാൽ രാജ്യാന്തര യാത്രക്കാർക്കും തുറമുഖം ഏറെ അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
‘ഖത്തറിന്റെ ക്രൂസ് സെക്ടറിന് ഒരു പതിറ്റാണ്ടിൽ താഴെയുള്ള ചരിത്രമേ പറയാനുള്ളൂ. എന്നിട്ടും, അതിശയകരമായ രീതിയിൽ ദ്രുതവളർച്ച നേടിയതിനൊപ്പം ഇപ്പോൾ നമ്മുടെ ടൂറിസം തന്ത്രങ്ങളുടെ സുപ്രധാന ആണിക്കല്ലുകളിലൊന്നായി അത് മാറിയിരിക്കുന്നു. ദോഹ തുറമുഖം സ്ഥിതി ചെയ്യുന്നത് ദോഹ നഗരത്തിന്റെ ഹൃദയഭാഗത്താണെന്നതിനാൽ ഇവിടെയെത്തുന്ന സന്ദർശകർക്ക് അവരുടെ ഏറിയ സമയവും ദോഹയിൽ ചെലവഴിക്കാനുള്ള തകർപ്പൻ അവസരവും അത് നൽകുന്നു. ഇനിയും ഇവിടെയെത്തുന്ന ആയിരക്കണക്കിന് സന്ദർശകർക്ക് ഖത്തറിന്റെ വിവിധങ്ങളായ ടൂറിസം സാധ്യതകൾ അനുഭവിക്കാൻ കഴിയുമെന്ന ഉറപ്പുനൽകി അവരെ സ്വാഗതം ചെയ്യുന്നു’ -ഖത്തർ ടൂറിസത്തിൽ ടൂറിസം പ്രൊഡക്ട് സപ്പോർട്ട് മേധാവിയായ മർയം സഊദ് പറയുന്നു.
മേഖലയിലെ മുൻനിര ടൂറിസം കേന്ദ്രമെന്ന സ്ഥാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഖത്തർ തുടരുമെന്ന് മവാനി ഖത്തറിന്റെ പബ്ലിക് റിലേഷൻസ് മാനേജർ ഹമദ് അലി അൽ അൻസാരി പറഞ്ഞു. ‘ദോഹ തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ ഏറെ വികസിപ്പിച്ചതിനാൽ, വലിയ ക്രൂസ് കപ്പലുകളെ സ്വീകരിക്കാൻ നമുക്ക് കഴിയും. തീർച്ചയായും, ദോഹ തുറമുഖം മേഖലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ടൂറിസം ഹബ്ബെന്ന നിലയിലുള്ള ഖത്തറിന്റെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ടൂറിസം സീസണിൽ ക്രൂസ് വ്യവസായത്തിന് കരുത്തുപകരുകയെന്നതും ഞങ്ങൾ ഉറ്റുനോക്കുന്നു. ഓരോ ക്രൂസ് സീസണിലും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യാത്രയുടെ ഓരോ ഘട്ടവും ആസ്വദിക്കാനും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ഞങ്ങൾ മുൻഗണന നൽകാറുണ്ട്’ -അൽ അൻസാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.