ദോഹ: ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ്പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ഒടുവിൽ യു.എ.ഇയും പിന്തുണച്ചു. യു.എ.ഇ നിലപാട് പരിഹാര നടപടികൾക്ക് കൂടുതൽ കരുത്തുപകരുന്നതായി. അറബ്ലോകത്തെ ഐക്യം ശക്തിപ്പെടുത്തുന്നതിനായുള്ള കുവൈത്തിെൻറയും സൗദിയുടെയും അമേരിക്കയുടെയും ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നാണ് കഴിഞ്ഞദിവസം യു.എ.ഇ വിദേശകാര്യസഹമന്ത്രി ഡോ. അൻവർ ഗർഗാഷ് ട്വീറ്റ് ചെയ്തത്. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര-വ്യോമ-കടൽ ഉപരോധം തുടങ്ങിയത്. പ്രശ്നം പരിഹരിക്കുന്നതിന് തുടക്കം മുതൽ കുവൈത്ത് നടത്തുന്ന മാധ്യസ്ഥ്യശ്രമങ്ങൾക്കൊടുവിൽ ഖത്തറും സൗദിയും കരാറിലെത്തിയിട്ടുണ്ട്.
സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാറെന്നാണ് സൂചനകൾ. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് യു.എ.ഇ നിലപാട് അറിയിക്കുന്നത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തോടെയാണ് നടപടികൾ ത്വരിതഗതിയിലായത്. പരിഹാര കരാറുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്തുനടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിൽ ഉണ്ടായേക്കും. ഈമാസം ബഹ്റൈനിലാണ് 41ാം ജി.സി.സി ഉച്ചകോടി നടക്കുകയെന്നറിയുന്നു.
ഖത്തർ, സൗദി, യു.എ.ഇ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ അല്ലെങ്കിൽ ഖത്തർ, സൗദി രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളാണ് പ്രതിസന്ധി പരിഹാരത്തിനായി നടക്കുന്നതെന്നാണ് തുടക്കം മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിഹാര കരാർ സംബന്ധിച്ച് യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ പ്രതികരിക്കാതിരുന്ന സാഹചര്യം നിലവിൽ മാറിക്കഴിഞ്ഞു. ഉപരോധം ഏർപ്പെടുത്തിയ പ്രധാന രാജ്യമായ യു.എ.ഇയും പച്ചക്കൊടി കാട്ടിയതോടെ നടപടികൾ ഫലപ്രാപ്തിയിൽ എത്തുകയാണ്. ഇതിനകം പ്രമുഖർ പരിഹാരനടപടികൾ സ്വാഗതം ചെയ്തിട്ടുണ്ട്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഗൾഫ് ഐക്യത്തിനായുള്ള കുവൈത്തിെൻറ നിരന്തര ശ്രമങ്ങൾക്ക് ഖത്തർ അമീർ നന്ദി അറിയിച്ചു.
ഉപരോധം ഉടൻ പരിഹരിക്കപ്പെടുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിമും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഉപരോധവുമായി ബന്ധപ്പെട്ട് സൗദിയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യപ്രതികരണമായിരുന്നു അത്. കരാർ ചരിത്രപരമായ നേട്ടമാണെന്നാണ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് അറിയിച്ചത്. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയാണ് പുതിയ തീരുമാനമെന്നും തുടക്കം മുതൽ പ്രതിസന്ധി പരിഹാരത്തിന് കുവൈത്ത് നടത്തിയ മാധ്യസ്ഥ്യ ശ്രമങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരിഹാരശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അസ്സബാഹും ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പറഞ്ഞിരുന്നു. നിർണായക ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യസഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുൽവ അൽഖാതിറും നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഹാരനടപടികൾ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും സ്വാഗതം ചെയ്തിട്ടുണ്ട്.
2017 ജൂൺ അഞ്ചിന് പുലർച്ചയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഉപാധികളില്ലാത്ത, രാജ്യത്തിെൻറ പരമാധികാരം മാനിക്കുന്ന ഏതുതരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിെൻറ തുടക്കം മുതലുള്ള നിലപാട്. അതേസമയം, അധികാരമൊഴിയുന്നതിനുമുമ്പുതന്നെ അന്തിമതീരുമാനത്തിലെത്തി തങ്ങളുടെയും ഇസ്രായേലിെൻറയും ഇറാൻ വിരുദ്ധനിലപാടുകൾക്ക് കൂടുതൽ അനുകൂല സാഹചര്യങ്ങൾ ഒരുക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.