ദോഹ: ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സേവന സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഖത്തർ ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ്. പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് പിഴ ഉൾപ്പെടെ നടപടി സ്വീകരിച്ചതായി ‘ഔഖാഫ്’ അറിയിച്ചു.
മന്ത്രാലയത്തിന്റെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ജുഡീഷ്യൽ പൊലീസ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്. കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കേസ് കൈമാറിയതായി അറിയിച്ചു.
ഉംറ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഹജ്ജ്, ഉംറ കാര്യ വകുപ്പിൽനിന്ന് ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധമായ നിയമങ്ങളും നിർദേശങ്ങളും പാലിച്ചു മാത്രമെ സേവനങ്ങൾ നടത്താൻ അനുമതിയുണ്ടാവൂ.
സ്ഥാപനങ്ങൾ ബിസിനസ് ലൈസൻസ് നേടിയിട്ടുണ്ടോ എന്നും, നിയമങ്ങൾ പാലിച്ചാണ് സേവനം നൽകുന്നത് എന്നും ഉറപ്പുവരുത്തുന്നതിനായി ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്പെക്ടർമാർ പരിശോധന നടത്തുമെന്നും ഓർമിപ്പിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. തീർഥാടകർക്ക് സുരക്ഷിതവും, ഏറ്റവും മികച്ചതുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ലൈസൻസിങ് ഉൾപ്പെടെ നടപടികൾ മന്ത്രാലയം പാലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.