ദോഹ: ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിൽ അമീറിനൊപ്പം ഉന്നതതല സംഘവും പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിെൻറ ഭാഗമായാണ് ലോകരാജ്യങ്ങളുടെ സമ്മേളനം. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്ട്ര നേതാക്കളാണ് പങ്കെടുക്കുന്നത്. ആഗോളതാപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും കരാറുകളും ഉച്ചകോടിയിലുണ്ടായേക്കും.
പാരിസ് ഉടമ്പടിയിലെ നിർദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികൾ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രതിജ്ഞചെയ്തിട്ടുണ്ട്. കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിെൻറ (സി.ഒ.പി.) 26ാം സമ്മേളനമാണിത്. പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക കർമപദ്ധതി പ്രഖ്യാപിച്ച ഖത്തർ, കാർബൺ ബഹിർഗമനം തടയാനുള്ള പദ്ധതികളിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.