ദോഹ: പൊള്ളുന്ന ചൂടിനിടയിൽ, നട്ടുച്ച വെയിലിനെയും വകവെക്കാതെ അവർ അരിശത്തോടെ മുഷ്ടിചുരുട്ടി വാനിലേക്കുയർത്തി ഫലസ്തീനോടും ഗസ്സയിൽ പിടഞ്ഞുവീഴുന്ന മനുഷ്യരോടും ഐക്യപ്പെട്ട് ഒന്നിച്ചു.
‘ബിർറൂഹ്...ബിദ്ദം... നഫ്ദീക് യാ അഖ്സാ.. (രക്തം നൽകിയും ജീവൻ നൽകിയും അഖ്സയെ സംരക്ഷിക്കും..), സീരീ സീരീ യാ ഖസ്സാം... തുടങ്ങി കണ്ഠമിടറും ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നൂറുകണക്കിനു പേർ ഒത്തുചേർന്ന് ഫലസ്തീന് പിന്തുണയർപ്പിച്ചു.
ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ രണ്ടാമത്തെ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരശേഷം ദോഹയിലെ പ്രധാന പള്ളിയായ ഇമാം അബ്ദുൽ വഹാബ് മസ്ജിദിനു മുന്നിലെ രംഗം ഇങ്ങനെയായിരുന്നു. കൂറ്റൻ ഫലസ്തീൻ പതാകകളും വെള്ളയും കറുപ്പും നിറങ്ങളിലെ ഫലസ്തീൻ ഖഫിയ്യകളുമായി സ്ത്രീകളും ചെറുപ്പക്കാരും മുതിർന്നവരും കുട്ടികളുമെല്ലാം ഒത്തുചേർന്ന് തങ്ങളുടെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചു.
ഗസ്സയിലെ ബോംബിങ് നിർത്തുക, ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കുക, നിരപരാധികളുടെ കൂട്ടക്കുരുതി നിർത്തുക തുടങ്ങിയ സന്ദേശങ്ങളുമായി പ്ലക്കാർഡുകളും അണിനിരന്നു.
ജുമുഅ നമസ്കാരശേഷം നടന്ന ഒത്തുചേരൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഖത്തറിലെ വിവിധ അറബ് രാജ്യക്കാരായ പ്രവാസികൾക്കൊപ്പം മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ബംഗ്ലാദേശികളുമെല്ലാം ഫലസ്തീന് പിന്തുണയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.