ദോഹ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ഡിജിറ്റൽ മീഡിയ കാരണമാകുന്നത് സൂക്ഷിക്കണമെന്ന് ഖത്തർ യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ‘നിജസ്തിഥി അന്വേഷിക്കുക’ എന്ന തലക്കെട്ടിൽ നടത്തിയ സെമിനാർ ആവശ്യപ്പെട്ടു. എന്തും ഏതും കൺമുൻപിൽ എത്തുന്ന മാത്രയിൽ മറ്റുള്ളവരിൽ എത്തിക്കാനുള്ള വ്യഗ്രതയാണ് ഇതിന് കാരണം. തെൻറ മുൻപിൽ എത്തുന്ന വാർത്ത ഏതായാലും അതിെൻറ നിജസ്തിഥി അന്വേഷിക്കാനുള്ള സാമാന്യ ബോധം എല്ലാവരും കാണിക്കുകയാണ് വേണ്ടതെന്ന ഏകാഭിപ്രായമാണ് ഉയർന്നത്. യൂനിവേഴ്സിറ്റി മാസ് കമ്മ്യൂണിക്കേഷൻസ് വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖരാണ് സംബന്ധിച്ചത്.
ഇന്ന് വാർത്തകൾ മൂടി വെക്കാൻ കഴിയുന്ന കാലമല്ലെന്ന് അധ്യക്ഷത വഹിച്ച ജാസിം സൽമാൻ അഭിപ്രായപ്പെട്ടു. എന്നാൽ ഒരാൾ നൽകുന്ന തെറ്റായ വാർത്ത നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ പ്രചരിക്കപ്പെടുമെന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് മനസ്സിലാക്കി വേണം ഏത് കാര്യവും പോസ്റ്റ് ചെയ്യാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് ഇത്തരം സന്ദർഭങ്ങളിൽ വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ഹസ്സൻ അൽസ്സാഇ അഭിപ്രായപ്പെട്ടു. ഒന്നാമതാകാൻ ആദ്യം തെൻറ വാർത്ത പോകട്ടെയെന്ന് തീരുമാനിക്കുമ്പോൾ നൽകുന്ന വാർത്തയുടെ ആധികാരികത ഉറപ്പ് വരുത്താൻ ഓരോ മാധ്യമ പ്രവർത്തകനും പ്രതിഞ്ജാബദ്ധനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടാതിരിക്കാൻ മുൻകരുതൽ എപ്പോഴും ആവശ്യമാണെന്ന് ഹസൻ അൽസ്സാഇ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളാകട്ടെ പ്രിൻ്റ് മീഡിയകളാകട്ടെ തെറ്റായ വാർത്ത നൽകിയാൽ നിയമപരമായി കുറ്റകരമായ നടപടിയണെന്ന് പ്രമുഖ അഭിഭാഷകൻ ഹമദ് അൽയാഫിഇ വ്യക്തമാക്കി.
തടവും പിഴയും ലഭിക്കാകുന്ന കുറ്റമാണിത്. ഓരോരുത്തരും സ്വയം നിയന്ത്രിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഇത്തരം കുറ്റ കൃത്യങ്ങൾ ഒഴിവാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.