ദോഹ: ഇന്ത്യൻ ഡിജിറ്റൽ പേമെൻറ് സംവിധാനമായ യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ഇനി ഖത്തറിലും ഷോപ്പിങ് നടത്താം.ഇന്ത്യയിൽനിന്നുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമെല്ലാം ക്യു.ആര് കോഡ് സ്കാൻ ചെയ്ത് പണമിടപാട് സാധ്യമാക്കുന്ന യു.പി.ഐ സൗകര്യമൊരുക്കുന്നതിന് ഖത്തര്‍ നാഷനല്‍ ബാങ്കും (ക്യു.എൻ.ബി) എൻ.പി.സി.ഐ ഇൻറര്‍നാഷനല്‍ പേമെൻറ് ലിമിറ്റഡും തമ്മില്‍ ധാരണയിലെത്തി.
ഇന്ത്യക്കാർക്ക് തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ് ഉപയോഗിച്ചു തന്നെ ഷോപ്പിങ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ നീക്കം.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗൂഗ്ൾ പേ, ഫോൺ പേ ഉൾപ്പെടെ പേമെൻറ് ആപ് വഴി ഇങ്ങനെ രാജ്യത്തുടനീളം പണമിടപാട് നടത്താം. റസ്റ്റാറൻറുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാകും.
ഖത്തറിലെ റീട്ടെയില്‍-റസ്റ്റാറൻറ് മേഖലകളിലെ വലിയ സാന്നിധ്യമായ ഇന്ത്യന്‍ പ്രവാസി സംരംഭകർക്കും ഗുണകരമായി ഉപയോഗപ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എൻ.ഐ.പി.എല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
സന്ദർശകരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെ ഖത്തറിലെ വലിയൊരു വിഭാഗം ഇന്ത്യക്കാർക്ക് തങ്ങളുടെ ഇടപാടുകൾ ഏറ്റവും വേഗത്തിൽ സാധ്യമാക്കുന്നതാണ് പുതിയ കരാറെന്ന് എൻ.പി.സി.ഐ ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ പറഞ്ഞു. ജൂൺ അവസാന വാരത്തിൽ യു.പി.ഐ സേവനം യു.എ.ഇയിലും നിലവിൽ വന്നിരുന്നു. മിഡിലീസ്റ്റ്, ആഫ്രിക്ക ഉൾപ്പെടെ 28 രാജ്യങ്ങളിലായി ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയാണ് ഖത്തർ നാഷനൽ ബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.