ദോഹ: വാക്സിൻ സ്വീകരിച്ചവരും കോവിഡ് രോഗമുക്തരുമായ വിദ്യാർഥികൾക്ക് അടുത്തയാഴ്ച മുതൽ സ്കൂളുകളിലെത്താൻ റാപിഡ് ആന്‍റിജൻ പരിശോധന വേണ്ടെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഒമിക്രോൺ വ്യാപനത്തിനു പിന്നാലെ, ജനുവരി അവസാനം സ്കുളുകളിൽ വീണ്ടും ക്ലാസുകൾ ആരംഭിച്ചപ്പോൾ ഏർപ്പെടുത്തിയ നിർദേശത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. ക്ലാസുകളിൽ പ്രവേശനം നൽകാൻ വിദ്യാർഥികൾ നടത്തേണ്ട പ്രതിവാര കോവിഡ് പരിശോധനയിൽ നിന്നാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെയും രോഗമുക്തരെയും ഒഴിവാക്കിയത്. ഇവർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ രോഗമുക്തി നേടിയതിനായി ഹെൽത്ത് സെന്‍ററിൽ നിന്നുള്ള സർട്ടിഫിക്കറ്റോ ഹാജരാക്കിയാൽ മതിയാവും. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതുമാസം വരെയാണ് വാക്സിനേറ്റഡായി പരിഗണിക്കുക. അതേസമയം, രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത വിദ്യാർഥികൾ ഹോം കിറ്റ് ഉപയോഗിച്ച് റാപിഡ് ആന്‍റിജൻ പരിശോധന നടത്തിയാണ് വിദ്യാർഥികളെ സ്കൂളുകളിലേക്ക് വിടേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് അതത് സ്കൂൾ വഴി തന്നെ ടെസ്റ്റിങ് കിറ്റുകൾ ലഭ്യമാക്കും. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷക്കുള്ള മുൻകരുതൽ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളെ ഓർമിപ്പിച്ചു.
20 മുതൽ ക്ലാസുകൾ പൂർവസ്ഥിതിയിലേക്ക്
ഫെബ്രുവരി 20 മുതൽ സ്കൂളുകൾ കോവിഡ് പൂർവകാലത്തെ സമയക്രമത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫിസിക്കൽ എജുക്കേഷൻ ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, യാത്രകൾ തുടങ്ങിയവയും വരും ആഴ്ചകളിൽ ആരംഭിക്കും. കോവിഡ് മുൻകരുതലുകളെല്ലാം പാലിച്ചുകൊണ്ടായിരിക്കും സ്കൂളുകളുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.