ദോഹ: ദേശീയ കോവിഡ് വാക്സിൻ പ്രചാരണത്തിന് വിദ്യാഭ്യാസ മേഖലയിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്കൂളുകളിലെ അധ്യാപകർ, ജീവനക്കാർ, സ്കൂൾ സ്റ്റാഫ്, വിദ്യാർഥികൾ ഉൾപ്പെടെയുള്ള സമൂഹത്തിൽനിന്നും പൂർണ പിന്തുണ ലഭിച്ചു. 90 ശതമാനത്തോളം സ്കൂൾ ജീവനക്കാരും വാക്സിൻ സ്വീകരിച്ച് കോവിഡ് പ്രതിരോധം ആർജിച്ചു കഴിഞ്ഞു.
വിദ്യാർഥികളിൽ വാക്സിൻ സ്വീകരിക്കാൻ അർഹരായ 12 നും 17നും ഇടയിൽ പ്രായമുള്ളവരിൽ 70 ശതമാനവും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു. ഈ പിന്തുണ ആവേശം നൽകുന്നതാണ്. കുട്ടികൾക്ക് വാക്സിൻ നൽകാൻ മുന്നോട്ടുവന്ന രക്ഷിതാക്കൾ അഭിനന്ദനം അർഹിക്കുന്നു -ഡോ. അൽ മസ്ലമാനി പറഞ്ഞു. അധ്യാപകരും അനധ്യാപകരും ഉൾപ്പെടുന്ന സ്കൂൾ ജീവനക്കാരിൽ ശേഷിച്ച 10 ശതമാനം വരും ദിവസങ്ങളിൽ വാക്സിൻ എടുക്കും. കോവിഡിൻെറ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിച്ച് പ്രതിരോധശേഷി നേടുക മാത്രമാണ് ആരോഗ്യ സുരക്ഷക്കുള്ള ഏകവഴിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നിലവിൽ രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്നും, പ്രതിദിനം 20,000ത്തിന് മുകളിൽ ആളുകൾക്ക് വാക്സിൻ നൽകുന്നതായും ഡോ. മസ്ലമാനി പറഞ്ഞു. സമ്പൂർണ വാക്സിനേഷൻ പൂർത്തിയാവുന്നതോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റാനും, പൊതുപരിപാടികൾ സജീവമാകാനും സ്കൂൾ ക്ലാസ്മുറികൾ 100ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും കഴിയും.ആഗസ്റ്റ് 29ന് സ്കൂൾ പ്രവൃത്തി ദിനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ മുൻ നിർത്തി മാർഗനിർദേശങ്ങളോടെയാണ് സ്കൂൾ പ്രവൃത്തി ആരംഭിക്കുന്നത്. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർഥികൾക്കാവും പ്രവേശനം. ഓൺലൈൻ- ഓഫ്ലൈൻ ആയി റൊട്ടേഷൻ അടിസ്ഥാനത്തിൽ െബ്ലൻഡിഡ് ലേണിങ് സംവിധാനത്തിലാവും അക്കാദമിക് വർഷം ആരംഭിക്കുന്നത്. സ്കൂൾ കാമ്പസിൽ പ്രവേശിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.
ഓരോ ആഴ്ചയിലെയും കോവിഡ് റിപ്പോർട്ടുകൾ പരിഗണിച്ചും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കണക്കിലെടുത്തും ആരോഗ്യ മന്ത്രാലയത്തിൻെറ പ്രത്യേക സമിതി രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തും. അതിൻെറ അടിസ്ഥാനത്തിലാവും കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങൾ സംബന്ധിച്ച് കമ്മിറ്റി മാറ്റങ്ങൾക്ക് നിർദേശം നൽകുക -ഡോ. അൽ മസ്ലമാനി പറഞ്ഞു.
പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പായി 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിച്ചുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് പി.എച്ച്.സി കമ്യൂണിറ്റി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഹന ഖുദൈർ ആവശ്യപ്പെട്ടു. 12നും 15നുമിടയിൽ പ്രായമുള്ള 60 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചതായും കാര്യമായ പാർശ്വഫലങ്ങളൊന്നും ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കുട്ടികളുടെ വാക്സിനേഷനിൽ രക്ഷിതാക്കൾ പ്രത്യേക ജാഗ്രത കാട്ടണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.