ദോഹ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പുതു ചരിത്രമെഴുതി ഖത്തർ. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെൻറർ തയാറാക്കിയാണ് ഏറ്റവും പുതിയ നേട്ടം കൈവരിച്ചത്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ, ഖത്തർ ചാരിറ്റി എന്നിവർ ആഭ്യന്തര മന്ത്രാലയത്തിൻെറയും കോണോകോ ഫിലിപ്സ് ഖത്തറിെൻറയും സഹകരണത്തോടെയാണ് വിശാലമായ വാക്സിനേഷൻ സെൻറർ ഒരുക്കിയത്. രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വേഗം വർധിപ്പിക്കാനും വാക്സിനേഷൻ ദ്രുതഗതിയിലാക്കാനും ലക്ഷ്യമിട്ടാണ് ഇത് തയാറാക്കിയതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി അറിയിച്ചു.
ഈ വർഷം തന്നെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകുമെന്നായിരുന്നു വർഷാദ്യത്തിലെ പ്രഖ്യാപനം. അതിനായി കഠിനാധ്വാനം ചെയ്ത ആരോഗ്യ പ്രവർത്തകർക്കും സഹകരിച്ച ജനങ്ങൾക്കും നന്ദി. മുൻനിശ്ചയിച്ച പ്രകാരംതന്നെ വാക്സിനേഷൻ പ്രവർത്തനം മുന്നോട്ടുപോവുകയാണ്.ശേഷിക്കുന്നവർക്ക് എത്രയും വേഗത്തിലും ലളിതമായും വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യം' മന്ത്രി പറഞ്ഞു.
മൂന്നു ലക്ഷം ചതുരശ്ര മീറ്റർ വിശാലതയിലാണ് സെൻറർ ഒരുക്കിയത്. 300ലേറെ വാക്സിനേഷൻ സ്റ്റേഷനുള്ള ഇവിടെ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 700ഓളം ജീവനക്കാരുടെ സേവനവും ലഭിക്കും. പ്രതിദിനം 25,000 ഡോസ് കുത്തിവെക്കാൻ ശേഷിയുള്ളതാണ് സെൻറർ. രാജ്യത്തെ വ്യാപന, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വാക്സിൻ നൽകൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് വിശാലമായ സെൻറർ തയാറാക്കിയതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി മെഡിസിൻ സീനിയർ കൺസൽട്ടൻറും ഖത്തർ വാക്സിനേഷൻ സെൻറർ തലവനുമായ ഡോ. ഖാലിദ് അബ്ദുൽനൂർ അറിയിച്ചു.
ദേശീയ കോവിഡ് വാക്സിൻ പ്രോഗ്രാമിൻെറ ഭാഗമായി ഇതിനികം മൂന്നു ലക്ഷം വ്യാപാര വ്യവസായ മേഖലകളിലെ തൊഴിലാളികൾ കുത്തിവെപ്പെടുത്തു കഴിഞ്ഞു. പുതിയ സെൻറർ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പംതന്നെ നിലവിലെ 27 ഹെൽത്ത് സെൻററുകൾ വഴിയുള്ള വാക്സിനേഷൻ തുടരും.
ഇതോടെ രാജ്യത്തെ പ്രതിദിന കോവിഡ് വാക്സിനേഷൻ ശേഷം 40,000 ഡോസ് ആയി ഉയരുമെന്ന് പി.എച്ച്.സി എം.ഡി ഡോ. മർയം അബ്ദുൽ മാലിക് അറിയിച്ചു.
പുതിയ വാക്സിനേഷൻ സെൻററിലേക്കുള്ള രജിസ്ട്രേഷന് സംവിധാനമൊരുക്കിയതായി ഡോ. അബ്ദുൽ നൂർ അറിയിച്ചു. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാക്സിനേഷൻ QVC@hamad.qa എന്ന വിലാസത്തിലേക്ക് ഇ–മെയിൽ വഴി ബുക്ക് ചെയ്യാം. ചൂട് കാരണം രണ്ട് ഡ്രൈവ് ത്രൂ സെൻററുകളുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചിരുന്നു. എന്നാൽ, പുതിയ സെൻറർ തയാറായതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.