ദോഹ: ഗസ്സ മുനമ്പിലെ നരനായാട്ടിനെ കടുത്ത ഭാഷയിൽ അപലപിച്ച് മന്ത്രിസഭ. സ്ത്രീകളെയും കുട്ടികളെയുമടക്കം നിരവധി ആളുകളെ കൊലപ്പെടുത്തുകയും പരിക്കേൽപിക്കുകയും ചെയ്യുന്ന ഇസ്രായേലിൻെറ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഇതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു. വിഡിയോ കോൺഫറൻസ് വഴി നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ല അസീസ് ആൽഥാനി അധ്യക്ഷതവഹിച്ചു.
ഗസ്സയിലെ നിരായുധരായ സിവിലിയൻമാർക്കു നേരെ കഴിഞ്ഞ 10 ദിവസത്തിലധികമായി തുടരുന്ന ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യാവകാശ നിയമങ്ങൾക്കുംവിരുദ്ധമാണ്. കരുതിക്കൂട്ടിയുള്ള വംശഹത്യയാണ് ഗസ്സയിലും ഫലസ്തീനിലെ മറ്റു പ്രദേശങ്ങളിലും ഇസ്രായേൽ നടപ്പാക്കുന്നത്. അൽ അഖ്സ പള്ളിയുടെ പരിശുദ്ധിക്ക് കളങ്കംവരുത്തുകയാണ് ഇസ്രായേൽ.
ഇസ്രായേലിൻെറ ആക്രമണങ്ങൾക്കെതിരെ, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുന്ന ഫലസ്തീൻ സഹോദരങ്ങൾക്ക് മന്ത്രിസഭ ആശംസ അറിയിച്ചു. ഫലസ്തീനികളുടെ മുഴുവൻ അവകാശങ്ങളും തിരികെ ലഭിക്കുന്നതുവരെ ഖത്തറിൻെറ പിന്തുണയുണ്ടാകുമെന്നും മന്ത്രിസഭ അറിയിച്ചു. 1967ലെ അതിർത്തികൾ പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമെന്ന അവരുടെ അവകാശങ്ങൾക്കായി ഖത്തർ നിലകൊള്ളും.
ശൂറാ കൗൺസിൽ ഇലക്ഷനുമായി ബന്ധപ്പെട്ട ഇലക്ടറൽ സിസ്റ്റം കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഈ വർഷം ഒക്ടോബറിൽ ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന 2020 നവംബർ മൂന്നിന് 49ാമത് ശൂറാ കൗൺസിൽ യോഗത്തിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശത്തെ തുടർന്നാണ് ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് നിയമം തയാറാക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.