ദോഹ: ലോകകപ്പിന്റെ ആവേശങ്ങളിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള ആരാധകർ ശ്രദ്ധിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യാതെ, വെറുതെ ഖത്തറിലെത്തി ലോകകപ്പിന്റെ ഭാഗമാകാനുള്ള മോഹം നടക്കില്ലെന്ന സൂചനയുമായി ഖത്തർ ടൂറിസം വക്താവ്.
ലോകകപ്പ് ഫുട്ബാൾ നടക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ ടിക്കറ്റും ഫാൻ ഐ.ഡിയായ ഹയ്യ കാർഡും കൈവശമുള്ളവർക്കു മാത്രമായിരിക്കും ഖത്തറിലേക്ക് പ്രവേശനമുണ്ടാവുകയെന്ന് ഇംഗ്ലണ്ടിലെ 'ദ സൺ' പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർഹോൾഡ് ട്രെങ്കൽ പറഞ്ഞു.
'ഫാൻ ഐ.ഡിയുള്ളവർക്ക് മാത്രമായിരിക്കും ലോകകപ്പ് കാലത്ത് ഖത്തറിലേക്ക് പ്രവേശനം. അല്ലാത്തവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല' -അദ്ദേഹം പറഞ്ഞു. അതേസമയം, ഖത്തർ റസിഡന്റായവർക്ക് ഇത് ബാധകമായിരിക്കില്ലെന്നും ബെർഹോൾഡ് ട്രെങ്കൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച ആരംഭിച്ചതിനു പിന്നാലെയാണ് ഖത്തർ ടൂറിസം ഉന്നത ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് വിശദീകരിക്കുന്നത്. റാൻഡം നറുക്കെടുപ്പിലൂടെയാണ് രണ്ടാംഘട്ട ടിക്കറ്റുകൾ അനുവദിക്കുന്നത്.
ടിക്കറ്റ് സ്വന്തമാക്കിയവർ ഹയ്യ കാർഡിനും അപേക്ഷിക്കണം. ഖത്തറിന് പുറത്തുള്ളവർ അക്കമഡേഷൻ പോർട്ടൽ വഴി താമസത്തിന് ബുക്ക് ചെയ്തുവേണം ഫാൻ ഐ.ഡിക്ക് ബുക്ക് ചെയ്യാൻ.
നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ 12 ലക്ഷത്തോളം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ലോകകപ്പിനെത്തുന്ന കാണികൾക്ക് ഒരുക്കുന്ന താമസ സൗകര്യങ്ങൾ അർഹരായവർക്ക് ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ടിക്കറ്റും ഫാൻ ഐ.ഡിയും ഉള്ളവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുന്നത്.
വിദേശ കാണികൾക്ക് ഹയ്യ കാർഡ് തന്നെയാവും രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിസയായും ഉപയോഗിക്കുക.
മാച്ച് ടിക്കറ്റുള്ളവർക്കും വേദികളിൽ പ്രവേശിക്കാൻ ഹയ്യ കാർഡ് നിർബന്ധമാണ്.
പൊതുഗതഗാത സംവിധാനങ്ങളിലെ സൗജന്യ യാത്ര ഉൾപ്പെടെ ആനുകൂല്യങ്ങളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.