വിറ്റാമിൻ ഗുളികകളും ഡോക്​ടറുടെ നിർദേശപ്രകാരം മതി: കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന്​ തെളിഞ്ഞിട്ടില്ല

കോവിഡ്-19നെ പ്രതിരോധിക്കാനെന്ന പേരിൽ അമിതമായി വിറ്റാമിൻ ഗുളികകൾ കഴിക്കുന്നത് അപകടകരമാണെന്നും ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ വിറ്റാമിൻ ഗുളികകൾ കഴിക്കുന്നതിെൻറ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിക്കുന്നു. കോവിഡ്-19നെതിരെ ഫലപ്രദമായ പ്രതിരോധ മാർഗമാണ് വിറ്റാമിൻ ഗുളികകളെന്ന് സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണമുണ്ട്​. പ്രാദേശിക ഫാർമസികളിൽ വിറ്റാമിൻ സി, ഡി, സിങ്ക് തുടങ്ങിയ ഗുളികകൾക്കായി നിരവധിപേർ കോവിഡ്​ കാലത്ത്​ എത്തുന്നുമുണ്ട്​.

ഇത്തരം ഗുളികകളുടെ അമിത ഉപയോഗവും ഡോക്ടറുടെ നിർദേശം കൂടാതെ ഗുളികകൾ ഉപയോഗിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ചില ഗുളികകൾ ശരീരത്തെ തന്നെ ബാധിക്കും. ശരീരത്തിെൻറ പ്രതിരോധ ശേഷി നിലനിർത്തുന്നതിലും വർധിപ്പിക്കുന്നതിലും വിറ്റാമിനുകൾക്കും ധാതുക്കൾക്കും വലിയ പങ്ക് വഹിക്കാനാകും. എന്നാൽ കോവിഡ്-19 പോലെയുള്ള രോഗങ്ങൾക്ക് പ്രതിവിധിയെന്നോണം ഇത്തരം ഗുളികകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കോവിഡ്-19നെ വിറ്റാമിൻ, ധാതു ഗുളികകൾക്ക് പ്രതിരോധിക്കാൻ കഴിയുമെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല.

വിറ്റാമിൻ സിയുടെ അമിത ഉപയോഗം അതിസാരം, മനം പിരട്ടൽ, ഛർദി തുടങ്ങിയ രോഗങ്ങൾക്കും ചിലപ്പോൾ മൂത്രാശയത്തിലെ കല്ലിന് വരെ കാരണമാകും. വിറ്റാമിൻ ഡി ഗുളികകൾ ഉപയോഗിക്കുന്നത് രക്തത്തിൽ കാത്സ്യത്തിെൻറ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന ഹൈപ്പർകാൽസീമിയ രോഗത്തിന് കാരണമാകും. ഹൃദയസ്​പന്ദനത്തെ വരെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്​ഥകൾ ഇതുമൂലം സംഭവിക്കാനിടയുണ്ട്​. സിങ്ക് ശരീരത്തിന് അനിവാര്യമായ ധാതു ആണ്​. മുറിവുണക്കുന്നതിന് സിങ്ക് പ്രധാനപ്പെട്ടതാണ്​. എന്നാൽ കോവിഡ്-19നെ പ്രതിരോധിക്കുന്നതിൽ സിങ്കിെൻറ പങ്ക് സംബന്ധിച്ച് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

പുതിയ വിറ്റാമിൻ ഗുളികകൾ, ധാതു പദാർഥങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ്​ ഡോക്ടറുടെ ഉപദേശം തേടണം. ആരോഗ്യകരമായ ഭക്ഷണം, സന്തുലിതമായ ഡയറ്റ്, മതിയായ ഉറക്കം, വ്യായാമം, സാമൂഹിക അകലം പാലിക്കൽ, മറ്റു മുൻകരുതൽ സ്വീകരിക്കൽ എന്നിവ പാലിക്കുന്നുണ്ടെങ്കിൽ വിറ്റാമിൻ ഗുളികകളുടെ ആവശ്യമേയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.