ദോഹ: അടുത്ത വർഷത്തെ പാരിസ് ഒളിമ്പിക്സ് യോഗ്യത റൗണ്ടിലേക്ക് ഇടം പിടിച്ച് ഖത്തർ വോളിബാൾ ടീം. വോളിബാൾ ഫെഡറേഷന്റെ ലോക റാങ്കിങ്ങിൽ 24നുള്ളിൽ ഇടം പിടിച്ചാണ് ഖത്തർ സെപ്റ്റംബർ, ഒക്ടോബറിലായി നടക്കുന്ന യോഗ്യത റൗണ്ടിലേക്ക് ഇടം പിടിച്ചത്.
ഒളിമ്പിക്സ് വോളിബാൾ കോർട്ടിൽ ആദ്യമായി ഇടം ഉറപ്പാക്കാനുള്ള അവസരമാണ് ഖത്തറിന് മുന്നിലെത്തിയത്. നിലവിലെ ലോകറാങ്കിങ്ങിൽ 25ാം സ്ഥാനത്താണ് ഖത്തർ. എന്നാൽ, റഷ്യ അയോഗ്യരാക്കപ്പെടുകയും ആതിഥേയരായ ഫ്രാൻസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിക്കുകയും ചെയ്തതോടെ ഖത്തർ യോഗ്യത റൗണ്ടിനുള്ള 24 ടീമുകളുടെ പട്ടികയിൽ മുന്നിലെത്തി.
24 ടീമുകൾ മൂന്ന് പൂളുകളിലായാണ് യോഗ്യതാ മത്സരം കളിക്കുന്നത്. ബ്രസീൽ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലായി ഈ വർഷം സെപ്റ്റംബർ, ഒക്ടോബറിൽ നടക്കുന്ന ടൂർണമെന്റിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടും. ആതിഥേയരായ ഫ്രാൻസ് ഉൾപ്പെടെ ഏഴ് ടീമുകൾ യോഗ്യത ഉറപ്പിക്കുന്നതിനു പിന്നാലെ, ശേഷിച്ച അഞ്ചു സ്ഥാനങ്ങൾ 2024 ജൂണിലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാവും യോഗ്യത നേടുന്നത്.
യോഗ്യത റൗണ്ട് പൂളിൽ മികച്ച പ്രകടനവുമായി ഒന്നോ രണ്ടോ സ്ഥാനങ്ങൾക്കുള്ളിൽ സ്വന്തമാക്കിയാൽ ഖത്തറിന് അനായാസം ഒളിമ്പിക്സ് യോഗ്യത നേടാൻ കഴിയും. ഏഷ്യയിൽനിന്നും ജപ്പാൻ, ഇറാൻ, ചൈന ടീമുകൾ മാത്രമാണ് ഖത്തറിന് പുറമെ യോഗ്യത റൗണ്ടിൽ ഇടം നേടിയത്. കഴിഞ്ഞ വർഷം പോളണ്ടും സ്ലൊവേനിയയും വേദിയായ ലോക ചാമ്പ്യൻഷിപ്പിൽ ഖത്തർ മത്സരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.