ദോഹ: അറബ് രാജ്യങ്ങളുടെ ചരിത്രത്തിലെതന്നെ ഐതിഹാസികമാവുന്ന ഖത്തർ ശൂറാ കൗൺസിൽ വോട്ടെടുപ്പിലേക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 30 ഇലക്ട്രൽ ജില്ലകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിെൻറ പ്രചാരണ പരിപാടികൾ വ്യാഴാഴ്ചയോടെ അവസാനിച്ചു. നാട്ടിലെ തെരഞ്ഞെടുപ്പ് പോലെ തന്നെ തലേദിനം സ്ഥാനാർഥികൾക്കും വോട്ടർമാർക്കും വിശ്രത്തിേൻറത്. എന്നാൽ, നമ്മുടെ നാട്ടിൽ കാണുന്നപോലെ കൊട്ടിക്കലാശമോ പ്രചാരണമേളകളുടെ ബഹളങ്ങളോ ഒന്നുമില്ലാതെ നിശ്ശബ്ദമായ സമാപനം. രണ്ടാഴ്ച കാലത്തെ പ്രചാരണ കാലയളവിനുള്ളിൽ തങ്ങളുടെ നിലപാടുകളും വാഗ്ദാനങ്ങളും സ്വപ്നങ്ങളുമെല്ലാം വോട്ടർമാരിലെത്തിച്ച ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥികൾൾ. 30 മണ്ഡലങ്ങളിലേക്കായി 226 സ്ഥാനാർഥികളാണ് പ്രഥമ ശൂറാ കൗൺസിലിലേക്ക് ജനവിധിതേടുന്നത്.
ജനങ്ങൾക്ക് തങ്ങളുടെ ശബ്ദം നേരിട്ട് നിയമനിർമാണ സഭകളിലേക്ക് എത്തിക്കുന്നതിനുള്ള സുവർണാവസരം കൂടിയാണിത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ അവകാശവാദങ്ങളെ അവസാനഘട്ടത്തിലും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഓരോ സ്ഥാനാർഥിയും പ്രചാരണരംഗത്ത് സജീവമായി നിലകൊള്ളുന്നത്. സെമിനാറുകളും യോഗങ്ങളുമായി തങ്ങളുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും അവർക്ക് വോട്ടർമാരിലെത്തിക്കാനായി.
ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ദിനം ഏറെ സവിശേഷതകളുള്ള ദിനമാണെന്നും രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ ശബ്ദങ്ങളെ സ്വതന്ത്ര വോട്ടായി രേഖപ്പെടുത്തുന്ന ദിനമാണെന്നും സ്ഥാനാർഥികൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവല വാക്കുകളല്ലെന്നും പ്രായോഗികമായി നടപ്പാക്കാനുള്ളതാണെന്നുമാണ് സ്ഥാനാർഥികൾ പറയുന്നത്. ഖത്തരി സമൂഹത്തിെൻറ ദൈനംദിന ജീവൽ പ്രശ്നങ്ങളിലൂന്നിയാണ് അധിക സ്ഥാനാർഥികളും പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, തൊഴിൽമേഖല, യുവാക്കളുടെ മുന്നേറ്റം, കുടുംബം തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടത്.
വോട്ട് ഉപയോഗപ്പെടുത്തണം
വോട്ടർമാരെല്ലാം തങ്ങളുടെ സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കണമെന്നും രാജ്യത്തിെൻറ ചരിത്രത്തിലെ സുപ്രധാന ഏടായി മാറുന്ന തെരഞ്ഞെടുപ്പിെൻറ ഭാഗമാകണമെന്നും 13ാം നമ്പർ മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന മുഹമ്മദ് യൂസുഫ് അബ്ദുറഹ്മാൻ അൽ മനാ വോട്ടർമാരോട് ആഹ്വാനം ചെയ്തു. പൗരന്മാർ സ്വതന്ത്രമായി നേരിട്ട് തെരഞ്ഞെടുപ്പിൽ ഭാഗമാകുന്ന പ്രഥമ തെരഞ്ഞെടുപ്പാണിതെന്നും അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ അംഗങ്ങളുടെ പ്രവർത്തന പരിചയ വൈവിധ്യം ശൂറാ കൗൺസിലിന് വലിയ നേട്ടമാകുമെന്ന് 21ാം നമ്പർ മണ്ഡലത്തിലെ സ്ഥാനാർഥി റാഷിദ് നാസിർ സരീഅ് അൽ കഅ്ബി അൽ ശർഖ് ദിനപത്രത്തോട് പറഞ്ഞു. മത്സര രംഗത്തെ സ്ത്രീപ്രാതിനിധ്യം സമൂഹത്തിലെ സ്ത്രീകളുടെ പങ്ക് അവഗണിക്കാൻ കഴിയാത്തതാണെന്ന് തെളിയിക്കുന്നതാണെന്നും രാജ്യ പുരോഗതിയിൽ അവരുടെ കൂടി പങ്ക് നിർണായകമാണെന്നും ഖത്തറിൽ പൊതുരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം നേരത്തെതന്നെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.