ദോഹ: മഹാമാരിയുടെ ദുരിതകാലത്തിന് വിട. നഷ്ടങ്ങളും കെടുതികളും മാത്രം സമ്മാനിച്ച പരീക്ഷണകാലത്തിൽനിന്ന് ലോകം പതുക്കെ തലയുയർത്തി തിരികെവരുകയാണ്. ഇൗയ്യാംപാറ്റപോലെ മനുഷ്യർ കൊഴിഞ്ഞുവീണപ്പോഴും പ്രിയപ്പെട്ടവർ ദുരിതക്കിടക്കയിലായപ്പോഴും കൈകോർത്തുനിന്ന് അതിജീവിനത്തിെൻറ കൊടിയടയാളമായി മാറിയ ഖത്തർ ഈ തിരിച്ചുവരവിലും ലോകത്തിന് മാതൃകയാവുന്നു. രോഗവ്യാപനം നിയന്ത്രിച്ച്, സ്വദേശി–വിദേശി വ്യത്യാസമില്ലാതെ വാക്സിനുകൾ നൽകി, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുനൽകി, പൊതുയിടങ്ങളെ മാസ്കിെൻറ കെട്ടുപാടിൽനിന്ന് ഒഴിവാക്കി ഖത്തർ ലോകത്തിന് മുന്നിൽ കുതിക്കുകയാണ്. ജീവിതതാളം വീണ്ടെടുക്കുന്ന ആ കുതിപ്പിൽ 'ഗൾഫ് മാധ്യമവും' ഒപ്പംചേരുന്നു. ഖത്തറിെൻറ മാരത്തൺ കുതിപ്പായ 'ഖത്തർ റൺ 2021' നാളും സമയവും കുറിച്ചുകഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ മഹാമാരിയുടെ രണ്ടാം വരവ് കാരണം മാറ്റിവെച്ച 'ഖത്തർ റൺ 2021' ഒക്ടോബർ 15 വെള്ളിയാഴ്ച മുൻനിശ്ചയിച്ച അതേവേദിയായ ദോഹ ആസ്പയർ പാർക്കിൽതന്നെ നടക്കും. രാവിലെ 6.30നാണ് സ്വദേശികളും വിദേശികളും ഉൾപ്പെടെ വിവിധ രാജ്യക്കാർ തോളോടുതോൾചേർന്നുള്ള പോരാട്ടത്തിന് വെടിമുഴങ്ങുന്നത്. പൂർണമായും കോവിഡ് േപ്രാട്ടോകോൾ പാലിച്ചാവും പരിപാടി. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റാണ് മുഖ്യപ്രായോജകർ.
ഇന്ത്യ, ഖത്തർ, ബ്രിട്ടൻ, അമേരിക്ക, യുക്രെയിൻ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, തുനീഷ്യ, ജർമനി, റഷ്യ, പാകിസ്താൻ, ഫ്രാൻസ് തുടങ്ങിയ വിവിധ രാജ്യക്കാരാണ് ഖത്തർ റൺ 2021ൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ അവസരം. മത്സരാർഥികൾ പുതിയ ബിബ് നമ്പറിലാണ് ഇത്തവണ മത്സരിക്കേണ്ടത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ആരോഗ്യമന്ത്രാലയത്തിെൻറ നിയന്ത്രണങ്ങളുള്ളതിനാൽ 12ന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഖത്തർ റണ്ണിൽ പങ്കെടുക്കാൻ അനുവാദമില്ല. 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് ഇത്തവണ മത്സരം. ഇത് രണ്ടാം തവണയാണ് ഖത്തർ റൺ നടത്തുന്നത്. അൽബിദ പാർക്കിൽ 2020ൽ നടന്ന ആദ്യ എഡിഷൻ ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം. ജൂനിയർ വിഭാഗത്തിൽ മൂന്നു കിലോമീറ്ററിലാണ് മത്സരം. എല്ലാവിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. വിവരങ്ങൾക്ക് 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.