ദോഹ: ഖത്തർ ഫൗണ്ടേഷന്റെ ഈ വർഷത്തെ ദേശീയ കായിക ദിന പ്രവർത്തനങ്ങൾക്ക് ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ ബിൻത് നാസർ തുടക്കം കുറിച്ചു. തുർക്കിയയെയും സിറിയയെയും സഹായിക്കാൻ ‘വാക്ക് ഫോർ എ കോസ്’ എന്ന പേരിൽ വാക്കത്തോണിന് അവർ നേതൃത്വം നൽകി. ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് നടന്ന വാക്കത്തോണിൽ ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സണും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി എന്നിവരും പങ്കെടുത്തു. അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി ധനസമാഹരണം ലക്ഷ്യമിട്ടായിരുന്നു വാക്കത്തോൺ.
‘കഴിഞ്ഞ ആഴ്ച എന്റെ ഹൃദയം വിങ്ങുകയായിരുന്നു. ഈ ദേശീയ കായിക ദിനത്തിൽ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, ഈ നടത്തത്തെക്കുറിച്ച് കേൾക്കുന്നത് വരെ. തുർക്കിയയിലെയും സിറിയയിലെയും ആളുകൾക്ക് ഞങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രകടിപ്പിക്കാനുള്ള അവസരമായി ഈ വാക്കത്തോണിനെ കാണുന്നു. ഈ വർഷത്തെ ദേശീയ കായിക ദിനം ആചരിക്കാനുള്ള മികച്ച മാർഗമാണിത്’ -‘വാക്ക് ഫോർ എ കോസി’ൽ പങ്കെടുത്ത കമ്യൂണിറ്റി അംഗം ഫാത്തിമ അൽ മൊഹന്നദി പറഞ്ഞു.
കായിക ദിനത്തോടനുബന്ധിച്ച് കായികരംഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ ഫൗണ്ടേഷൻ ഇക്കുറി ‘ട്രൈ-എ-ട്രി’ എന്ന പേരിൽ രസകരമായ ട്രയാത്ത്ലൺ സംഘടിപ്പിച്ചു. കായികപരിശീലനത്തിൽ താൽപര്യമുള്ള ആർക്കും ട്രൈ-എ-ട്രിയിൽ പങ്കെടുക്കാം. മുതിർന്നവരുടെയും കുട്ടികളുടെയും വിഭാഗങ്ങളിൽ 100 മീറ്റർ നീന്തൽ, തുടർന്ന് നാലു കിലോമീറ്റർ ബൈക്ക് റേസ്, 1.5 കിലോമീറ്റർ ഓട്ടം എന്നിങ്ങനെയായിരുന്നു മത്സരം. പലരും ആദ്യമായി ട്രയാത്ത്ലണിൽ മത്സരിക്കാനിറങ്ങി.
‘ഈ മത്സരത്തെ പരിചയപ്പെടാനും പങ്കെടുക്കാനും ദേശീയ കായിക ദിനമാണ് എനിക്ക് അവസരം നൽകിയത്. ഖത്തർ ഫൗണ്ടേഷൻ സ്പോർട്സിന്റെ പ്രാധാന്യം തുടർച്ചയായി ഉയർത്തിക്കാട്ടുകയും സമൂഹത്തിൽ അത് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു’, ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്യുന്ന, മുപ്പതുകാരനായ ബ്രിക് സിനെഡിൻ ട്രൈ-എ-ട്രി മത്സരത്തിൽ പങ്കെടുത്തശേഷം പറഞ്ഞു. ഖത്തർ ഫൗണ്ടേഷന്റെ പ്രധാന പങ്കാളിയായി ഖത്തർ ഒളിമ്പിക് കമ്മിറ്റിയും ഉണ്ടായിരുന്നു. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി കായിക പ്രവർത്തനങ്ങൾ നടത്തി. ക്യു.എഫ് സ്കൂളുകൾ എജുക്കേഷൻ സിറ്റിയിലെ സെറിമോണിയൽ ഗ്രീൻ സ്പൈൻ കേന്ദ്രീകരിച്ച് ആവേശകരമായ കായിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഓരോ സ്കൂളിലെയും വിദ്യാർഥികൾ തങ്ങളുടെ തനതായ കഴിവുകളും താൽപര്യങ്ങളും പ്രദർശിപ്പിച്ചു. താരിഖ് ബിൻ സിയാദ് സ്കൂൾ ഖത്തറിന്റെ പരമ്പരാഗത ഗെയിമുകൾ അവതരിപ്പിച്ചപ്പോൾ, ഖത്തർ അക്കാദമി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ ഖത്തർ അത്ലറ്റ് മുംതാസ് ബർഷിമിന്റെ ഹൈജംപ് പ്രദർശിപ്പിച്ചു. ഖത്തർ ലീഡർഷിപ് അക്കാദമിയിലെ വിദ്യാർഥികൾ ജിയു-ജിറ്റ്സുവിലെ തങ്ങളുടെ വൈദഗ്ധ്യമാണ് പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.