ദോഹ: ‘അനിയനും ഗർഭിണിയായ ഭാര്യയും അവരുടെ മൂന്ന് മക്കളും നഷ്ടമായി. എന്റെ ഭാര്യയും മകനും ഭാഗ്യം കൊണ്ടുമാത്രം പരിക്കുകളോടെ രക്ഷപ്പെട്ടു. സുഹൃത്തുക്കളും ഒട്ടേറെ ബന്ധുക്കളും പോയി. നാട്ടുകാരും, വീടും നാടുമെല്ലാം നഷ്ടമായി. 600ലേറെ വീടുകളുള്ളതാണ് ഞങ്ങളുടെ പ്രദേശം. അവിടമെല്ലാം തുടച്ചുനീക്കപ്പെട്ടു. ജീവിതത്തിലെ പ്രിയപ്പെട്ടതെല്ലാം നഷ്ടമായി. ഇനി എവിടെ പോകും. ഇനി ആരുണ്ട് ഞങ്ങൾക്ക്...’ കേട്ടുനിൽക്കുന്നവരുടെയും നെഞ്ചുലക്കുകയാണ് മുണ്ടക്കൈ കാക്കത്തൊടി ഷൗക്കത്ത് എന്ന പ്രവാസിയുടെ വാക്കുകൾ.
കേരളത്തിന്റെ ഹൃദയം തകർത്ത വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ തോരാക്കണ്ണീരുമായി ഇൻഡസ്ട്രിയൽ ഏരിയയിലെ താമസ സ്ഥലത്ത് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഖത്തർ പ്രവാസിയായ ഷൗക്കത്ത്. ദുരന്തത്തിൽ കുടുംബവും വീടും നഷ്ടമായ രണ്ടുപേരാണ് ഖത്തറിൽനിന്നുള്ളത്. മുണ്ടക്കൈ സ്വദേശിയായ മുജീബും, ഷൗക്കത്തും. ദുരന്തവാർത്ത അറിഞ്ഞതിനു പിറകെ ചൊവ്വാഴ്ച ഉച്ചയോടെ തന്നെ മുജീബ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഷൗക്കത്ത് ബുധനാഴ്ച രാവിലെയോടെയും നാട്ടിലേക്ക് മടങ്ങും.
തിങ്കളാഴ്ച അർധരാത്രി 12 ഓടെയാണ് നാട്ടിൽനിന്നും ദുരന്തവാർത്ത എത്തിയതെന്ന് ഷൗക്കത്ത് പറയുന്നു. ‘മലയിൽ ഉരുൾപൊട്ടിയതായും വീടുകൾ തകർത്തുകൊണ്ട് മുണ്ടക്കൈ പ്രദേശത്തേക്ക് വെള്ളം ഒഴുകുന്നതായും അറിയിച്ചുകൊണ്ടായിരുന്നു ആദ്യം വിളിയെത്തുന്നത്. പിന്നീട് ഓരോ വിളിയും നെഞ്ചുലക്കുന്നതായി. നാട്ടിലെ മഹല്ല് വാട്സാപ് ഗ്രൂപ്പുകളിൽ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള മെസേജുകളിലൂടെ ദുരന്തത്തിന്റെ വ്യാപ്തി കൂടിക്കൂടി വരുന്നതായി അറിഞ്ഞു.
അർധരാത്രിയോടെ ആദ്യ ഉരുൾപൊട്ടലുണ്ടായപ്പോൾതന്നെ വീട്ടിൽനിന്നും ഭാര്യയും മകനും ഉയരത്തിലുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ, സഹോദരൻ അഫ്സലിനും കുടുംബത്തിനും രക്ഷപ്പെടാനായില്ല. ഗർഭിണിയായ ഭാര്യയും മൂന്ന് മക്കൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായെന്ന വിവരമാണ് നാട്ടിൽ നിന്നെത്തിയത്. മറ്റൊരു സഹോദരൻ സുൽത്താൻ ഭാര്യാപിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിൽനിന്നും മാറി നിന്നതിനാൽ രക്ഷപ്പെട്ടു. സുഹൃത്തുക്കളും അയൽവാസികളുമായി ഒരുപാട് പേരെയും നഷ്ടമായി’ -തോർന്നു തീർന്ന കണ്ണീരുകൾക്കിടയിൽനിന്നും ഷൗക്കത്ത് ദുരന്തത്തെ വിവരിക്കുന്നു.
പരിക്കേറ്റ ഭാര്യ സകീനയും മകൻ നിഹാസും വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും മകനുമായി ചൊവ്വാഴ്ച പകൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 30 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയായ ഷൗക്കത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മുണ്ടക്കൈയിൽ വീടുവെച്ചത്. പെൺമക്കളെ കെട്ടിച്ചയച്ച്, മകനെ യൂറോപ്പിലേക്ക് പഠനത്തിന് അയക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ പ്രവാസിയുടെ കുടുംബവും സമ്പാദ്യവുമെല്ലാം കലിതുള്ളിയെത്തിയ ഉരുളിലും മലവെള്ളപ്പാച്ചിലിലും തകർന്നത്.
അഞ്ചു മാസം മുമ്പ് നാട്ടിൽ പോയി വന്ന ഇദ്ദേഹം പുതിയ ജോലിക്കായി അന്വേഷിക്കുന്നതിനിടെയാണ് എല്ലാം തകർത്തെറിഞ്ഞ ദുരന്തം സംഭവിക്കുന്നത്. വാർത്തയെത്തിയ നിമിഷം മുതൽ കണ്ണീരിലായ ഷൗക്കത്തിനെ ആശ്വസിപ്പിക്കാൻ പ്രായസപ്പെടുകയാണ് ഇൻഡസ്ട്രിയൽ ഏരിയയിലെ മുറിയിൽ ഒപ്പമുള്ള സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും. വിവരം അറിഞ്ഞതിനു പിറകെ ഖത്തർ കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദും ഷൗക്കത്തിനരികിലെത്തി. വിമാന ടിക്കറ്റ് ഉൾപ്പെടെ സൗകര്യമൊരുക്കാനും കെ.എം.സി.സി സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.