ദോഹ: റഷ്യയിലെ സെൻറ് പീറ്റേഴ്സ് ബർഗിൽ നടന്ന 'സെൻറ് പീറ്റേഴ്സ് ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറ'ത്തിെൻറ പ്രധാന സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഓൺലൈനിലൂടെ പങ്കെടുത്തു. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, അർജൻറീന പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസ്, ബ്രസീൽ പ്രസിഡൻറ് ജയ്ർ ബോൾസനാരോ, ഒാസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് എന്നിവരും പങ്കെടുത്തു.
ചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും അതിപുരാതനമായ നഗരത്തിൽ നടക്കുന്ന ഫോറത്തിൽ ഖത്തറിനെ അതിഥിയായി ക്ഷണിച്ചതിൽ അമീർ നന്ദി അറിയിച്ചു. വാണിജ്യ സാമ്പത്തികമേഖലയിലെ പ്രധാനപ്പെട്ട സംഗമമാണിതെന്ന് അമീർ പറഞ്ഞു. തുടർന്നുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളികളുടെ പരിഹാരമാർഗങ്ങൾ തേടാൻ ഇത്തരം സംഗമങ്ങൾ ഉപകരിക്കും. പൊതുവായ സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരമാർഗങ്ങൾ കണ്ടെത്താനും മേഖല അന്തർദേശീയതല നിക്ഷേപരംഗത്ത് മികച്ച മുന്നേറ്റത്തിന് വഴിെവക്കാനും സാമ്പത്തികഫോറം ഉപകരിക്കും.
ഖത്തറും റഷ്യയും തമ്മിൽ രണ്ടു പതിറ്റാണ്ടിൽ കൂടുതൽ സാമ്പത്തിക നിക്ഷേപ മേഖലകളിൽ അടുത്ത ബന്ധമുണ്ട്. ഖത്തറിെൻറ പ്രധാന സാമ്പത്തിക സുഹൃത്താണ് റഷ്യ. വിവിധ മേഖലകളിൽ പ്രത്യേകിച്ച് ഊർജമേഖലയിൽ അടുത്ത പങ്കാളിയാണ് റഷ്യ. കഴിഞ്ഞ വർഷങ്ങളിൽ ഖത്തറിെൻറ റഷ്യയിലെ നിക്ഷേപം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. വരുംവർഷങ്ങളിൽ അത് കൂടുതൽ ഉയർത്താനാണ് ആഗ്രഹിക്കുന്നത്.
നിക്ഷേപത്തിൽ മാത്രമൊതുങ്ങുന്നതല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. ബന്ധം അന്താരാഷ്ട്രതലത്തിൽ ശക്തിപ്പെടുത്താനാണ് റഷ്യയടക്കമുള്ള മറ്റു രാജ്യങ്ങളുമൊരുമിച്ച് ദോഹ ആസ്ഥാനമായി 'ഗ്യാസ് എക്സ്പോർട്ടിങ് കൺട്രീസ് ഫോറം' (ജി.ഇ.സി.എഫ്) രൂപവത്കരിച്ചത്. ഖത്തർ നിലവിൽ ദേശീയനയം 2030ലേക്ക് കുതിക്കുകയാണ്. സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറ പാതയിലാണ് രാജ്യം.
സ്വകാര്യമേഖലയുടെ പുർണ പിന്തുണയോടുകൂടി നിരവധി പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഗവേഷണം, ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങിയവയിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പുരോഗമിക്കുകയാണ്.
കോവിഡ് എല്ലാ രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. ഒരു രാജ്യത്തിനും ഒറ്റക്കുനിന്ന് കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ലോകം ഒരുമിച്ചാണ് കോവിഡിനെ നേരിടുന്നത്. കോവിഡ് വാക്സിൻ ഉൽപാദനത്തിൽ ആഗോളസമൂഹം ഒരുമിച്ചാണ് പ്രവർത്തിച്ചത്.
വാക്സിൻ ഉൽപാദനത്തിലും വിതരണത്തിലും റഷ്യ നൽകിയ സംഭാവന ഏെറ വലുതാണ്.അതേസമയം, പൊതുവായി മനുഷ്യനെ ബാധിക്കുന വിവിധ പ്രശ്നങ്ങളിൽ നാം ഒരുമിച്ചുനിൽക്കണം. കാലാവസ്ഥാവ്യതിയാനം പോലുള്ള വിഷയങ്ങളിൽ ലോകം ഒരുമിച്ചു പ്രവർത്തിക്കണമെന്നും അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.