ഇറാന് സ്വാഗതം, ഖത്തറിലേക്ക്

ദോഹ: ഇടവേളക്കു ശേഷം ലോകകപ്പിന്‍റെ യോഗ്യത പോരാട്ടങ്ങൾക്ക്​ വീണ്ടും കിക്കോഫ്​ കുറിച്ചപ്പോൾ ഖത്തറിലേക്ക്​ ടിക്കറ്റുകളും മുറിച്ചു തുടങ്ങി. കഴിഞ്ഞ നവംബറിൽ നിർത്തിയിടത്തു നിന്നും ലോകകപ്പ്​ യോഗ്യത പോരാട്ടങ്ങൾക്ക്​ തുടക്കം കുറിച്ചപ്പോൾ ഖത്തറിലേക്ക്​ ആദ്യമെത്തുന്നത്​ ഏഷ്യൻ കരുത്തരായ ഇറാൻ. ആതിഥേയരായ ഖത്തറിനെ മാറ്റിനിർത്തിയാൽ, ഏഷ്യാ വൻകരയിൽ നിന്നും 2022 ലോകകപ്പിന്​ ​ആദ്യം യോഗ്യത നേടുന്നവരായി മാറി ഇറാൻ.

എ.എഫ്​.സി ക്വാളിഫയിങ്​ മൂന്നാം റൗണ്ട്​ ഗ്രൂപ്​ 'എ'യിൽ നിന്നും ഏഴ്​ കളിയിൽ ആറും ജയിച്ചാണ്​ ഇറാന്‍റെ ആധികാരിക പ്രവേശനം. മൂന്നു കളി ബാക്കിനിൽക്കെ, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറാഖിനെ ഏകപ​ക്ഷീയമായ ഒരു ഗോളിനായിരുന്നു തോൽപിച്ചത്​. ഏഷ്യയിൽനിന്നും നാല്​ ടീമുകളാണ്​ നേരിട്ട്​ യോഗ്യത നേടുക. രണ്ട്​ ഗ്രൂപ്പുകളിലായി നടക്കുന്ന മൂന്നാം റൗണ്ടിലെ ആദ്യ രണ്ട്​ സ്ഥാനക്കാർ അനായാസം ഖത്തറിലേക്ക്​ ടിക്കറ്റ്​ നേടും. ശേഷം, രണ്ട്​ ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാർ നാലാം റൗണ്ട്​ കളിക്ക്​ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേഓഫിന്​ യോഗ്യത നേടും. അതുവഴി ജയിച്ചു വന്നാൽ ഖത്തറിലേക്ക്​ ടിക്കറ്റുറപ്പിക്കാം.

ഇറാനു പുറമെ, ദക്ഷിണ കൊറിയയാണ്​ ഗ്രൂപ്​ 'എ'യിൽ നിന്നും ഏറെ സാധ്യതയുള്ളത്​. ഏഴിൽ അഞ്ച്​ ജയവുമായി 17 പോയന്‍റോടെ രണ്ടാം സ്ഥാനത്താണ്​ കൊറിയ.

ഗ്രൂപ്​ 'ബി'യിൽ സൗദി (19), ജപ്പാൻ, (15), ആസ്​ട്രേലിയ (14) ടീമുകൾ ഒപ്പത്തിനൊപ്പം പോരാട്ടത്തിലാണ്​.

നിലവിൽ ഖത്തർ, അർജന്‍റീന, ബ്രസീൽ, ജർമനി, ഡെന്മാർക്​, ഫ്രാൻസ്​, ബെൽജിയം, ക്രൊയേഷ്യ, സ്​പെയിൻ, സെർബിയ, ഇംഗ്ലണ്ട്​, സ്വിറ്റ്​സർലൻഡ്​, നെതർലൻഡ്​സ്​ ടീമുകളാണ്​ ഇതിനകം ഖത്തറിലേക്ക്​ യോഗ്യത നേടിയത്​.

ലോകറാങ്കിങ്ങിൽ 24ാം സ്ഥാനത്തുള്ള ഇറാന്‍റെ തുടർച്ചയായ മൂന്നാം ലോകകപ്പാണിത്​. ആകെ ആറാമത്തെ ലോകകപ്പ്​ പങ്കാളിത്തവും.

Tags:    
News Summary - welcome to iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.