ഇന്നത്തെ കളികൾ
2.30pm ഉസ്ബകിസ്താൻ x തായ്ലൻഡ് (അൽ ജനൂബ് സ്റ്റേഡിയം)
7.00pm സൗദി അറേബ്യ x ദക്ഷിണ കൊറിയ (എജുക്കേഷൻ സിറ്റി സ്റ്റേഡിയം)
ദോഹ: ആരാധക ഹൃദയവും കളിക്കളവും കീഴടക്കിയ പ്രകടനവുമായി ഫലസ്തീൻ ഏഷ്യൻ കപ്പിൽനിന്നും മടങ്ങുന്നു. വൻകര ഫുട്ബാൾ മേളയുടെ പ്രീക്വാർട്ടറിൽ ഏറെ ശ്രദ്ധേയമായ മത്സരത്തിൽ ആതിഥേയരും നിലവിലെ ജേതാക്കളുമായ ഖത്തറിന് മുന്നിൽ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ച് ഫലസ്തീന് മടക്കം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ 2-1നായിരുന്നു ഫലസ്തീന്റെ തോൽവി. ഹസൻ അൽ ഹൈദോസും അക്രം അഫിഫും നേടിയ ഗോളിന്റെ മികവിൽ പ്രീക്വാർട്ടർ കടന്ന ഖത്തർ ക്വാർട്ടറിന്റെ ആവേശപ്പോരാട്ടത്തിലേക്ക് മാർച്ച് ചെയ്തു. ഉസ്ബകിസ്താൻ-തായ്ലൻഡ് മത്സരത്തിലെ വിജയികളായിരിക്കും ക്വാർട്ടറിൽ ഖത്തറിന്റെ എതിരാളികൾ.
ഒരു ഫുട്ബാൾ മത്സരം എന്നതിനേക്കാൾ, ഹൃദയം കൈമാറിയ രണ്ടു രാജ്യങ്ങളെന്ന നിലയിൽ ഏറെ ശ്രദ്ധേയമായിരുന്നു അൽ ബെയ്ത് സ്റ്റേഡിയത്തിലെ മത്സരം. ഗാലറിയിൽ ആവേശം നിറഞ്ഞ ആരാധകർ ഇരു ടീമിനെയും പിന്തുണച്ചു. കളിയുടെ 37ാം മിനിറ്റിൽ ഉദഗ് ദബ്ബാഗിന്റെ തകർപ്പൻ ഗോളിലൂടെ ഫലസ്തീനാണ് മുന്നിലെത്തിയത്. ഖത്തറിന്റെ പ്രതിരോധത്തെ പൊളിച്ച്, കുതിച്ചു പാഞ്ഞ ഉദഗിന്റെ ഷോട്ട് ഗോൾ കീപ്പർ മിഷാൽ ഈസ ബർഷിമിനെയും മറികടന്ന് വലയിൽ പതിച്ചു. ഫലസ്തീന്റെ ഗോൾ നേട്ടം മിനിറ്റുകൾ ആഘോഷത്തോടെയായിരുന്നു ഗാലറിയും വരവേറ്റത്. എന്നാൽ ആദ്യ പകുതി പിരിയും മുമ്പേ അന്നാബികൾ കളിയിൽ തിരിച്ചെത്തി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഹസൻ അൽ ഹൈദോസാണ് അക്രം അഫിഫിന്റെ അസിസ്റ്റിൽ സ്കോർ ചെയ്തത്.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്തും, ഏകോപനവും നിലനിർത്തി കളിച്ച ഖത്തർ 49ാം മിനിറ്റിൽ അക്രം അഫിഫിന്റെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിജയം കുറിച്ചു. അവസാന മിനിറ്റു വരെ ഫലസ്തീൻ പൊരുതിയെങ്കിലും ആതിഥേയ വല കുലുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.