ദോഹ: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി ക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാറിന്റെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹരായ വിഭാഗങ്ങളിലേക്ക് എത്തുന്നില്ലെന്ന് സർക്കാറിന്റെ തന്നെ കണക്കുകൾ വെളിപ്പെടുത്തുന്നു. എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ നൽകിയ മറുപടി പ്രകാരം വിവിധ രാജ്യങ്ങളിലെ എംബസികളിലും ഹൈകമീഷനുകളിലുമായി 571 കോടി രൂപയോളം ചെലവഴിക്കാതെ കിടക്കുന്നുവെന്നാണ് കണക്കുകൾ. ഇതിൽ മലയാളികൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ മാത്രം വിവിധ എംബസികളിലായി 125 കോടിയോളം രൂപയാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത്.
കേസുകളിൽപെടുന്ന പ്രവാസികളുടെ നിയമ പരിരക്ഷ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികൾ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, തൊഴിൽ പ്രശ്നങ്ങളുടെ പേരിൽ കുടുങ്ങുന്നവരെ നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവ് എന്നിവക്കായി വിവിധ എംബസികൾ അനുവദിക്കുന്നതാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. എന്നാൽ, ഓരോ വർഷവും ഈ ഫണ്ടിൽനിന്ന് നാമമാത്രമായ തുക മാത്രമാണ് പ്രവാസി ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രി കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
130 രാജ്യങ്ങളിലായാണ് 571 കോടി രൂപ ഇൗ വർഷം ജൂൺ വരെയായി ബാക്കിയുള്ളത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തുക യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളിലാണ് ബാക്കിയുള്ളത് (38.96 കോടി രൂപ). സൗദി അറേബ്യയിലെ ഇന്ത്യൻ കാര്യാലയങ്ങളുടെ പരിധിയിൽ 34.67 കോടിയും കുവൈത്തിൽ 17.96 കോടിയും ബഹ്റൈനിൽ 14.13 കോടിയും ഖത്തറിൽ 12.50 കോടിയും ഒമാനിൽ 6.06 കോടി രൂപയും ചെലവഴിക്കാതെ അവശേഷിക്കുന്നതായി വി. മുരളീധരൻ സഭയെ അറിയിച്ചു.
ഏറ്റവും കൂടുതൽ ഫണ്ട് അവശേഷിക്കുന്ന എംബസികളിൽ മൂന്നും അഞ്ചും സ്ഥാനത്തുള്ള യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളിൽ 2019 മുതൽ 2023 വരെ കേവലം 16.5 ലക്ഷം, 10.15 ലക്ഷം രൂപ വീതം മാത്രമേ കേസുകളിൽപെട്ട പ്രവാസികൾക്ക് നിയമസഹായം നൽകാനായി ചെലവഴിച്ചിട്ടുള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019 മുതൽ 2023 ജൂൺ 30 വരെയുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ വിശദാംശങ്ങളാണ് മന്ത്രി സഭയെ അറിയിച്ചത്. ആറ് ഗൾഫ് രാജ്യങ്ങളിലായി 90 ലക്ഷത്തോളം പ്രവാസികൾ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് കോടികൾ കൈയിലുണ്ടായിട്ടും നാമമാത്ര തുക ഓരോ വിഭാഗത്തിലുമായി ചെലവഴിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ഇന്ത്യൻ എംബസി, കോൺസുലേറ്റുകൾ എന്നിവ മുഖേന സഹായമായി വിവിധ ആവശ്യങ്ങൾക്ക് ലഭിക്കേണ്ട തുകയാണിതെങ്കിലും പലപ്പോഴും നിഷേധിക്കപ്പെടുന്നതായി പ്രവാസികൾ പരിതപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.