ദോഹ: കുടുംബം ഭദ്രമാക്കാനായി തൊഴിൽ തേടി പ്രവാസലോകത്തെത്തി അതിനിടയിൽ മരണപ്പെടുന്ന നിർധനരായ ഇന്ത്യക്കാർക്ക് അടിയന്തര ആശ്വാസമാവുന്ന തുകയാണ് കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. കഴിഞ്ഞ ദിവസം ലോക്സഭയിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അടക്കമുള്ള അടിയന്തര ഘട്ടങ്ങളിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അതത് രാജ്യങ്ങളിലെ എംബസികൾ വഴി ഉപയോഗപ്പെടുത്താമെന്ന് വിശദീകരിച്ചിരുന്നു.
ഖത്തറിലെ ഇന്ത്യൻ എംബസി വഴി ഇത്തരത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ഐ.സി.ഡബ്ല്യു ഫണ്ട് ഉപയോഗപ്പെടുത്തുന്നതായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തകർ പറയുന്നു.
ഖത്തറിലെ നിയമപ്രകാരം ജീവനക്കാർ നാട്ടിലേക്ക് മടങ്ങുമ്പോഴും മരണാനന്തരം മൃതദേഹം നാട്ടിലെത്തിക്കുമ്പോഴും ചെലവുകൾ കമ്പനി വഹിക്കണമെന്നാണ് ചട്ടം. തങ്ങളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികൾ മരിച്ചാൽ ഒട്ടുമിക്ക കേസുകളിലും അതത് കമ്പനികൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന കാർഗോ ചെലവ് ഉൾപ്പെടെ എല്ലാം വഹിക്കാറുമുണ്ട്. അതേസമയം, സ്പോൺസർ ഇല്ലാതെ ഫ്രീ വിസയിലോ മറ്റോ ജോലി ചെയ്യുന്നവർ മരിക്കുമ്പോഴാണ് നാട്ടിലെത്തിക്കാനുള്ള ചെലവ് പ്രശ്നമായി മാറുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രയാസങ്ങൾ അറിയിച്ച് ഭാര്യയുടെയോ മറ്റോ പേരിൽ അപേക്ഷ നൽകുന്നപക്ഷം, ഇന്ത്യൻ എംബസിയിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആവശ്യമായ തുക അനുവദിക്കുകയാണ് പതിവെന്ന് കൾചറൽ ഫോറം റിപാട്രിയേഷൻ മേധാവി ഷറീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പൊതുവെ മലയാളികൾ ഉൾപ്പെടെ പ്രവാസികൾ മരണപ്പെട്ടാൽ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് പതിവ്. ചെലവ് വഹിക്കാൻ കമ്പനിയോ തൊഴിലുടമയോ ഇല്ലാത്ത സാഹചര്യത്തിൽ ബന്ധുക്കളോ സുഹൃത്തുക്കളോ പ്രാദേശിക കൂട്ടായ്മകളോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് എടുക്കും. എംബസിയിലെ ഐ.സി.ഡബ്ല്യു ഫണ്ടിൽനിന്ന് തുക അനുവദിക്കാൻ ഒരാഴ്ചവരെ കാലതാമസമെടുക്കുമെന്നാണ് അവരുടെ പരാതി. എന്നാൽ, ഇത്തരം സാഹചര്യം എംബസിയിലെ ബന്ധപ്പെട്ടവരെ അറിയിച്ച് അനുമതി വാങ്ങിയശേഷം, നടപടികൾ പൂർത്തിയാക്കി ബില്ലും മറ്റും സമർപ്പിച്ച് ഐ.സി.ഡബ്ല്യു ഫണ്ടിൽനിന്ന് തുക അനുവദിക്കാറുണ്ട്. മാർച്ചിൽ മൻസൂറയിലുണ്ടായ കെട്ടിട ദുരന്തത്തിൽ മരണപ്പെട്ട ചിലരുടെ മൃതദേഹം ഐ.സി.ഡബ്ല്യു ഫണ്ട് ഉപയോഗപ്പെടുത്തിയായിരുന്നു നാട്ടിലെത്തിച്ചത്.
തൊഴിൽ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നവർ, രോഗങ്ങളെ തുടർന്ന് മടങ്ങുന്നവർ എന്നിവർക്കും ഐ.സി.ഡബ്ല്യു ഫണ്ടിൽനിന്ന് തുക വാങ്ങി നൽകാൻ കഴിയുന്നുവെന്ന് ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതി കൺവീനർ കൂടിയായ ഷഫീഖ് പറഞ്ഞു. ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി ഐ.സി.ഡബ്ല്യു ഫണ്ട് ചെലവഴിച്ചതിന്റെയും ബാക്കി തുകയുടെയും കണക്കുകൾ രണ്ടാഴ്ച മുമ്പ് വിദേശകാര്യ സഹമന്ത്രി വെളിപ്പെടുത്തിയിരുന്നു. ആറു ഗൾഫ് രാജ്യങ്ങളിലായി 125 കോടി രൂപയായിരുന്നു ഇക്കഴിഞ്ഞ ജൂൺ 30 വരെ ബാക്കിയുണ്ടായിരുന്നത്. ഇതിൽ ഖത്തറിൽ 12 കോടിയോളം രൂപ ഫണ്ടിൽ ബാക്കിയുണ്ടെന്നാണ് കണക്ക്. നാലര വർഷം; 37.5 ലക്ഷം രൂപ
ഖത്തറിലെ ഇന്ത്യൻ എംബസി 2019 മുതൽ ഈ വർഷം ജൂൺ വരെയായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 37.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിദേശകാര്യ സഹമന്ത്രി രണ്ടാഴ്ച മുമ്പ് എ.എം. ആരിഫ് എം.പിക്ക് നൽകിയ മറുപടി പ്രകാരമുള്ള കണക്കാണിത്.
ഈ വർഷം ആറു മാസത്തിനുള്ളിൽ 8.95 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022ൽ 7.26 ലക്ഷവും 2021ൽ 4.46 ലക്ഷവും 2020ൽ 7.95 ലക്ഷവും 2019ൽ 8.88 ലക്ഷവുമായിരുന്നു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി ചെലവഴിച്ച തുക. സാമ്പത്തികമായി പരാധീനതകൾ അനുഭവിക്കുന്ന പ്രവാസികളാണെങ്കിൽ എംബസി സഹായത്തിനുണ്ടാകുമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.