ദോഹ: അവികസിത രാജ്യങ്ങളുടെ ഉന്നമനത്തിനായി ലോകരാജ്യങ്ങൾക്ക് കൈകോർക്കാൻ ദോഹ പ്രോഗ്രാമും യു.എൻ സമ്മേളനത്തിലെ ദോഹ രാഷ്ട്രീയ പ്രഖ്യാപനവും പ്രധാന വേദിയായെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി പറഞ്ഞു.
ദോഹ പ്രോഗ്രാം ആറ് വിശാല പ്രവർത്തനങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. അവികസിത രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിനുള്ള പ്രധാന പദ്ധതിയാണ് ദോഹ പ്രോഗ്രാമെന്നും എല്ലാവർക്കും ന്യായവും സുസ്ഥിരവുമായ സാമ്പത്തിക വികസനം കൈവരിക്കുന്നതിന് ഇത് പ്രചോദനം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർച്ച് അഞ്ചു മുതൽ ഒമ്പതു വരെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ അവികസിത രാജ്യങ്ങളുടെ പട്ടികയിലുള്ള 46 രാജ്യങ്ങൾ ദോഹയിൽ സമ്മേളിച്ചത്. സാമ്പത്തിക, വ്യവസായ, വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക, ആരോഗ്യ മേഖലകളിൽ ഈ രാജ്യങ്ങളുടെ വികസനം സംബന്ധിച്ച് ചർച്ചചെയ്യുന്നതായിരുന്നു സമ്മേളനം.
അംഗരാജ്യങ്ങൾ, പാർലമെന്റുകൾ, സിവിൽ സമൂഹങ്ങൾ, സ്വകാര്യ മേഖല, അക്കാദമിക് വിദഗ്ധർ, യുവാക്കൾ എന്നിവർ ദോഹ പ്രോഗ്രാം നടപ്പാക്കുന്നതിനും മുൻകാലങ്ങളിലെടുത്ത പ്രതിജ്ഞകൾക്കനുസൃതമായി ആവശ്യമുള്ള ഫലങ്ങൾ കൈവരിക്കുന്നതിനും ഫലപ്രദമായ പങ്ക് വഹിക്കാനുള്ള ഖത്തറിന്റെ പിന്തുണയും അഭിലാഷവും മുറൈഖി പങ്കുവെച്ചു. പ്രഖ്യാപനങ്ങളും ലക്ഷ്യങ്ങളും കടലാസിൽ ഒതുങ്ങാതെ പ്രവർത്തനങ്ങളിലേക്കും മികച്ച ഫലങ്ങളിലേക്കും മാറണമെന്നും പ്രായോഗിക നടപടികളിലൂടെ അവികസിത രാജ്യങ്ങളിലെ ജന ജീവിതത്തിൽ ആഗ്രഹിക്കുന്ന പരിവർത്തനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദോഹ ആക്ഷൻ പ്രോഗ്രാം നടപ്പാക്കാൻ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിൽ നിൽക്കുമെന്ന് ഖത്തർ പ്രതിജ്ഞയെടുക്കുമ്പോൾതന്നെ, ഒരു രാജ്യത്തിനും ഒറ്റക്ക് ഇത് നിറവേറ്റാൻ സാധിക്കുകയില്ലെന്നും എന്നാൽ ഖത്തറിന്റെ മാതൃക പിന്തുടരാനും പിന്തുണക്കാൻ മുൻകൈയെടുക്കാനും പങ്കാളികൾ മുന്നോട്ടുവരണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അഭ്യർഥിച്ചു. അഞ്ചാമത് ഐക്യരാഷ്ട്രസഭ സമ്മേളനത്തിന് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.