ദോഹ: ദീർഘകാലത്തെ മുറവിളിക്കൊടുവിൽ അനുവദിച്ച ഗൾഫിലെ ‘നീറ്റ്’ കേന്ദ്രം വീണ്ടും കടൽ കടക്കുകയോ..?. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ദോഹയിലെ കേന്ദ്രത്തിൽതന്നെ പരീക്ഷയെഴുതി ആശ്വസിച്ച വിദ്യാർഥികൾക്കാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി തീരുമാനം തിരിച്ചടിയാകുന്നത്.
കഴിഞ്ഞ ദിവസമാണ് ‘എൻ.എ.ടി’ അധികൃതർ ഇന്ത്യയിലെ 554 പരീക്ഷ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. മുൻ വർഷത്തെ പരീക്ഷ നഗരങ്ങളുടെ എണ്ണം 499ൽനിന്നും ഇത്തവണ 55 കൂടി വർധിപ്പിച്ചെങ്കിലും ഇന്ത്യക്കു പുറത്തെ 14 നഗരങ്ങളിലെയും പരീക്ഷ സെൻററുകൾ വെട്ടിയത് പ്രവാസി വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകും.
പന്ത്രണ്ടാം തരം പഠനം പൂർത്തിയാക്കി പൊതുപരീക്ഷയും കഴിഞ്ഞ് ഒരുമാസത്തിൽ കുറഞ്ഞ മാത്രം ഇടവേളയിൽ ‘നീറ്റി’നായി ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.
ഖത്തറിലെ ഇന്ത്യൻ എംബസിയുടെയും വിവിധ സാമൂഹിക സംഘടനകളുടെയും രക്ഷിതാക്കളുടെയും ശക്തമായ ഇടപെടലിനെ തുടർന്നായിരുന്നു 2022ൽ ആദ്യമായി ദോഹയിൽ നീറ്റ് സെൻറർ അനുവദിച്ചത്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പരീക്ഷകേന്ദ്രത്തിൽ ആദ്യവർഷം തന്നെ ഖത്തറിൽനിന്നുള്ള 340ഓളം പേർ പരീക്ഷയെഴുതി. കഴിഞ്ഞ വർഷവും ഇവിടെ തന്നെയായിരുന്നു കേന്ദ്രം. 430ൽ ഏറെ വിദ്യാർഥികളാണ് 2023ൽ പരീക്ഷയെഴുതിയത്.
ഇത്തവണ വിവിധ ഇന്ത്യൻ സ്കൂളിൽനിന്നുള്ള വിദ്യാർഥികൾ ഖത്തറിൽ തന്നെ പരീക്ഷയെഴുതാൻ ഒരുങ്ങുന്നതിനിടെയാണ് എല്ലാ ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ കേന്ദ്രങ്ങൾ അധികൃതർ റദ്ദാക്കിയത്. അതേസമയം, വിദേശ കേന്ദ്രങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭ്യമല്ലാത്തതിനാൽ, വരും ദിവസങ്ങളിൽ ഇവ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.
സാധാരണഗതിയിൽ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്കുശേഷം ഏകദേശം ഒരു മാസത്തോളം സമയമാണ് ‘നീറ്റ്’ പരീക്ഷക്ക് തയാറെടുക്കാൻ കുട്ടികൾക്ക് ലഭിക്കുന്നത്. പരീക്ഷയെ ഗൗരവമായി സമീപിക്കുന്ന ഒരു വിദ്യാർഥിയെ സംബന്ധിച്ച് ഈ കാലയളവ് വളരെ പ്രധാനപ്പെട്ടതും അതിസങ്കീർണവുമാണ്. രണ്ടുവർഷം കൊണ്ട് പ്ലസ് വൺ, പ്ലസ് ടു ക്ലാസിൽ പഠിച്ച സിലബസ് മുഴുവൻ വീണ്ടും പഠിക്കാനും ചിട്ടയായ പരിശീലനം നടത്താനും അവർക്ക് കിട്ടുന്നത് ഈ ഒരുമാസം മാത്രമാണ്.
കാലങ്ങളായി ഗൾഫ് നാടുകളിൽ താമസിക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ‘നീറ്റ്’ പരീക്ഷക്ക് കുട്ടികളെ നാട്ടിലേക്ക് അയക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
ലീവിന്റെ ലഭ്യത, വിമാന ടിക്കറ്റ് ലഭ്യതയും നിരക്കും, നാട്ടിലെ താമസസൗകര്യം, കുട്ടികൾക്ക് ശരിയായ മാർഗനിർദേശങ്ങളും പരിശീലനവും നൽകുന്ന സ്ഥാപനങ്ങൾ കണ്ടെത്തുക എന്നീ കാര്യങ്ങളിലെല്ലാം ഇവിടുത്തെ രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങളാണ്.രക്ഷിതാക്കളുടെ പ്രയാസങ്ങൾക്കപ്പുറം ഇത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികളെയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.