ദോഹ: തൊഴിൽ കരാർ അറ്റസ്റ്റേഷന് വേണ്ടിയുള്ള ഇ-സർവിസ് വിപുലീകരിച്ചതായി തൊഴിൽ മന്ത്രാലയം. തൊഴിൽ കരാറുകളുടെ അറ്റസ്റ്റേഷന് വേണ്ടി അപേക്ഷ നൽകുന്നതോടെ മിനിറ്റുകൾക്കകം കരാറുകൾ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് സ്വയം പരിശോധനക്ക് വിധേയമാക്കും.
പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരുന്ന പ്രത്യേക തൊഴിൽ കരാറുകൾ ഒഴികെ എല്ലാ തൊഴിൽ കരാറുകളും പുതിയ സംവിധാനം വഴി പരിശോധിക്കപ്പെടും.
തൊഴിൽ കരാറുകൾ സംബന്ധിച്ച് മന്ത്രാലയം മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഇ-സേവനത്തിലൂടെ പരിശോധിക്കും.
തൊഴിൽ നിയമപ്രകാരം തൊഴിലാളികളുമായുള്ള കരാറുകൾ ഡിജിറ്റലായി അവസാനിപ്പിക്കാനും ഈ സേവനം ഉപയോഗപ്പെടുത്താം. കമ്പനി ഉടമകൾക്ക് സ്മാർട്ട് കാർഡും പാസ്വേഡും ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനം തുറക്കാൻ സാധിക്കും.
പിന്നീട് കരാറിലെ വ്യവസ്ഥകളും മറ്റു വിവരങ്ങളും ചേർക്കുകയും പ്രിൻറ് ചെയ്യുകയും ഇരുകക്ഷികളും ഒപ്പുവെച്ചതിന് ശേഷം ആവശ്യമായ രേഖകൾ ഇതേ സംവിധാനംതന്നെ അപ് ലോഡ് ചെയ്ത് മന്ത്രാലയത്തിൽ സമർപ്പിക്കുകയാണ് രീതി. പിന്നീട് ബാങ്ക് കാർഡ് ഉപയോഗിച്ച് പണമടക്കണം. അറബി ഭാഷയിലും തൊഴിലാളിയുടെ ഭാഷയിലുമായിരിക്കും കരാർ പ്രിൻറ് ചെയ്യേണ്ടത്.
തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ കരാർ ഓഥന്റിക്കേഷൻ സംവിധാനം ഒൺലൈനായി ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.